ഹോങ്കോംഗ്: സമീപനം കൂടുതല്‍ കര്‍ക്കശമാക്കാന്‍ ചൈനീസ് നേതൃത്വം

ഹോങ്കോംഗ്: സമീപനം കൂടുതല്‍ കര്‍ക്കശമാക്കാന്‍ ചൈനീസ് നേതൃത്വം

ഹോങ്കോംഗിനോടുള്ള സമീപനം കൂടുതല്‍ കര്‍ക്കശമാക്കാന്‍ ചൈന തയ്യാറെടുക്കുകയാണ്. ഇതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കുന്നതായിരുന്നു കഴിഞ്ഞമാസം അവസാനം നടന്ന നാലാമത്തെ പ്ലീനറി സെഷനില്‍ ഇതുസംബന്ധിച്ച മുന്നറിയിപ്പുകള്‍ ഉണ്ട്. യോഗത്തിന്റെ തുടക്കത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും പ്രസിഡന്റുമായ ഷി ജിന്‍പിംഗ് ചൈനീസ് സ്വഭാവസവിശേഷതകളുള്ള സോഷ്യലിസം വ്യവസ്ഥയെ ഉയര്‍ത്തിപ്പിടിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും നിലവിലുള്ള വ്യവസ്ഥയുടെ നവീകരണവും ഭരണത്തിനുള്ള ശേഷിയും മുന്നോട്ട് കൊണ്ടുപോകുന്നതിനും ആഹ്വാനം ചെയ്യുന്നുണ്ട്. സാധാരണയായി വാര്‍ഷിക പ്ലീനം പാര്‍ട്ടിയും സര്‍ക്കാരും നടപ്പാക്കേണ്ട വിശിഷ്ട ലക്ഷ്യങ്ങള്‍ വെളിപ്പെടുത്തുന്നവയാണ്.

ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിക്കുന്ന വസ്തുതകള്‍ യോഗം മുന്നോട്ടുവെയ്ക്കും. അതാണ് സാധാരണ രീതി. ഉദാഹരണത്തിന് കഴിഞ്ഞ ജനുവരിയില്‍ 19മത് കമ്മിറ്റിയുടെ രണ്ടാം പ്ലീനമാണ് ഭരണഘടനാ ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കിയത്. ഇത് പ്രസിഡന്റിന്റെ കാലാവധി പരിധി നീക്കം ചെയ്യുകയും ഷി ജിന്‍പിംഗിനെ ആജീവനാന്തം ഭരിക്കാന്‍ പര്യാപ്തമാക്കുകയും ചെയ്തു. മൂന്നാം പ്ലീനത്തില്‍ പാര്‍ട്ടിയെയും സര്‍ക്കാര്‍ ഏജന്‍സികളെയും പുനസംഘടിപ്പിക്കാനുള്ള പദ്ധതിക്കായിരുന്നു അംഗീകാരം നല്‍കിയത്. കഴിഞ്ഞ മാസം അവസാനം നടന്ന നാലാം പ്ലീനത്തില്‍ പാര്‍ട്ടിയുടെ അധികാരത്തെ ശക്തിപ്പെടുത്താനുള്ള പദ്ധതികളാണ് തയ്യാറാക്കിയത്.

സമൂഹത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും എല്ലാതലങ്ങളിലും പാര്‍ട്ടിയുടെ നിയന്ത്രണം വ്യാപിപ്പിക്കുന്നതിനും ഏകീകരിക്കുന്നതിനുമുള്ള കാഴ്ചപ്പാട് യോഗത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടു. പ്ലീനത്തിന്റെ പ്രമേയം ജിന്‍പിംഗിന്റെ ദര്‍ശനം സാക്ഷാല്‍ക്കരിക്കുന്നതിന് വ്യക്തമായ ഒരു ടൈംലൈന്‍ സജ്ജമാക്കുന്നു. സിസിപിയുടെ ശതാബ്ദിയോടനുബന്ധിച്ച് 2021 ഓടെ ‘വ്യക്തവും സുപ്രധാനവുമായ ഫലങ്ങള്‍’ കൈവരിക്കാനാകുമെന്ന് പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ കണക്കുകൂട്ടുന്നു. സമാപനത്തില്‍, പ്ലീനം ഒരു കമ്യൂണിക് പുറത്തിറക്കിയിരുന്നു. ഇത് ചൈനീസ് സ്വഭാവസവിശേഷതകളുള്ള സോഷ്യലിസം സമ്പ്രദായത്തിന്റെ ഗുണങ്ങളെ ഉദ്‌ഘോഷിക്കുന്നു. പാര്‍ട്ടി ചൈനയെ നയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സമ്പദ്വ്യവസ്ഥയില്‍ അതിന്റെ പങ്ക് ഇരട്ടിയാക്കുന്നതിനെക്കുറിച്ചും ഇതില്‍ സൂചിപ്പിക്കുന്നു.

