സര്‍ക്കാര്‍ രൂപീകരണവും അറബ് പാര്‍ട്ടികളുടെ സാധ്യതകളും

സര്‍ക്കാര്‍ രൂപീകരണവും അറബ് പാര്‍ട്ടികളുടെ സാധ്യതകളും

ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരണത്തിലെ പ്രതിസന്ധികള്‍ തുടരുകയാണ്. ഈ അവസരത്തില്‍ നാല് അറബ് പാര്‍ട്ടികളുടെ പിന്തുണയോടെ ഒരു ഭൂരിപക്ഷ സഖ്യത്തിന് ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി നേതാവ് ബെന്നി ഗാന്റ്‌സ് ശ്രമം തുടങ്ങി. അറബ് പാര്‍ട്ടികളുടെ കൂട്ടായ്മയായ ജോയിന്റ് ലിസ്റ്റ് ഉള്‍പ്പടെയുള്ളവരുടെ പിന്തുണ നേടാനാണ് ഗാന്റ്‌സ് ശ്രമിക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഇസ്രയേലിന്റെ ചരിത്രത്തില്‍ ആദ്യമായി, ജനസംഖ്യയുടെ 20 ശതമാനം വരുന്ന അറബ് ന്യൂനപക്ഷത്തിന് ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റില്‍ കാര്യമായ രാഷ്ട്രീയ ശക്തി പ്രയോഗിക്കാന്‍ കഴിയും. സെപ്റ്റംബര്‍ തെരഞ്ഞെടുപ്പിനുശേഷം ഒരു മാസത്തിനുള്ളില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് പ്രസിഡന്റ് റുവെന്‍ റിവ്ലിന്‍ അതിനുള്ള അവസരം ഗാന്റ്‌സിനു നല്‍കി. നെസെറ്റിലെ 120 സീറ്റുകളില്‍ 61 പേരുടെ പിന്തുണയാണ് സര്‍ക്കാര്‍രൂപീകരണത്തിന് വേണ്ടത്.

ഒരു സഖ്യത്തിലും താന്‍ ഒരു അറബ് പാര്‍ട്ടിയെ ഉള്‍പ്പെടുത്തില്ലെന്ന് തുടക്കത്തില്‍ പറഞ്ഞിരുന്ന പറഞ്ഞിരുന്ന നേതാവാണ് ഗാന്റ്‌സ്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം അറബ് സഖ്യവുമായി ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. അവരുടെ പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. 76 ശതമാനം അറബ് പൗരന്മാരും പാര്‍ട്ടി സര്‍ക്കാരില്‍ ചേരുന്നതിന് അനുകൂലമാണെന്ന് അഭിപ്രായവോട്ടെടുപ്പുകളും പറയുന്നു. അറബ്, ജൂത പാര്‍ട്ടികള്‍ തമ്മിലുള്ള ഔദ്യോഗിക രാഷ്ട്രീയ സഹകരണത്തിന് ഇസ്രായേലില്‍ ഒരു മാതൃക മാത്രമേയുള്ളൂ. അത് 1990 കളില്‍ പ്രധാനമന്ത്രി യിത്ഷാക് റാബിന്റെ കാലഘട്ടത്തിലാണ്. അന്ന് അറബ് പാര്‍ട്ടികള്‍ റാബിന്റെ മധ്യ-ഇടതുപക്ഷ ന്യൂനപക്ഷ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ബാഹ്യ കൂട്ടായ്മയായി പ്രവര്‍ത്തിച്ചിരുന്നു. അതേസമയം നെതന്യാഹുവിന്റെ കീഴില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, അറബ്, ജൂത പാര്‍ട്ടികള്‍ തമ്മില്‍ പരസ്പര വിശ്വാസമില്ലായിരുന്നു. ഇരു സമുദായങ്ങളുടെയും രാഷ്ട്രീയ സഹകരണത്തിനെതിരായ ചെറുത്തുനില്‍പ്പ് ശക്തമായിരുന്നു. സെപ്റ്റംബറില്‍, നെതന്യാഹുവും അദ്ദേഹത്തിന്റെ ലികുഡ് പാര്‍ട്ടിയും അറബ് സമൂഹത്തിനെതിരെ പ്രത്യേകിച്ചും വിഷലിപ്തമായ ഒരു പ്രചാരണവും നടത്തിയിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് നെതന്യാഹുവിനേക്കാള്‍ കൂടുതല്‍ സമയം ഗാന്റ്‌സിന് ലഭിക്കാന്‍ സാധ്യതയില്ല. അദ്ദേഹം പരാജയപ്പെട്ടാല്‍, ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യം മൂന്നാമത്തെ തിരഞ്ഞെടുപ്പ് നടത്തും എന്നതാണ് അവസ്ഥ. ഈ സാഹചര്യം ഒഴിവാക്കാന്‍, 1990 കളില്‍ റാബിന്റെ സര്‍ക്കാരുമായി സഹകരിച്ചതുപോലെ ഒരു പരിഹാരം കാണാനാകുമെന്നാണ് അറബ് പാര്‍ട്ടികള്‍ കരുതുന്നത്.

