വാട്‌സ് ആപ്പ് ചോര്‍ച്ച, കൂടംകുളം സൈബര്‍ ആക്രമണം; ഇന്ത്യയുടെ സൈബര്‍ സുരക്ഷ അപകടത്തില്‍

വാട്‌സ് ആപ്പ് ചോര്‍ച്ച, കൂടംകുളം സൈബര്‍ ആക്രമണം; ഇന്ത്യയുടെ സൈബര്‍ സുരക്ഷ അപകടത്തില്‍

സമീപദിവസങ്ങളില്‍ പുറത്തുവന്ന രണ്ട് വാര്‍ത്തകള്‍ ഇന്ത്യയെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ്. ഒന്ന് വാട്‌സ് ആപ്പ് ചോര്‍ച്ച സംബന്ധിച്ചതായിരുന്നു. രണ്ടാമത്തേത് കൂടംകുളം ആണവനിലയത്തിനു നേരേ നടന്ന സൈബര്‍ ആക്രമണം. റിസീവര്‍ക്കും സെന്‍ഡര്‍ക്കും അല്ലാതെ മൂന്നാമതൊരാളിലേക്കു വാട്‌സ് ആപ്പ് പ്ലാറ്റ്‌ഫോമില്‍നിന്നുള്ള വിവരങ്ങള്‍ ചോരില്ലെന്ന ധാരണ നമ്മളില്‍ പലര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ ആ ധാരണ ആകെ മാറി. ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയര്‍ വാട്‌സ് ആപ്പ് ചോര്‍ത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നെന്ന വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ശ്രവിച്ചത്. വാട്‌സ് ആപ്പിന് ലോകമൊട്ടാകെ 150 കോടി യൂസര്‍മാരുണ്ടെന്നാണു കണക്കാക്കുന്നത്. ഇന്ത്യയില്‍ 40 കോടി യൂസര്‍മാരുണ്ടെന്നും കണക്കാക്കുന്നു. വാട്‌സ് ആപ്പ് വിവരങ്ങള്‍ ചോര്‍ന്നാല്‍ അതിനര്‍ഥം നിരവധി പേരെ ബാധിച്ചെന്നാണ്. ഇത് ആശങ്കയുളവാക്കുന്ന കാര്യമാണ്. വാട്‌സ് ആപ്പ് പ്ലാറ്റ്‌ഫോം ഹാക്കിംഗിനു വിധേയമായെന്ന റിപ്പോര്‍ട്ട് സുരക്ഷിതമായ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് മാറാന്‍ ആളുകളെ പ്രേരിപ്പിക്കുമെന്നത് ഉറപ്പാണ്. പക്ഷേ ഏത് പ്ലാറ്റ്‌ഫോമാണു പൂര്‍ണമായും സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നതെന്ന ചോദ്യത്തിന് ഉത്തരമില്ല.

പെഗാസസ് എന്ന ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു നാല് വന്‍കരകളിലായി ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളിലെ 1400 ഓളം ഉപഭോക്താക്കളുടെ ഫോണുകളില്‍ ചാരന്മാര്‍ നുഴഞ്ഞുകയറിയതായുള്ള വാര്‍ത്തകളാണു കുറച്ചു ദിവസങ്ങളിലായി രാജ്യം ചര്‍ച്ച ചെയ്യുന്നത്. ഇങ്ങനെ നുഴഞ്ഞു കയറിയവര്‍ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്നും പറയപ്പെടുന്നു. വാട്‌സ് ആപ്പ് കമ്പനി തന്നെയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം വാട്‌സ് ആപ്പിന്റെ ഉടമസ്ഥരായ ഫേസ്ബുക്കാണ് അറിയിച്ചത്.