ജിന്‍പിംഗിന്റെ നേതൃത്വത്തിന് പാര്‍ട്ടി ശക്തമായ അംഗീകാരം നല്‍കുന്നതോടൊപ്പം കമ്യൂണിക് ഹോങ്കോംഗിലെ പ്രശ്‌നങ്ങള്‍ കര്‍ശനമായി നേരിടുമെന്ന സൂചന നല്‍കുന്നു. ‘ഒരു രാജ്യം, രണ്ട് സംവിധാനങ്ങള്‍’ എന്ന സമീപനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ‘മാതൃരാജ്യത്തിന്റെ സമാധാനപരമായ പുനസംഘടന’ സംബന്ധിച്ചും കമ്യൂണിക് വിശദീകരിക്കുന്നുണ്ട്. ‘ഹോങ്കോംഗിന്റെ പ്രത്യേക അഡ്മിനിസ്ട്രേറ്റീവ് മേഖലയില്‍ കര്‍ശനമായി ഭരണം സംവിധാനം വേണമെന്നും, പ്രത്യേക ഭരണ പ്രദേശങ്ങളില്‍ ദേശീയ സുരക്ഷ പരിരക്ഷിക്കുന്നതിന് മികച്ച നിയമവ്യവസ്ഥയും അത് നടപ്പാക്കല്‍ സംവിധാനവും സ്ഥാപിക്കണം’ എന്നും അതില്‍ പറയുന്നു.

യുഎസുമായുള്ള വ്യാപാര യുദ്ധം അല്ലെങ്കില്‍ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ തയ്യാറെടുപ്പുകള്‍ പോലുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ പ്ലീനം ഏറ്റെടുക്കുമെന്ന് പ്രതീക്ഷകളുണ്ടായിരുന്നു. ആഭ്യന്തര ഐക്യം വളര്‍ത്തിയെടുക്കുന്നതിലും രാജ്യത്തെ നിയന്ത്രിക്കാനും നേതൃത്വം നല്‍കാനും പാര്‍ട്ടിക്ക് ശേഷി വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലാണ് സിപിസി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് തീരുമാനങ്ങള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം ആദ്യം ജിന്‍പിംഗിന്റെ ഒരു പ്രസംഗത്തെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ഒരു ലേഖനത്തില്‍ ‘പുരാതന കാലം മുതല്‍ ഇന്നുവരെ, മഹത്തായ ശക്തികള്‍ തകരുകയോ നശിക്കുകയോ ചെയ്തതിനു പിന്നില്‍ കേന്ദ്ര അധികാരം നഷ്ടപ്പെടുന്നതാണ് ഒരു പൊതു കാരണം’ എന്നു പറയുന്നുണ്ട്. ഇവിടെ സിസിപിയുടെ നയം വ്യക്തമാണ്. കേന്ദ്ര അധികാരം ഐക്യത്തോടെ ശക്തമായി തുടരണം.അത് തകര്‍ന്നാല്‍ ചൈനയെ പരാജയങ്ങള്‍ കൂടെ കൊണ്ടുപോകുകയും ചെയ്യും.

