ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കപ്പെടണം

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കപ്പെടണം

വാട്‌സാപ്പ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ട കാര്യം ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഇതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സുതാര്യതയുണ്ടാകേണ്ടതുമുണ്ട്

ഇസ്രയേലി സ്‌പൈവെയര്‍ ആയ പെഗാസസ് വഴി നിരവധി വാട്‌സാപ്പ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും ടെക് ലോകത്ത് ചര്‍ച്ചയാണ്. സാമൂഹ്യ മാധ്യമരംഗത്തെ ഭീമനായ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സാപ്പ്. ഫേസ്ബുക്ക് ആണെങ്കില്‍ സ്വകാര്യത വിവാദങ്ങളുടെ പേരില്‍ വിവിധ രാജ്യങ്ങളില്‍ വിമര്‍ശനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതിന്റെ നടുവിലാണ് പെഗാസസ് വിഷയം കമ്പനിയെ സംബന്ധിച്ചിടത്തോളം കൂനിന്മേല്‍ കുരുവാകുന്നത്.

ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒ ആണ് പെഗാസസ് വികസിപ്പിച്ചത്. ഇവരുടെ പക്കലില്‍ നിന്ന് ഇത് വാങ്ങിയ വ്യക്തികളോ കമ്പനികളോ ആണ് വാട്‌സാപ്പ് വിവരം ചോര്‍ത്തലിന് പിന്നില്‍. ഏകദേശം നാല് ഭൂഖണ്ഡങ്ങളില്‍ ഈ സങ്കേതം ഉപയോഗപ്പെടുത്തി 1400 ഓളം ഉപയോക്താക്കളുടെ ഫോണില്‍ ആക്രമണം നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സോഫ്റ്റ് വെയര്‍ വഴി വ്യക്തികളുടെ ഡിവൈസുകളിലേക്ക് നുഴഞ്ഞു കയറി അവരുടെ ഇന്റര്‍നെറ്റ് ഡാറ്റയും ഡിവൈസുകളിലെ നിര്‍ണായക വിവരങ്ങളുമെല്ലാം ചോര്‍ത്താന്‍ സാധ്യമാണ്. ഉപഭോക്താവിന് യാതൊരുവിധ സൂചനയും ലഭിക്കാത്ത തരത്തിലാണ് ഡാറ്റ ചോര്‍ത്തല്‍.

ഒരു മൂന്നാംകക്ഷിക്ക് യാതൊരു വിധത്തിലും ഇടപെടനാകാത്ത രീതിയില്‍ എന്‍ക്രിപ്റ്റഡ് ആണ് തങ്ങളുടെ മെസേജുകളും ആശയവിനിമയ ഉപാധിയും എന്നവകാശപ്പെടുന്ന വാട്‌സാപ്പില്‍ ഇത് സംഭവിച്ചുവെന്നതാണ് ശ്രദ്ധേയം. പ്ലാറ്റ്‌ഫോമിലെ വീഡിയോ കോളിംഗ് സംവിധാനത്തിലെ പിഴവ് മുതലെടുത്താണ് ഇത്തരത്തിലുള്ള വിവരം ചോര്‍ത്തല്‍ നടന്നിരിക്കുന്നത്.

ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധി പേരുടെ ഫോണുകളിലേക്ക് പെഗാസെസ് നുഴഞ്ഞു കയറി വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വാട്‌സാപ്പിനോട് റിപ്പോര്‍ട്ട് തേടിയപ്പോള്‍ അവരുടെ പ്രതികരണം വിഷയം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഇത് ഇന്ത്യയെ രണ്ട് തവണ അറിയിച്ചതായി വാട്‌സാപ്പ് പറഞ്ഞെന്ന തരത്തിലാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. ഇത്തരമൊരു വിഷയം അറിഞ്ഞ മട്ടിലുള്ളതായിരുന്നില്ല കേന്ദ്രത്തിന്റെ ആദ്യപ്രതികരണമെന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം. വാട്‌സാപ്പ് സര്‍ക്കാരിന് നേരത്തെ നല്‍കിയ മുന്നറിയിപ്പുകളില്‍ പെഗാസസിനെ പേരെടുത്ത് പരാമര്‍ശിക്കുന്നില്ലെന്നാണ് സൂചന. സാമാന്യ സ്വഭാവത്തിലുള്ള മുന്നറയിപ്പാണോ ഇവര്‍ നല്‍കിയതെന്നും വ്യക്തമല്ല. വിഷയത്തിന് രാഷ്ട്രീയ മാനം നല്‍കാന്‍ പ്രതിപക്ഷം കൂടി ശ്രമിച്ചതോടെ വിവരം ചോര്‍ത്തല്‍ പുതിയ തലത്തിലെത്തിയിരിക്കുന്നു.

എന്തായാലും വളരെ ഗൗരവം അര്‍ഹിക്കുന്ന വിഷയമാണിത്. സര്‍വവും ഡിജിറ്റലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്ന സമയത്ത് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ക്ക് സുരക്ഷയില്ലെന്ന തോന്നല്‍ വരുന്നത് ഗുണം ചെയ്യില്ല. പ്രത്യേകിച്ചും വാട്‌സാപ്പ് ഡിജിറ്റല്‍ പേമെന്റ് രംഗത്തേക്ക് കടക്കാനിരിക്കുന്ന സാഹചര്യത്തില്‍. പണമിടപാട് രംഗത്തേക്ക് കൂടി കടക്കുമ്പോള്‍ ഇത്തരത്തിലുള്ള വിവരം ചോര്‍ത്തല്‍ സംഭവങ്ങള്‍ ഉപയോക്താക്കളെ ഭീതിയിലാഴ്ത്തുമെന്നതില്‍ തര്‍ക്കമില്ല. എന്ത് തരത്തിലുള്ള സുരക്ഷയാണ് ഇവര്‍ പ്രദാനം ചെയ്യുകയെന്ന ചോദ്യവും അവശേഷിക്കുന്നു. വാട്‌സാപ്പ് പേമെന്റ്‌സിന്റെ സുരക്ഷ ഇനി ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് വിഷയമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പുതിയ സംരംഭത്തിന്റെ അവതരണം അല്‍പ്പം വൈകിപ്പിക്കുന്നതാകും ഫേസ്ബുക്കിന്റെ ഉചിതം.

Categories: Editorial, Slider