മാധ്യമ പ്രവര്‍ത്തകരെയും, ആക്ടിവിസ്റ്റുകളെയും, രാഷ്ട്രീയ പ്രവര്‍ത്തകരെയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും, മനുഷ്യാവകാശ പ്രവര്‍ത്തകരെയും, നയതന്ത്രജ്ഞരെയും ലക്ഷ്യമിട്ടായിരുന്നു ചോര്‍ത്തല്‍. ചാരപ്രവൃത്തി നടത്തിയ എന്‍എസ്ഒ എന്ന ഇസ്രയേല്‍ ആസ്ഥാനമായ സൈബര്‍ കമ്പനി പെഗാസസ് മാത്രമല്ല, ക്യൂസ്യൂട്ട്, ട്രൈഡന്റ് എന്നീ പേരുകളില്‍ ചാരപ്രവൃത്തിക്കായി സ്‌പൈവേറുകള്‍ അഥവാ ചാരപ്രവൃത്തിക്കുള്ള സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ വികസിപ്പിച്ചിരുന്നു. പെഗാസസ് എന്ന സ്‌പൈവേറുകള്‍ യൂസര്‍ അഥവാ ഉപയോക്താവ് അറിയാതെ യൂസറിന്റെ ഇടപെടല്‍ ഇല്ലാതെ ഫോണിലേക്കു കയറിപ്പറ്റാന്‍ പ്രാപ്തിയുള്ളവയാണ്. വാട്‌സ് ആപ്പിലെ സാങ്കേതിക പിഴവ് മുതലെടുത്താണു പെഗാസസ് ഫോണുകളിലേക്കു നുഴഞ്ഞു കയറിയത്. ടൊറന്റോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സിറ്റിസണ്‍ ലാബിലെ വിദഗ്ധരാണ് പെഗാസസിന്റെ നുഴഞ്ഞു കയറ്റത്തെ കുറിച്ചു കണ്ടെത്തിയത്. ആഫ്രിക്ക, യൂറോപ്പ്, പശ്ചിമേഷ്യ, ലാറ്റിനമേരിക്ക എന്നിവടങ്ങള്‍ക്കു പുറമേ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലും പെഗാസസ് ഉപയോഗിച്ചു ചാരപ്രവൃത്തി നടത്തി. വാട്‌സ് ആപ്പ് ഹാക്കിംഗിനു കുപ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുള്ള കമ്പനിയാണ് എന്‍എസ്ഒ. ഇവര്‍ ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവരാണെങ്കിലും അമേരിക്കയിലെ ഫ്രാന്‍സിസ്‌കോ പാര്‍ട്‌ണേഴ്‌സ് മാനേജ്‌മെന്റാണ് ഉടമകള്‍. വിശ്വസിക്കാവുന്ന, വിവരങ്ങള്‍ മൂന്നാമതൊരാള്‍ക്കു ചോരില്ലെന്ന് ഉറപ്പിക്കാവുന്ന മെസേജിംഗ് ആപ്പ് എന്നൊക്കെയുള്ള വിശേഷണങ്ങള്‍ വാട്‌സ് ആപ്പിന് ഇത്രയും കാലം സ്വന്തമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വാട്‌സ് ആപ്പിനെ ഒരു വലിയ വിഭാഗം ആളുകള്‍ സംശയദൃഷ്ടിയോടെ നോക്കി കാണുവാന്‍ തുടങ്ങിയിരിക്കുന്നു. പലരും മറ്റ് ആപ്പുകളിലേക്ക് മാറുന്നതിനെ കുറിച്ചും ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ്. സന്ദേശം അയയ്ക്കുന്നവര്‍ക്കും, സ്വീകരിക്കുന്നവര്‍ക്കും ഒഴികെ മറ്റാര്‍ക്കും സന്ദേശങ്ങള്‍ വായിക്കുന്നതിനോ, മനസിലാക്കുന്നതിനോ സാധിക്കാത്ത സംവിധാനത്തെയാണല്ലോ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്നു വിളിക്കുന്ന്. വാട്‌സ് ആപ്പ് പോലെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഉപയോഗിക്കുന്ന മറ്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകളുണ്ട്. അവയില്‍ ചിലതാണ് ഐ മെസേജ്, വയര്‍, സിഗ്നല്‍, ടെലിഗ്രാം എന്നിവ. ഇവയില്‍ ടെലിഗ്രാമിനു ഹോങ്കോങ് പോലുള്ള നഗരങ്ങളില്‍ വലിയ തോതില്‍ സ്വീകാര്യത ലഭിച്ചിട്ടുള്ളവയാണ്. അവിടെ സമീപകാലത്ത് അരങ്ങേറിയ പ്രക്ഷോഭങ്ങളില്‍ ആക്ടിവിസ്റ്റുകള്‍ ഉപയോഗിച്ചിരുന്നതും ടെലിഗ്രാമായിരുന്നു. ടെലിഗ്രാമിനു പുറമേ ഐ മെസേജ്, വയര്‍ തുടങ്ങിയ മെസേജിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്കും സ്വീകാര്യതയേറിയിരിക്കുകയാണ്.