സിപിസി മാനദണ്ഡങ്ങള്‍ക്കനുസൃതമായി, അഭൂതപൂര്‍വമായ അളവില്‍ ശക്തി കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ നിലവിലുള്ള പ്രതിസന്ധികളില്‍നിന്ന് ജിന്‍പിംഗിന് അതിവേഗം തലയൂരാന്‍ കഴിയില്ല. സാമ്പത്തിക മാന്ദ്യം, ഹോങ്കോംഗ് വിഷയങ്ങള്‍ തെറ്റായി കൈകാര്യം ചെയ്തത്, എന്തിന് പന്നിയിറച്ചി വിലപോലും ഒരു വര്‍ഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ 50ശതമാനം കൂടുതലാണ്. ഈ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് തലവേദനയാണ്.

പക്ഷേ, ചൈന നേരിടുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ വിഷയം അമേരിക്കയുമായുള്ള വ്യാപാര യുദ്ധമാണ്, അത് ഇപ്പോള്‍ ഒരു വലിയ ശീതയുദ്ധമായി മാറിയിരിക്കുന്നു. ഒക്‌റ്റോബറില്‍, യുഎസും ചൈനയും ഇടക്കാല ഒന്നാം ഘട്ട കരാറിലെത്താന്‍ കഴിഞ്ഞത് നേട്ടമാണ്. ഇതുപ്രകാരം 250 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചൈനീസ് സാധനങ്ങളുടെ തീരുവ 25ശതമാനത്തില്‍നിന്ന് 30 ആക്കി ഉയര്‍ത്തേണ്ടെന്ന് അമേരിക്ക തീരുമാനിച്ചിരുന്നു. ഈ മാസത്തില്‍ കരാറിന് അന്തിമ രൂപം ആകുമെന്നാണ് കരുതപ്പെടുന്നത്. എന്നിരുന്നാലും, 13 ഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം വന്ന കരാറിനെക്കുറിച്ച് ഇപ്പോള്‍ സംശയമുള്ളതായും സൂചനയുണ്ട്. അമേരിക്കന്‍ കര്‍ഷകര്‍ക്ക് ഒരു വലിയ ആശ്വാസമായി ട്രംപ് ഇതിനെ വിശദീകരിക്കുന്നു. ചൈനീസ് 40-50 ബില്യണ്‍ ഡോളര്‍ വരെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ചൈന വാങ്ങും. എന്നാല്‍ തിടുക്കത്തില്‍ വാങ്ങുന്നതിനെ ബെയ്ജിംഗ് എതിര്‍ക്കുന്നു. പരിമിതമായ കാലയളവില്‍ യുഎസ് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വലിയശേഖരം സ്വീകരിക്കാന്‍ ചൈനയുടെ ആഭ്യന്തര വിപണിക്ക് കഴിഞ്ഞേക്കില്ല. വ്യാപാര യുദ്ധത്തിന് മുമ്പ് യുഎസില്‍ നിന്നുള്ള ചൈനയുടെ കാര്‍ഷിക ഇറക്കുമതിയുടെ 70% വരുന്ന സോയ ബീന്‍സിന്റെ ആവശ്യം കുറഞ്ഞിട്ടുമുണ്ട്.

ചാരവൃത്തിയിലൂടെയും പ്രവാസികളിലൂടെയും ചൈന അനധികൃതമായി ഏറ്റെടുക്കുന്നതും സാങ്കേതികവിദ്യ മോഷ്ടിക്കുന്നതും സംബന്ധിച്ച ആശങ്കകള്‍ ഇന്ന് നിലനില്‍ക്കുന്നുണ്ട്. ഒരു പരിധിവരെ, ചൈനക്കാര്‍ ഇവിടെ യുഎസ് സമ്മര്‍ദ്ദത്തോട് പ്രതികരിക്കുന്നു. കഴിഞ്ഞമാസം 14ന് നടന്ന ഒരു യോഗത്തില്‍ സ്റ്റേറ്റ് കൗണ്‍സില്‍ വിദേശ സംരംഭങ്ങള്‍ക്കായി ന്യായവും സുതാര്യവുമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അവര്‍ മുന്നോട്ട് വച്ചിരുന്നു. നെഗറ്റീവ് ലിസ്റ്റുകളില്‍ ഇല്ലാത്ത വിദേശ നിക്ഷേപത്തിനുള്ള എല്ലാ നിയന്ത്രണങ്ങളും ചൈന ഇല്ലാതാക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ അറിയിച്ച വൈസ് കൊമേഴ്സ് മന്ത്രി വാങ് ഷൗവെന്‍ പറഞ്ഞു. കൂടാതെ, സാങ്കേതികവിദ്യകള്‍ കൈമാറാന്‍ ഇത് വിദേശ നിക്ഷേപകരെയും കമ്പനികളെയും ‘സ്പഷ്ടമായോ പരോക്ഷമായോ’ നിര്‍ബന്ധിക്കുകയുമില്ല. വിദേശ ബാങ്കുകള്‍, സെക്യൂരിറ്റീസ് കമ്പനികള്‍, ഫണ്ട് മാനേജര്‍മാര്‍ എന്നിവരുടെ ബിസിനസ് പരിധിയിലെ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കി സാമ്പത്തിക വ്യവസായം തുറക്കുന്നതിന് ചൈന അതിവേഗം നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപ സൗഹൃദ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ വഴിയേ ആണ് ചൈനയും എന്ന് ഇത് സൂചിപ്പിക്കുന്നു.

