വഴിത്തിരിവാകട്ടെ കേരളത്തിന്റെ ‘നീം ജി’

വഴിത്തിരിവാകട്ടെ കേരളത്തിന്റെ ‘നീം ജി’

ഇലക്ട്രിക് വാഹന വിപ്ലവത്തിലേക്കുള്ള സംസ്ഥാനത്തിന്റെ യാത്രയില്‍ സുപ്രധാന ചുവടുവെപ്പായി മാറട്ടെ ‘നീം ജി’ ഓട്ടോ

ഇന്ത്യയില്‍ ആദ്യമായിട്ട് ഒരു പൊതുമേഖല സ്ഥാപനം ഇലക്ട്രിക് ഓട്ടോ വിപണിയിലിറക്കിയിരിക്കുകയാണ്. കേരളാ ഓട്ടോമൊബീല്‍സ് ലിമിറ്റഡാ(കെഎഎല്‍)ണ് സുപ്രധാനമായ മുന്നേറ്റത്തിന് പിന്നില്‍. കാര്‍ബണ്‍ പുറന്തള്ളല്‍ കാരണം ഇന്ത്യ വീര്‍പ്പ് മുട്ടുമ്പോള്‍ ഇലക്ട്രിക് വാഹന വിപ്ലവം എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കേണ്ടത് അനിവാര്യതയായി തീര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ ആയ ‘നീം ജി’ പ്രസക്തമാകുന്നത്.

ഇന്നലെ രാവിലെ എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് നിയമസഭയിലേക്ക് ആദ്യ സര്‍വീസ് നടത്തിയ ഇ-ഓട്ടോയെ വളരെ പ്രതീക്ഷയോടെ തന്നെ കാണാം. 10 ഓട്ടോകളാണ് നിര്‍മാണം കഴിഞ്ഞ് പുറത്തിറങ്ങുന്നത്. വ്യവസായ വകുപ്പിന് കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനം കെഎഎല്ലിന് തീര്‍ച്ചയായും അഭിമാനിക്കാവുന്ന നേട്ടം കൂടിയാണിത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇഓട്ടോ നിര്‍മാണത്തിന് യോഗ്യത നേടുന്നത്.

കാഴ്ചയിലും വലിപ്പത്തിലും സാധാരണ ഓട്ടോയെ പോലെ തന്നെയുള്ള ഇ-ഓട്ടോയിലും ഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും സഞ്ചരിക്കാം. ഈ പദ്ധതിക്കായി കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപയും ഇത്തവണ ആറു കോടിയും സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. ജര്‍മന്‍ സാങ്കേതികവിദ്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെവി മോട്ടോറുമാണ് കെഎഎല്ലിന്റെ ഓട്ടോയിലുള്ളത്. മൂന്ന് മണിക്കൂര്‍ 55 മിനിറ്റ് കൊണ്ട് ബാറ്ററി പുര്‍ണമായും ചാര്‍ജ്ജ് ചെയ്യാം. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 100 കിലോ മീറ്റര്‍ സഞ്ചരിക്കാം. ഒരു കിലോ മീറ്റര്‍ പിന്നിടാന്‍ 50 പൈസ മാത്രമാണ് ചെലവ്. സാധാരണ ത്രീപിന്‍ പ്ലഗ് ഉപയോഗിച്ച് ബാറ്ററി റീച്ചാര്‍ജ്ജ് ചെയ്യാം. ഡീസല്‍, പെട്രോള്‍ വാഹനങ്ങളില്‍നിന്നുള്ള കാര്‍ബണ്‍ മലിനീകരണം ഇ ഓട്ടോയില്‍ നിന്നുണ്ടാകില്ല. ശബ്ദമലിനീകരവണവുമില്ല. കുലുക്കവും തീരെ കുറവായിരിക്കും.

സംശുദ്ധ ഊര്‍ജസ്രോതസുകളിലേക്ക് വ്യവസായങ്ങള്‍ മാറേണ്ടത് നമ്മുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ട വിഷയമായി മാറുകയാണ്. അതിനാല്‍ തന്നെ ഇത്തരത്തിലുള്ള ചെറുതും വലുതുമായ ഓരോ ശ്രമങ്ങളെയും കൈയ്യടിച്ച് പ്രോല്‍സാഹിപ്പിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമായ വാഹനങ്ങളെല്ലാം സമയമെടുത്ത് ഇലക്ട്രിക് ആക്കി മാറ്റുകയെന്നതിനും മുന്‍ഗണന നല്‍കാവുന്നതാണ്. പൊതുഗതാഗത സംവിധാനങ്ങളും ഇലക്ട്രിക് അധിഷ്ഠിതമാക്കുന്നതിന് വേഗത കൂട്ടണം. സ്വകാര്യ വാഹനങ്ങള്‍ ഇലക്ട്രിക് ആയി മാറുന്നതിന് നമ്മുടെ നിലവിലെ സാഹചര്യത്തില്‍ അല്‍പ്പം സമയമെടുക്കുമെന്നു വേണം കരുതാന്‍. അടുത്തിടെയാണ് മഹീന്ദ്രയുടെ ഇലക്ട്രിക് മുച്ചക്രവാഹനമായ ട്രിയോ മോഡലുകള്‍ കേരള വിപണിയിലെത്തിയത്. നീം ജി കൂടി എത്തുന്നതോടെ ഇത്തരത്തിലുള്ള കൂടുതല്‍ വാഹനങ്ങള്‍ ലഭ്യമാകും. അതേസമയം, ഇലക്ട്രിക് ഓട്ടോകള്‍ വ്യാപകമാകുമ്പോള്‍ അതനുസരിച്ചുള്ള സര്‍വീസ് കേന്ദ്രങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതില്‍ വീഴ്ച്ച പാടില്ല. രാജ്യത്തിന്റെ ഇലക്ട്രിക് യുഗത്തിലേക്കുള്ള പരിവര്‍ത്തനത്തില്‍ കേരളത്തിനും വലിയ പങ്കുവഹിക്കാനുണ്ട്. അതിന്റെ ഭാഗമായി അടയാളപ്പെടുത്താം നീം ജി ഓട്ടോയെയും.

Categories: Editorial, Slider