ഐ മെസേജ്

ഐ മെസേജ് ആപ്പിള്‍ നല്‍കുന്ന സേവനമാണ്. ഇത് ഉയര്‍ന്ന സുരക്ഷ പ്രദാനം ചെയ്യുന്നവയാണ്. പക്ഷേ, ഇതിന്റെ ഒരു പോരായ്മയായി കണക്കാക്കുന്നത് ഈ സേവനം ഐ ഫോണിലോ അല്ലെങ്കില്‍ ആപ്പിളിന്റെ ഉപകരണങ്ങളിലോ മാത്രമാണ് ലഭ്യമാവുക എന്നതാണ്. സന്ദേശം അയയ്ക്കുന്നയാളിനും സ്വീകരിക്കുന്നയാളിനും ഐ ഫോണോ ആപ്പിളിന്റെ ഉപകരണങ്ങളോ സ്വന്തമായി വേണം. യുഎസ് ഉള്‍പ്പെടെയുള്ള വിപണികളില്‍ ആപ്പിളിന്റെ ഐ മെസേജ് സേവനം നിരവധി പേര്‍ ഉപയോഗിക്കുന്നുണ്ട്.

വയര്‍

വോയ്‌സ്/വീഡിയോ കോള്‍, കോണ്‍ഫറന്‍സ് കോള്‍, ഫയല്‍ ഷെയറിംഗ്, മെസഞ്ചര്‍, ഫയല്‍ ഷെയറിംഗ് എന്നിവയിലുട നീളം എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാറ്റ്‌ഫോമാണ് വയര്‍. വ്യക്തിഗത ഉപയോഗത്തിനു മെസേജിംഗ് സര്‍വീസ് വയറില്‍ സൗജന്യമാണ്. എന്നാല്‍ സ്ഥാപനങ്ങള്‍ക്കായി വയറിന്റെ പണമടച്ചുള്ള പതിപ്പുമുണ്ട് അഥവാ പെയ്ഡ് വേര്‍ഷനുമുണ്ട്. ഇതിലും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനമുണ്ട്. ആന്‍ഡ്രോയ്ഡ്, ഐ ഒഎസ്, വിന്‍ഡോസ്, മാക് ഒഎസ്, ലിനക്‌സ് എന്നീ ഒഎസുകളിലും ക്രോം, ഫയര്‍ഫോക്‌സ്, എഡ്ജ്, ഒപേറ എന്നീ ബ്രൗസറുകളിലും വയര്‍ പ്രവര്‍ത്തിക്കും.

