റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കാന്‍ നടപടികള്‍ ഉണ്ടാകും: ധനമന്ത്രി

റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കാന്‍ നടപടികള്‍ ഉണ്ടാകും: ധനമന്ത്രി

നിലവിലുള്ള മാനദണ്ഡങ്ങള്‍ ഏതു രീതിയില്‍ മികച്ചതായി പരിഷ്‌കരിക്കാന്‍ കഴിയുമെന്നതിനെ കുറിച്ച് പരിശോധിക്കുകയാണ്

ന്യൂഡെല്‍ഹി: റിയല്‍റ്റി മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ചര്‍ച്ച ചെയ്യുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.

റിയല്‍ എസ്റ്റേറ്റ് എന്നത് മറ്റ് പല മേഖലകളുമായും ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നത് സിമന്റ്, സ്റ്റീല്‍ തുടങ്ങിയ വ്യവസായങ്ങള്‍ക്കും വലിയ ഗുണം ചെയ്യുമെന്നും എന്‍എസ്ഇ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേ അവര്‍ പറഞ്ഞു.
റിയല്‍റ്റി മേഖലയെ സഹായിക്കുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങള്‍ ഏതു രീതിയില്‍ മികച്ചതായി പരിഷ്‌കരിക്കാന്‍ കഴിയുമെന്നതിനെ കുറിച്ചാണ് ആര്‍ബിഐ യുമായി ചേര്‍ന്ന് പരിശോധിക്കുന്നത്. നിലവില്‍ റിയല്‍ എസ്റ്റേറ്റ് മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഗണിക്കപ്പെട്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏതു തരത്തിലുള്ള പരിഷ്‌കരണമാണ് ഉണ്ടാകുക എന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടില്ല.

വിപണിയെ ഉത്തേജിപ്പിക്കുന്നതിനും ഉപഭോഗ ആവശ്യകത ഉയര്‍ത്തുന്നതിനുമായി ഓഗസ്റ്റ് മുതല്‍ സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചുവരികയാണ്. കോര്‍പ്പറേറ്റ് നികുതി നിരക്ക് അടുത്തിടെ സര്‍ക്കാര്‍ ഗണ്യമായി വെട്ടിക്കുറച്ചിരുന്നു. ഐഎല്‍ ആന്‍ഡ് എഫ്എസ് ഗ്രൂപ്പ് തിരിച്ചടവുകളില്‍ വീഴ്ച വരുത്തിയതിന് പിന്നാലെ എന്‍ബിഎഫ്‌സികളെ ബാധിച്ച പ്രതിസന്ധി റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പണലഭ്യതയെ ബാധിച്ചിരുന്നു. ഇതിനു പിന്നാലെ എത്തിയ പൊതുവായ വളര്‍ച്ചാ മാന്ദ്യം സ്ഥിതി കൂടുതല്‍ വഷളാക്കി.

സ്ഥിരമായ ചില സഹായ സംവിധാനങ്ങള്‍ ലഭ്യമാക്കിയാല്‍ റിയല്‍റ്റി മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് വ്യക്തമാക്കി നിരവധി ബദല്‍ ഫണ്ടുകള്‍ സമീപിക്കുന്നുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. നിലവില്‍ സ്തംഭിച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സഹായമാകുന്ന തരത്തില്‍ നയപരമായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് വീട് വാങ്ങാന്‍ തയാറെടുക്കുന്നവരും പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു. കുറഞ്ഞ-ഇടത്തരം വില വിഭാഗത്തിലെ മുടങ്ങിപ്പോയ ഭവന പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനായി 20,000 കോടി രൂപയുടെ പ്രത്യേക ഫണ്ട് സൃഷ്ടിക്കുമെന്ന് സീതാരാമന്‍ സെപ്റ്റംബറില്‍ പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: Business & Economy