ജോയിന്റ് ലിസ്റ്റില്‍ നിന്നുള്ള ബാഹ്യ പിന്തുണയുണ്ടെങ്കിലും ഗാന്റ്‌സിന് ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞേക്കില്ല. അതിനായി യാഥാസ്ഥിതിക പാര്‍ട്ടികളുടെ പിന്തുണയും ഗാന്റ്‌സ് നേടേണ്ടതുണ്ട്. ഇതില്‍ ചിലപാര്‍ട്ടികളുടെ പിന്തുണ ഇപ്പോഴും നെതന്യാഹുവിന് തന്നെയാണ്. അതോടൊപ്പം ഭിന്നാഭിപ്രായക്കാരനായ അവിഗ്‌ഡോര്‍ ലിബര്‍മാന്റെ പിന്തുണയും അദ്ദേഹത്തിന് ആവശ്യമാണ്. കൂടാതെ, അറബ് പിന്തുണയെ ആശ്രയിക്കാനുള്ള സാധ്യത ഉപയോഗപ്പെടുത്തുകയും ഇസ്രയേല്‍ മൂന്നാം തെരഞ്ഞെടുപ്പിലേക്ക് കടക്കുകയും ചെയ്താല്‍ അത് രാഷ്ട്രീയമായി തന്നെ ദോഷകരമായി ബാധിക്കമെന്നും ഗാന്റ്‌സ് കരുതുന്നുമുണ്ട്. അദ്ദേഹം ജോയിന്‍ ലിസ്റ്റുമായി കൂടിക്കാഴ്ച നടത്തുന്നുവെന്നത് അറബ് ഘടകങ്ങളുടെ ഭാവി രാഷ്ട്രീയ പങ്കാളിത്തത്തെ രൂപപ്പെടുത്തുന്ന ഒരു മാതൃകയാണ്. ഇന്ന് ഇസ്രയേലിലെ അറബ് പൗരന്മാര്‍ ദീര്‍ഘകാലമായി അസമത്വം നേരിടുന്നതായി പരാതിയുണ്ട്. പകുതിയോളം ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്, അറബ്, ജൂത മുനിസിപ്പാലിറ്റികള്‍ക്കിടയില്‍ ഫണ്ടുകള്‍ തുല്യമായി അനുവദിക്കുന്നില്ല. അവരുടെ സ്വത്വം തന്നെ സങ്കീര്‍ണമാണ്. അതേസമയം ബെന്നി ഗാന്റ്‌സിന്റെ ഈ ഇടപെടല്‍ ഇസ്രയേല്‍ രാഷ്ട്രീയത്തില്‍ മാതൃകാപരമായ മാറ്റം കൊണ്ടുവരുമെന്ന് പലരും വിശ്വസിക്കുന്നു. ഈ സഖ്യം യാഥാര്‍ത്ഥ്യമായാല്‍ ഇസ്രയേലിലെ അറബികള്‍ രാഷ്ട്രീയ പ്രക്രിയയില്‍ സജീവമായി പങ്കെടുക്കുന്നതിന് തുടക്കമാകും. ജൂതന്മാരുടെ ഭാഗത്ത്, അവര്‍ അറബികളെ തുല്യരായി അംഗീകരിക്കുന്നതിന് കൂടുതല്‍ സമയമെടുക്കുമെന്ന തിരിച്ചറിവും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് അറിയാം. എന്നാല്‍ അവസാനം അവര്‍ കളിക്കളത്തിലെത്തി എന്നതാണ് പ്രധാനം.

ഇസ്രയേലില്‍ സെപ്റ്റംബര്‍ 19 ന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ അറബ് പൗരന്മാര്‍ വോട്ടുചെയ്യാന്‍ വിമുഖത കാട്ടുമെന്ന് ജോയിന്‍ ലിസ്റ്റ് നേതാക്കള്‍ക്ക് ആശങ്കയുണ്ടായിരുന്നു. ആറുമാസത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പായിരുന്നു ഇത്. ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അറബ് പൗരന്മാരുടെ പോളിംഗ് 50 ശതമാനത്തില്‍ താഴെയായിരുന്നു. പലസ്തീന്‍ ഇസ്രായേലികള്‍ക്കും ഇസ്രായേല്‍ വ്യവസ്ഥയ്ക്കുള്ളില്‍ നിരര്‍ത്ഥകത അനുഭവപ്പെടുന്നതായി പറയപ്പെടുന്നു. അവരുടെ വ്യക്തിപരമോ കൂട്ടായതോ ആയ സാഹചര്യങ്ങളില്‍ മാറ്റം വരുത്താന്‍ അവര്‍ക്ക് രാഷ്ട്രീയ കഴിവില്ല എന്നതാകാം കാരണം. ഈ വര്‍ഷം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ പലസ്തീന്‍ ഇസ്രായേല്‍ സമൂഹത്തിനുള്ളില്‍ നിരവധി ആഹ്വാനങ്ങള്‍ ഉണ്ടായിരുന്നു. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനുപകരം, അറബ് വോട്ടര്‍മാരുടെ എണ്ണം 10 ശതമാനത്തിലധികം വര്‍ധിക്കുകയാണ് ഉണ്ടായത്. ഇത് ജോയിന്റ് ലിസ്റ്റിന് 13 സീറ്റുകള്‍ നല്‍കി. നെസെറ്റിലെ മൂന്നാമത്തെ വലിയ പാര്‍ട്ടിയായി ഇത് മാറി. 1992 ന് ശേഷം ആദ്യമായാണ് പലസ്തീന്‍ ഇസ്രായേലികളെ പ്രതിനിധീകരിക്കുന്ന ഒരു പാര്‍ട്ടി പ്രധാനമന്ത്രിക്കായി ശുപാര്‍ശ ചെയ്യാനുള്ള പ്രസിഡന്റിന്റെ ക്ഷണത്തോട് പ്രതികരിച്ച് ഗാന്റ്‌സിനെ ശുപാര്‍ശ ചെയ്യുന്നത്.