സിഗ്നല്‍

സിഗ്നല്‍ എല്ലാവര്‍ക്കും സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കുന്ന പ്ലാറ്റ്‌ഫോമാണ്. ഈ പ്ലാറ്റ്‌ഫോമില്‍ മെസേജുകളും കോളുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആണ്. ഇതിന്റെ മറ്റൊരു പ്രത്യേകതയെന്നു പറയുന്നത് മെസേജുകള്‍ അപ്രത്യക്ഷമായി പോകുന്നു എന്നതാണ്. അതായത്, സന്ദേശങ്ങള്‍ എപ്പോള്‍ മാഞ്ഞു പോകണമെന്നത് യൂസര്‍ക്ക് ഇഷ്ടാനുസരണം സമയം തെരഞ്ഞെടുക്കാം. ഐ ഫോണ്‍, ആന്‍ഡ്രോയ്ഡ് ഒഎസിനു പുറമേ ഡെസ്‌ക് ടോപ്പിലും സിഗ്നല്‍ ഉപയോഗിക്കാം. വാട്‌സ് ആപ്പും ഫേസ്ബുക്ക് മെസഞ്ചറും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനു വേണ്ടി സിഗ്നല്‍ വികസിപ്പിച്ചെടുത്ത പ്രോട്ടോകോളാണ് ഉപയോഗിക്കുന്നത്. സുരക്ഷ, സ്വകാര്യത കണക്കിലെടുക്കുമ്പോള്‍ ഏറ്റവും വിശ്വസനീയമായ ആപ്പുകളില്‍ ഒന്നാണു സിഗ്നലെന്നാണു വിദഗ്ധര്‍ പറയുന്നത്. വാട്‌സ് ആപ്പിന്റെ സഹസ്ഥാപകനും പിന്നീട് വാട്‌സ് ആപ്പില്‍നിന്നും പടിയിറങ്ങുകയും ചെയ്ത ബ്രയാന്‍ ആക്ടണ്‍ സിഗ്നലിനു പിന്തുണ നല്‍കുന്നുണ്ട്. നാല് വര്‍ഷം മുമ്പാണു സിഗ്നല്‍ ലോഞ്ച് ചെയ്തത്.

ഒരു മെസേജിംഗ് ആപ്പും സുരക്ഷിതമല്ല

ഇന്ന് സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും വലിയ വില കല്‍പ്പിക്കുന്നൊരു കാലമാണ്. ടെക്‌നോളജി കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വിപണനം ചെയ്യാനായി ഉയര്‍ത്തിക്കാണിക്കുന്നത് മേല്‍സൂചിപ്പിച്ച രണ്ട് കാര്യങ്ങളാണ്. എന്നാല്‍ എത്രയൊക്കെ സുരക്ഷ പ്രദാനം ചെയ്യുമെന്നു പറഞ്ഞാലും ഒരു മെസേജിംഗ് ആപ്പും പൂര്‍ണമായും സുരക്ഷിതമല്ലെന്നാണു സൈബര്‍ സുരക്ഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പറയുന്നത്. ഇന്റര്‍നെറ്റുമായി ബന്ധം വരുന്ന ഏതൊരു ആപ്പിനും അപകട സാധ്യതയുണ്ട്. ഒരു ഉപഭോക്താവിന്റെ വീക്ഷണകോണില്‍നിന്നും നോക്കുമ്പോള്‍ മെസേജിംഗ് ആപ്പിന്റെ സുരക്ഷ ഉറപ്പാക്കാന്‍ വളരെയധികം പരിമിതിയുണ്ട്. ആയതിനാല്‍ ആപ്പുകളെ കേടുപാടുകളില്‍നിന്നും മറ്റ് സുരക്ഷാ സംബന്ധിയായ ഭീഷണികളില്‍നിന്നും സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്വം നിക്ഷിപ്തമായിരിക്കുന്നത് തീര്‍ച്ചയായും ഡെവലപ്പര്‍മാരിലാണ്.

