ഇന്ത്യയുടെ സ്വര്‍ണ ഉപഭോഗം മൂന്നു വര്‍ഷത്തെ താഴ്ചയിലെത്തും

ഇന്ത്യയുടെ സ്വര്‍ണ ഉപഭോഗം മൂന്നു വര്‍ഷത്തെ താഴ്ചയിലെത്തും

രാജ്യത്ത് സ്വര്‍ണവില റെക്കോഡ് ഉയരത്തിലെത്തുമെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്ന് റെക്കോഡ് ഉയരത്തിലെത്തുമെന്നും ഉപയോഗം ഇടിഞ്ഞ് കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (ഡബ്ല്യുജിസി) പ്രവചനം. ഗ്രാമീണമേഖലയിലെ വരുമാനത്തിലുണ്ടാകുന്ന കുറവാണ് ഇതിനു കാരണമായി കൗണ്‍സില്‍ ചൂണ്ടിക്കാണിക്കുന്നത്.

നടപ്പു വര്‍ഷം ഇന്ത്യയില്‍ സ്വര്‍ണ ഉപഭോഗം മുന്‍ വര്‍ഷത്തെ 700 ടണ്ണില്‍ നിന്ന് എട്ട് ശതമാനത്തോളം കുറയുമെന്ന് ഡബ്ല്യുജിസി ഇന്ത്യ ഓപ്പറേഷന്‍സ് എംഡി സോമസുന്ദരം പിആര്‍ പറഞ്ഞു. വിലവര്‍ധനവിനോടൊപ്പം ഗ്രാമീണ വരുമാനത്തിലെ കുറവും ഇതിന് കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര സ്വര്‍ണ ആവശ്യകതയുടെ മൂന്നില്‍ രണ്ടും സ്വര്‍ണാഭരണങ്ങളെ പരമ്പരാഗതമായ സമ്പത്തായി കരുതുന്ന ഗ്രാമീണ മേഖലയില്‍ നിന്നാണ്. സെപ്റ്റംബറിലവസാനിച്ച് രണ്ടാം പാദത്തില്‍ രാജ്യത്തെ സ്വര്‍ണ ഉപഭോഗം മുന്‍ വര്‍ഷത്തേതില്‍ നിന്ന് മൂന്നിലൊന്നായി ഇടിഞ്ഞ് 123.9 ടണ്ണിലെത്തിയിരുന്നു. സെപ്റ്റംബറില്‍ ഇന്ത്യന്‍ വിപണിയില്‍ മഞ്ഞലോഹത്തിന്റെ വില പത്ത് ഗ്രാമിന് 39,885 രൂപയെന്ന റെക്കോഡ് ഉയരത്തിലായിരുന്നു. ആഭ്യന്തര വിപണിയിലെ സ്വര്‍ണ വിലയിലും ഇറക്കുമതി തീരുവയിലുമുണ്ടായ വര്‍ധന രണ്ടാം പാദത്തിലെ ആവശ്യകത കുറയാന്‍ കാരണമായിട്ടുണ്ടെന്നാണ് കൗണ്‍സില്‍ നിരീക്ഷിക്കുന്നത്. ജൂലൈ രണ്ടാം വാരം സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 10 ല്‍ നിന്ന് 12.5 ശതമാനമായി ഇന്ത്യ വര്‍ധിപ്പിച്ചിരുന്നു.

ഡിസംബറില്‍ അവസാനിക്കുന്ന പാദത്തിലെ സ്വര്‍ണ ഉപഭോഗം മുന്‍ വര്‍ഷത്തെ 236.5 ടണ്ണിനേക്കാള്‍ കുറവായിരിക്കുമെന്നും എന്നാല്‍ സെപ്റ്റംബര്‍ പാദത്തിലേതുപോലെ ഇടിയില്ലെന്നുമാണ് അനുമാനം. ഉല്‍സവങ്ങളും വിവാഹാഘോഷങ്ങളും കൂടുതലുള്ള ഒക്‌റ്റോബര്‍-നവംബര്‍ കാലയളവില്‍ സ്വര്‍ണ ഉപഭോഗം വര്‍ധിക്കാറുണ്ട്. അതേ സമയം വില ഉയരുന്നതോടെ സ്വര്‍ണനിക്ഷേപം പണമാക്കി മാറ്റാനുള്ള താല്‍പ്പര്യവും ഉയരുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഈ വര്‍ഷം രാജ്യത്ത് ഉപയോഗിച്ച സ്വര്‍ണ വിതരണം 38 ശതമാനത്തോളം വര്‍ധിച്ച് ഏകദേശം 120 ടണ്‍ ആകുമെന്ന് ഡബ്ല്യുജിസി വിലയിരുത്തുന്നു.

വാണിജ്യ കമ്മി കുറയും

സ്വര്‍ണ ഇറക്കുമതി കുറയുന്നത് ഇന്ത്യയുടെ വാണിജ്യ കമ്മി കുറയ്ക്കാനും രൂപയുടെ മൂല്യം ഉയരാനും സഹായകരമാകുമെന്ന് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ വിപണിയായ ഇന്ത്യയിലെ ഉപഭോഗത്തിലുണ്ടാകുന്ന ഇടിവ് സ്വര്‍ണത്തിന്റെ ആഗോള വിലയിലും പ്രതിഫലിക്കും. 17 ശതമാനത്തിന്റെ വരെ വില വര്‍ധനാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Categories: FK News, Slider
Tags: gold