തെരുവില്‍ നിന്നും കാമറയുടെ അല്‍ഭുതലോകത്തേക്ക്..

തെരുവില്‍ നിന്നും കാമറയുടെ അല്‍ഭുതലോകത്തേക്ക്..

ഇല്ലായ്മയില്‍ നിന്നും വളര്‍ന്നു വന്ന ഏതൊരു വലിയ വ്യക്തിക്കും പറയാന്‍ ബുദ്ധിമുട്ടേറിയ ഒരു ഭൂതകാലത്തിന്റെ കഥയുണ്ടാകും. അതില്‍ നിന്നുള്ള ഊര്‍ജമാണ് അവരെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തരാക്കുന്നത്. വിക്കിയും അതിലൊരാള്‍ തന്നെ

ഫോട്ടോഗ്രാഫിയെ കലയായും പാഷനായും കാണുന്നവര്‍ മറക്കാനിടയില്ലാത്ത ഒരു പേരാണ് വിക്കി റോയ്. ലോകം അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍, അമേരിക്കയിലെ ലോകപ്രശസ്തമായ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഫോട്ടോഗ്രഫി പഠനം, ഫോബ്‌സ് ലിസ്റ്റിലും വോഗ് ഇന്ത്യ ലിസ്റ്റിലും എഡ്വേര്‍ഡ് രാജകുമാരന്റെ അതിഥിയായി ബക്കിംഗ്ഹാം പാലസ്സിലും വരെയെത്തി നില്‍ക്കുന്ന വ്യക്തിത്വത്തിനുടമ. എന്നാല്‍ ലോകം അംഗീകരിച്ച ഈ ഫോട്ടോഗ്രാഫര്‍ക്ക് നിറമില്ലാത്ത ഒരു പിന്‍കാലമുണ്ട്. ദരിദ്രരായ മാതാപിതാക്കളുടെ 7 മക്കളില്‍ ഒരാളായി ബംഗാളില്‍ ജനിച്ച്, 11ാം വയസ്സില്‍ അഭിനയമോഹവുമായി ഡെല്‍ഹിക്ക് കള്ളവണ്ടി കയറി, ആക്രി പെറുക്കി വിറ്റ് ജീവിതം തുടങ്ങിയ കഥയാണ് വിക്കി റോയ്ക്ക് പറയാനുള്ളത്. പിന്നീട് കാലം വരുത്തിയ മാറ്റങ്ങളുടെ ചിറകേറിയാണ് കാമറക്കണ്ണുകളുടെ ലോകത്തേക്ക് വിക്കി നടന്നുതുടങ്ങുന്നത്. വീഴ്ചകളില്‍ കാലിടറി പിന്തിരിഞ്ഞു നടക്കാന്‍ ചിന്തിക്കുന്നവര്‍ക്ക് എന്നും പ്രചോദനമാണ് വിക്കിയുടെ കഥ

ഇല്ലായ്മയില്‍ നിന്നും വളര്‍ന്നു വന്ന ഏതൊരു വലിയ വ്യക്തിക്കും പറയാന്‍ ശ്രമകരമായ ഒരു ഭൂതകാലത്തിന്റെ കഥയുണ്ടാകും. ഇക്കാര്യത്തില്‍ ഒട്ടും വ്യത്യസ്തനല്ല, ഇന്ന് ലോകം അംഗീകരിക്കുന്ന ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായ വിക്കി റോയ്. സിനിമയില്‍ അഭിനയിക്കണം എന്ന മോഹവുമായി ബംഗാളില്‍ നിന്നും കള്ളവണ്ടി കയറി ഡെല്‍ഹിയില്‍ എത്തുമ്പോള്‍ വിക്കിക്ക് പ്രായം 11 വയസ്സ് മാത്രമായിരുന്നു. ഡെല്‍ഹിയില്‍ എത്തിയശേഷമാണ് താന്‍ കരുതുന്നത്ര എളുപ്പമല്ല ഇവിടുത്തെ ജീവിതമെന്ന് വിക്കിക്ക് മനസിലായത്.പട്ടിണിയും ഒറ്റപ്പെടലും മൂലം ഉണ്ടായ ഭയം അവന്റെ കണ്ണു നിറച്ചു. എവിടെ പോകണം, എന്തു ചെയ്യണമെന്നറിയാതെ അവന്‍ പേടിച്ച് പൊട്ടിക്കരഞ്ഞു. പല ദിവസങ്ങളിലും റെയില്‍വേ സ്റ്റേഷനുകളില്‍ അവന്‍ അഭയം കണ്ടെത്തി.