150 കോടി പേര്‍ ഉപയോഗിക്കുന്ന വാട്‌സ് ആപ്പ്

ലോകത്തില്‍ ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്‌ഫോമാണു വാട്‌സ് ആപ്പ്. 180 രാജ്യങ്ങളിലായി ഏകദേശം 150 കോടി പേര്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഒരു ഉപയോക്താവ് ശരാശരി പ്രതിദിനം 23 തവണയില്‍ കൂടുതലായി വാട്‌സ് ആപ്പ് പരിശോധിക്കുന്നുണ്ട്. യൂസര്‍മാരില്‍ 58 ശതമാനവും ഒരു ദിവസം നിരവധി തവണ വാട്‌സ് ആപ്പിലേക്ക് പ്രവേശിക്കുന്നുമുണ്ട്. യുഎസിലെ വാട്‌സ് ആപ്പ് ഉപയോക്താക്കളുടെ എണ്ണം 2021 ഓടെ 25.6 ദശലക്ഷമായി ഉയരുമെന്നാണ് പ്രവചനം. ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത മൂന്നാമത്തെ ആന്‍ഡ്രോയ്ഡ് ആപ്പ് ആണ് വാട്‌സ് ആപ്പ്. ചൈന ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ വാട്‌സ് ആപ്പ് നിരോധിച്ചിരിക്കുന്നു. വാട്‌സ് ആപ്പിന് ബിസിനസ് ആപ്പ് ഉണ്ട്. വാട്‌സ് ആപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കുന്ന മൂന്ന് ദശലക്ഷത്തോളം കമ്പനികളുള്ളതായി കണക്കാക്കുന്നു. 150 കോടിയോളം യൂസര്‍മാരുള്ള ഒരു കമ്പനിയില്‍ ആയിരക്കണക്കിനു ജീവനക്കാരുണ്ടെന്നു മിക്ക ആളുകളും കരുതും. പക്ഷേ, വാട്‌സ് ആപ്പ് മെസേജിംഗ് ആപ്പ് സാമ്രാജ്യം കെട്ടിപ്പടുത്തത് 55 ജീവനക്കാരും 50 എന്‍ജിനീയര്‍മാരും ചേര്‍ന്നാണ്. കമ്പനി മാര്‍ക്കറ്റിംഗ് അല്ലെങ്കില്‍ പിആര്‍ ജീവനക്കാരെ നിയമിച്ചിട്ടുമില്ലെന്നതും ശ്രദ്ധേയമാണ്. 2014 ഫെബ്രുവരിയിലാണ് വാട്‌സ് ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്തതായി പ്രഖ്യാപിച്ചത്. 19 ബില്യന്‍ ഡോളറിനായിരുന്നു ഏറ്റെടുക്കല്‍. ഫേസ്ബുക്ക് വാട്‌സ് ആപ്പിനെ ഏറ്റെടുക്കുന്നതിനു മുമ്പ് ഗൂഗിള്‍ 10 ബില്യന്‍ ഡോളര്‍ വാട്‌സ് ആപ്പിന് വാഗ്ദാനം ചെയ്തിരുന്നെന്നാണ് റിപ്പോര്‍ട്ട്.

കൂടംകുളത്ത് ഉത്തരകൊറിയ ലക്ഷ്യമിട്ടത് ഇന്ത്യയുടെ ആണവശാസ്ത്രജ്ഞരെയോ ?