അമേരിക്കന്‍ സമീപനം അടുത്തിടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡുദാന പ്രസംഗത്തില്‍ സംഗ്രഹിച്ചിരുന്നു. സ്വന്തം ജനങ്ങളുമായും അയല്‍ക്കാരുമായും സമാധാനമുള്ള ഒരു സമ്പന്നമായ ചൈനയെ അമേരിക്ക ആഗ്രഹിക്കുന്നതായി പോംപിയോ പറഞ്ഞു. സ്വന്തം ജനതയുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളെ മാനിക്കുന്ന ഒരു ലിബറല്‍ ചൈനയെയാണ് യുഎസ് ഉറ്റുനോക്കുന്നത്. വികസിത രാജ്യങ്ങളുടെ പ്രതിഫലനത്തിനായി ചൈന തങ്ങളുടെ സാമ്പത്തിക വ്യവസ്ഥയെ പരിവര്‍ത്തനം ചെയ്യണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. ജിന്‍പിംഗിന്റെ ആവര്‍ത്തിച്ചുള്ള പ്രസംഗങ്ങള്‍ സൂചിപ്പിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളുമായുള്ള ‘നീണ്ടുനില്‍ക്കുന്ന യുദ്ധ’ ത്തിന് ഇത് ഒരുങ്ങുകയാണ് എന്നാണ്. നാലാമത്തെ പ്ലീനം ഫലം ഇത് സ്ഥിരീകരിക്കുന്നതായും യുഎസ് നേതാക്കളായ പോംപിയോ, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് എന്നിവര്‍ പറയുന്നു. ഇതിനായി, ജിന്‍പിംഗിനു കീഴില്‍, സിപിസി ചൈനീസ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്തുന്നു. അതേസമയം, സാമ്പത്തിക കാഴ്ചപ്പാടില്‍, ചൈന ഈ യുദ്ധം മാറ്റിവയ്ക്കാനോ മോഡറേറ്റ് ചെയ്യാനോ ആഗ്രഹിക്കുന്നുമുണ്ട്. കാരണം പാശ്ചാത്യ സാങ്കേതികവിദ്യയും അറിവും ദ്രുത സാങ്കേതിക മുന്നേറ്റത്തിന് ആവശ്യമാണ്. ചൈനയ്ക്ക് താഴ്ന്ന നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന സമ്പദ്വ്യവസ്ഥയായി തുടരാനാവില്ല. മറുവശത്ത്, യുഎസിനെപ്പോലുള്ള രാജ്യങ്ങള്‍ക്ക് അവരുടെ സാങ്കേതികവിദ്യ ചൈന മോഷ്ടിച്ചതും സാങ്കേതിക രംഗത്ത് അവരെ മികച്ചതാക്കുന്നതുമായ ദേശീയ സുരക്ഷാ പ്രത്യാഘാതങ്ങളെക്കുറിച്ച് ന്യായമായ ആശങ്കകളുമുണ്ട്.

Comments

comments

Categories: Politics, World