എംജി ഇസഡ്എസ് ഇവിയുടെ ആദ്യ പ്രൊമോ വീഡിയോ എത്തി

എംജി ഇസഡ്എസ് ഇവിയുടെ ആദ്യ പ്രൊമോ വീഡിയോ എത്തി

ആഗോളതലത്തില്‍ ഇ-ഇസഡ്എസ് എന്നറിയപ്പെടുന്ന ഇലക്ട്രിക് എസ്‌യുവി ഇന്ത്യയില്‍ ഇസഡ്എസ് ഇവി എന്ന പേരില്‍ പുറത്തിറക്കും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ഇലക്ട്രിക് വാഹനത്തിന്റെ ആദ്യ പ്രൊമോഷണല്‍ വീഡിയോ എംജി മോട്ടോര്‍ ഇന്ത്യ പുറത്തുവിട്ടു. കൂടാതെ വാഹനത്തിന്റെ ഇന്ത്യയിലെ ഔദ്യോഗിക നാമം പ്രഖ്യാപിച്ചു. ആഗോളതലത്തില്‍ ഇ-ഇസഡ്എസ് എന്നറിയപ്പെടുന്ന പൂര്‍ണ വൈദ്യുത എസ്‌യുവി ഇന്ത്യയില്‍ ഇസഡ്എസ് ഇവി എന്ന പേരിലായിരിക്കും പുറത്തിറക്കുന്നത്. ഹെക്ടര്‍ എസ്‌യുവിക്കുശേഷം എംജി മോട്ടോര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ മോഡലാണ് ഇസഡ്എസ് ഇവി. ഈ വര്‍ഷം ഡിസംബറിലോ 2020 ജനുവരിയിലോ എംജി ഇസഡ്എസ് ഇവി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

ഇന്ത്യാ സ്‌പെക് മോഡലിന്റെ സാങ്കേതിക സ്‌പെസിഫിക്കേഷനുകള്‍ പ്രഖ്യാപിക്കാന്‍ പോകുന്നതേയുള്ളൂ. യൂറോപ്യന്‍ സ്‌പെക് മോഡലിന്റെ അതേ ഇലക്ട്രിക് പവര്‍ട്രെയ്ന്‍ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കാം. അതായത് 44.5 കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് ഉപയോഗിക്കും. 7 കിലോവാട്ട് ചാര്‍ജര്‍ ഉപയോഗിച്ച് ഏഴ് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയും. എന്നാല്‍ 50 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 80 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യാന്‍ 40 മിനിറ്റ് മതി. 141 ബിഎച്ച്പി കരുത്തും 353 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് സിങ്ക്രണസ് മോട്ടോര്‍. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാം.

വജ്രങ്ങള്‍ പതിപ്പിച്ചതെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള എംജിയുടെ സവിശേഷ ഗ്രില്‍, ഗ്രില്ലിന് ചുറ്റും ക്രോം, ഇരുവശങ്ങളിലുമായി ഷാര്‍പ്പ് എല്‍ഇഡി ഹെഡ്‌ലാംപുകള്‍ എന്നിവ എംജി ഇസഡ്എസ് ഇവിയില്‍ കാണാനാകും. സ്റ്റൈലിഷ് അലോയ് വീലുകള്‍, സില്‍വര്‍ റൂഫ് റെയിലുകള്‍, ഇന്‍ഡിക്കേറ്ററുകളോടുകൂടിയ റിയര്‍ വ്യൂ പുറം കണ്ണാടികള്‍ എന്നിവയും ലഭിച്ചു. ഇലക്ട്രിക് വാഹനത്തില്‍ ഓവര്‍ ദ എയര്‍ (ഒടിഎ) സാങ്കേതികവിദ്യ ഉണ്ടായിരിക്കും. ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് (50 കിലോവാട്ട്) സൗകര്യമൊരുക്കുന്നതിന് എംജി മോട്ടോര്‍ ഇന്ത്യയും ഫോര്‍ട്ടം ഇന്ത്യയും നേരത്തെ പങ്കാളിത്തം സ്ഥാപിച്ചിരുന്നു.

Comments

comments

Categories: Auto