തമിഴ്‌നാട്ടിലെ കൂടംകുളം ആണവോര്‍ജ്ജ പ്ലാന്റിലെ അഡ്മിനിസ്‌ട്രേറ്റീവ് നെറ്റ്‌വര്‍ക്കിനു നേരേ നടന്ന മാല്‍വേര്‍ ആക്രമണം ഉത്തര കൊറിയയില്‍നിന്നായിരുന്നെന്നു ദക്ഷിണ കൊറിയയിലെ ഇഷ്യു മേക്കേഴ്‌സ് ലാബ് എന്ന ഇന്റലിജന്‍സ് സംഘടന അറിയിച്ചു. ഇതിനുള്ള തെളിവ് തങ്ങളുടെ കൈവശമുണ്ടെന്നും അവര്‍ പറഞ്ഞു. ആണവോര്‍ജ്ജ കമ്മീഷന്‍ ചെയര്‍മാനും മുന്‍ ബാര്‍ക് ഡയറക്ടറുമായ അനില്‍ കകോദ്കര്‍, ആണവോര്‍ജ്ജ റെഗുലേറ്ററി ബോര്‍ഡ് മുന്‍ തലവന്‍ എസ്.എ.ദരദ്വാജ് എന്നിവരെയും ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടിരുന്നതായിട്ടാണ് ദക്ഷിണ കൊറിയന്‍ ഇന്റലിജന്‍സ് പറയുന്നത്. കൂടംകുളം പ്ലാന്റിലെ കമ്പ്യൂട്ടര്‍ അഡ്മിനിസ്‌ട്രേറ്റീവ് ആവശ്യങ്ങള്‍ക്കായി ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരുന്നു. ഇതാണ് ഹാക്കര്‍മാര്‍ ആക്രമണം നടത്താന്‍ പ്രയോജനപ്പെടുത്തിയത്. ഹാക്കര്‍മാരിലൊരാള്‍ ഉത്തര കൊറിയയില്‍ തന്നെ വികസിപ്പിച്ചെടുത്ത, അവിടെ തന്നെ ഉപയോഗിക്കുന്ന കമ്പ്യൂട്ടറാണ് ഉപയോഗിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്. ഹാക്കര്‍മാരിലൊരാള്‍ ഉപയോഗിച്ച ഐപി വിലാസം ഉത്തര കൊറിയയിലെ പ്യോംഗ്യാങിലുള്ളതാണെന്നും ദക്ഷിണ കൊറിയയുടെ സൈബര്‍ സുരക്ഷാ വിദഗ്ധര്‍ കണ്ടെത്തുകയുണ്ടായി. ഇന്ത്യയ്ക്കു നേരേ നടത്തിയ മാല്‍വേര്‍ ആക്രമണത്തിലൂടെ ഉത്തര കൊറിയ പ്രധാനമായും ലക്ഷ്യമിട്ടത് ചാരവൃത്തിയായിരുന്നു. ഇന്ത്യ തോറിയം ന്യൂക്ലിയര്‍ പവര്‍ ടെക്‌നോളജിയില്‍ മികവ് പുലര്‍ത്തുന്ന രാജ്യമാണ്. യുറേനിയം ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിനു ബദലാകാന്‍ പ്രാപ്തിയുള്ളതാണു തോറിയം പവര്‍ പ്ലാന്റ്. തോറിയമാണ് ഇന്ത്യന്‍ ആണവനിലയങ്ങളില്‍ ഉപയോഗിക്കുന്നത്. ഇതാണ് ഇന്ത്യയ്ക്കു നേരേ സൈബര്‍ ആക്രമണം നടത്താന്‍ ഉത്തര കൊറിയന്‍ ഹാക്കര്‍മാരെ പ്രേരിപ്പിക്കുന്നതെന്നാണു വിദഗ്ധര്‍ കരുതുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ ഹാക്കര്‍മാര്‍ ഇതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. യുറേനിയത്തില്‍നിന്നും മാറി തോറിയം ഉപയോഗിച്ചുള്ള ഊര്‍ജോല്‍പാദനത്തിനുള്ള ശ്രമം ഉത്തര കൊറിയ നടത്തുന്നുണ്ട്. ഇതിനുള്ള സാങ്കേതികവശം തേടുകയാണ് അവര്‍. ഇന്ത്യന്‍ ആണവനിലയങ്ങളിലെ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളില്‍ കടന്നുകയറിയാല്‍ സാങ്കേതികത മോഷ്ടിക്കാനാകുമെന്നു ഹാക്കര്‍മാര്‍ വിശ്വസിക്കുന്നുണ്ട്. അതിനു വേണ്ടി അവര്‍ ഡി ട്രാക്ക് എന്ന കമ്പ്യൂട്ടര്‍ വൈറസ് അവര്‍ വികസിപ്പിക്കുകയും ചെയ്തു. ഡി ട്രാക്ക് ഉപയോഗിച്ചാണു സൈബര്‍ ആക്രമണം നടത്തിയത്. ഒക്ടോബര്‍ 30നായിരുന്നു കൂടംകുളം ആണവനിലയത്തിനു നേരേ സൈബര്‍ ആക്രമണം നടന്നത്.