ജോയിന്റ് ലിസ്റ്റും അതിന്റെ പ്ലാറ്റ്ഫോമും സെപ്റ്റംബറില്‍ അറബ് വോട്ടര്‍മാരെ പുറത്തുവരാന്‍ പ്രേരിപ്പിച്ചു. സംയുക്ത പട്ടികയില്‍ ഉള്‍പ്പെടുന്ന നാല് പാര്‍ട്ടികള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ പ്രധാനമാണ്. ബാലാദ്, ഹദാഷ്,ടാല്‍ എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നതാണ് ജോയിന്‍ ലിസ്റ്റ് എന്ന സഖ്യം. ഇസ്രയേലിനെ ഒരു ജൂത രാഷ്ട്രമെന്ന ആശയത്തോടുള്ള എതിര്‍പ്പിനെ ബാലാദ് പാര്‍ട്ടി ഊന്നിപ്പറയുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ ഹദാഷ് ഒരു സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥയും തൊഴിലാളികളുടെ അവകാശങ്ങളും സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലാണ് ശ്രദ്ധിക്കുന്നത്. ഒരു സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിലാണ് ടാല്‍ ശ്രദ്ധയൂന്നുന്നത്. ഇസ്രായേലിലെ ഇസ്ലാമിക് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ശാഖയാണ് യുണൈറ്റഡ് അറബ് പട്ടിക. ഇത് എത്രത്തോളം ജൂത നാട്ടില്‍ സാധ്യമാകുമെന്ന് കണ്ടുതന്നെ അറിയണം. പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങള്‍ കാരണം അറബ് പാര്‍ട്ടികള്‍ കഴിഞ്ഞ ഏപ്രിലില്‍ വെവ്വേറെ മത്സരിക്കുകയാരുന്നു. 2015 നും ഏപ്രില്‍ തെരഞ്ഞെടുപ്പിനും വിപരീതമായി, സെപ്റ്റംബറിലെ അറബ് പാര്‍ട്ടികളുടെ പ്ലാറ്റ്‌ഫോം ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. കുറ്റകൃത്യം, ദാരിദ്ര്യം, ഭവന ക്ഷാമം എന്നിവ പ്രചാരണത്തില്‍ ഇടം നേടി.

പാലസ്തീന്‍ ഇസ്രയേലികള്‍ക്കെതിരായ സമീപകാല നിയമപരമായ വിവേചനങ്ങള്‍മൂലം അവര്‍ രണ്ടാംകിട പൗരന്മാരായി മാറി എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇതാണ് പലരെയും വോട്ടു ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പറയുന്നുണ്ട്. തങ്ങളാല്‍കഴിയുന്ന കാര്യങ്ങള്‍ ചെയ്ത് ജൂത പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുക എന്ന തന്ത്രവും അവര്‍ പയറ്റുന്നു. കൈവശമുള്ളവയിലൂടെ എതിര്‍പ്പ് പ്രകടിപ്പിക്കുക എന്ന നയത്തിന് അനുസൃതമായാണ് തെരഞ്ഞെടുപ്പില്‍ വോട്ടവകാശം രേഖപ്പെടുത്തപ്പെട്ടത്. ഇന്ന് സര്‍ക്കാര്‍ രൂപീകരണത്തിന് ജോയിന്‍ ലിസ്റ്റുമായി ചര്‍ച്ച നടത്തുമ്പോള്‍ അത് ജൂത സമൂഹത്തില്‍ എന്തുമാറ്റമാണ് ഉണ്ടാക്കുക എന്നതിനെ ഗാന്റ്‌സും ഭയപ്പെടുന്നുണ്ട്. വരുമ ദിവസങ്ങളിലാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പുറത്തുവരിക.

Comments

comments

Categories: Politics, World