സൈബര്‍ സുരക്ഷ കുറ്റമറ്റതാവണം

ഇന്ത്യയുടെ 2013-ലെ സൈബര്‍ സുരക്ഷാ നയം തുറന്നതും സാങ്കേതികപരമായി നിഷ്പക്ഷവുമാണ്. എന്നാല്‍ ഇത് നവീകരിക്കേണ്ടതുണ്ടെന്നാണു സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ന് ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ മൊത്തം സമ്പദ് വ്യവസ്ഥയുടെ 14-15 ശതമാനം ഉള്‍ക്കൊള്ളുന്നു. ഇത് 2024 ഓടെ 20 ശതമാനത്തിലെത്താന്‍ സാധ്യതയുമുണ്ട്. ഇന്ത്യയില്‍ 120-ലധികം അംഗീകൃത ഡാറ്റ സെന്ററുകളും ക്ലൗഡുമുണ്ട് (ക്ലൗഡ് കമ്പ്യൂട്ടിംഗ്).
ഒരു വ്യക്തിയുടെ ശരാശരി ഡാറ്റ ഉപഭോഗം പ്രതിവര്‍ഷം 15-20 ജിഗാബൈറ്റ് പരിധിയിലാണ്. ഡാറ്റ ജനറേറ്റ് ചെയ്യുന്നതില്‍ വളര്‍ച്ചയുണ്ടാകുമെന്നു കരുതുന്നത് 35 ശതമാനമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഡാറ്റാ അനലിറ്റിക്‌സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ് എന്നിവ കൂടി രംഗപ്രവേശം ചെയ്യുന്നതോടെ അല്ലെങ്കില്‍ വികസിക്കുന്നതോടെ സൈബറിടം അഥവാ സൈബര്‍ സ്‌പേസ് ഒരു സങ്കീര്‍ണമായ ഇടമായി മാറും. ആരോഗ്യ സംരക്ഷണം, ചില്ലറ വ്യാപാര രംഗം, ഊര്‍ജ്ജരംഗം, മാധ്യമ മേഖല തുടങ്ങിയ മേഖലകള്‍ നിരന്തരമായ ഭീഷണികളെ നേരിടുകയാണ് ഇപ്പോള്‍ തന്നെ. സമീപദിവസം പുറത്തുവന്ന വാട്‌സ് ആപ്പ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തന്നെ ഉദാഹരണമാണ്. എടിഎം,ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്നതടക്കം വലിയ വലിയ സൈബര്‍ ആക്രമണങ്ങളാണ് ഓരോ ദിവസവും കഴിയുമ്പോള്‍ വര്‍ധിച്ചു വരുന്നത്.ഇതിനെ നേരിടാന്‍ ശക്തവും കുറ്റമറ്റതുമായ സംവിധാനം ആവശ്യമായി വന്നിരിക്കുകയാണ്.

യുഎസും ചൈനയും കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് യൂസര്‍മാര്‍ ഏറ്റവുമധികമുള്ള രാജ്യമാണ് ഇന്ത്യ. 2012നും 2017നുമിടയില്‍ ആറ് മടങ്ങിന്റെ വര്‍ധനയാണ് ഇക്കാര്യത്തിലുണ്ടായത്. ഈ സാഹചര്യത്തില്‍ സൈബര്‍ സുരക്ഷയ്ക്ക് അതീവ പ്രാധാന്യമാണുള്ളതെന്നു സൈബര്‍ സുരക്ഷാവിദഗ്ധര്‍ പറയുന്നു. ഇന്ന് നേരിടുന്ന സൈബര്‍ ആക്രമണ ഭീഷണി 96 ശതമാനവും രാജ്യത്തിനു പുറത്തുനിന്നാണ്. ഇതില്‍ തന്നെ ഭൂരിഭാഗവും സാമ്പത്തിക നേട്ടത്തിനു വേണ്ടിയുമാണ്. ബാക്കി നാല് ശതമാനം മാത്രമാണു ചാരവൃത്തിക്കു വേണ്ടി നടക്കുന്നത്. ചൈന, റഷ്യ, സിംഗപ്പൂര്‍, കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇന്ത്യയ്‌ക്കെതിരേ ഭൂരിഭാഗം സൈബര്‍ ആക്രമണങ്ങളും അരങ്ങേറുന്നത്. ഇന്ത്യ കൂടുതല്‍ ഡിജിറ്റൈസ് ചെയ്യപ്പെടുകയാണ്. ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഡാറ്റ സെന്‍ട്രലൈസ് ചെയ്യാന്‍ പോവുകയാണ്. ഈ പശ്ചാത്തലത്തില്‍ രാജ്യം സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നു സൈബര്‍ സുരക്ഷാ വിദഗ്ധര്‍ പറയുന്നു.

Comments

comments

Categories: Top Stories