വിക്കി അടക്കം ഏഴു മക്കളുള്ള തുന്നല്‍ക്കാരനായ പിതാവിനു തുച്ഛമായ 25 രൂപ കൂലി കൊണ്ട് എല്ലാവരെയും പോറ്റാനുള്ള കഴിവില്ലായിരുന്നു. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടില്‍ നിന്നും തന്റെ മാതാപിതാക്കളെ രക്ഷിക്കാന്‍ താന്‍ ഒരു നടനായാല്‍ സാധിക്കും എന്ന് തോന്നിയിട്ടാണ് വിക്കി സിനിമ മോഹവുമായി ഇറങ്ങുന്നത്.ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതെ വന്നപ്പോള്‍ ആക്രിപെറുക്കി വിറ്റ് വരുമാനം കണ്ടെത്താന്‍ തുടങ്ങി. എന്നാല്‍ ഭക്ഷണത്തിനുള്ള പണമൊഴിച്ച് മറ്റൊന്നും ആ തൊഴിലില്‍ നിന്നും ലഭിച്ചില്ല. മാത്രമല്ല, രാത്രികാലങ്ങളില്‍ തെരുവില്‍ ഒറ്റക്ക് കഴിയുക എന്നത് തീര്‍ത്തും ശ്രമകരമാണെന്ന് വിക്കി മനസിലാക്കി. ആക്രിപെറുക്കി വിറ്റുകൊണ്ടുള്ള ജീവിതം ഇനി സാധ്യമല്ലെന്ന് മനസിലാക്കിയ വിക്കി പഹാഡ്ഗഞ്ചിലെ ഒരു ചെറിയ ഹോട്ടലില്‍ പാത്രം കഴുകുന്ന പണിക്കു കയറി. ഈ സമയത്താണു തന്റെ ജീവിതം മാറ്റി മറിച്ച സഞ്ജയ് ശ്രീവാസ്തവ എന്നയാളെ വിക്കി പരിചയപ്പെടുന്നത്.

അദ്ദേഹം വിക്കിയെ സലാം ബാലക് ട്രസ്റ്റ് എന്ന എന്‍ജിഒയില്‍ ചേര്‍ത്തു. അവിടെ നിന്നുമാണ് പഠനം മുന്നോട്ട് കൊണ്ടുപോകാനുള്ള വഴി തെളിഞ്ഞു വരുന്നത്.

ലെന്‍സിന്റെ ലോകത്തേക്ക്

സലാം ബാലക് ട്രസ്റ്റ് എന്‍ജിഒയുടെ ഭാഗമായി നിന്ന് പഠനം ആരംഭിച്ച വിക്കി റോയ് പത്താം ക്ലാസ് പൂര്‍ത്തിയാക്കി. പഠനത്തില്‍ വലിയ നിലവാരമൊന്നും പുലര്‍ത്തിയിരുന്നില്ല. പഠിച്ച് മുന്നേറുക എന്നതിനപ്പുറം മറ്റെന്തെങ്കിലും ചെയ്യാനാണ് വിക്കി ആഗ്രഹിച്ചത്. 2000ത്തില്‍ രണ്ടു കുട്ടികള്‍ക്ക് തങ്ങളുടെ ഫോട്ടോഗ്രഫി കോഴ്‌സിന്റെ ഭാഗമായി ഇന്തോനേഷ്യ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു എന്ന വാര്‍ത്തയാണ് വിക്കിയെ ഫോട്ടോഗ്രഫിയിലേക്ക് ആകര്‍ഷിച്ചത്. വിദേശത്ത് പോകാനുള്ള അവസരം എന്ന നിലക്കാണ് വിക്കി ഫോട്ടോഗ്രാഫി എന്താണെന്ന് ആദ്യമായി അന്വേഷിച്ചറിഞ്ഞത്. എന്നാല്‍ ക്രമേണ അതില്‍ താല്‍പര്യം വര്‍ധിച്ചു വന്നു. ഫോട്ടോഗ്രഫിയിലുള്ള വിക്കിയുടെ താല്‍പര്യം മനസിലാക്കി വിക്കിയെ പ്രോത്സാഹിപ്പിക്കുന്നതിന് ട്രസ്റ്റ് അവനൊരു ക്യാമറയും പ്രതിമാസം മൂന്നു ഫിലിം റോളുകളും വച്ചു നല്‍കി. പയ്യെ പയ്യയെ വിക്കി റോയ് തന്നിലെ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറെ കണ്ടെത്തി. 18 വയസ് തികഞ്ഞതോടെ വിക്കിക്ക് ട്രസ്റ്റ് വിടേണ്ടി വന്നു. അപ്പോഴേക്കും അനയ് മാന്‍ എന്നൊരു ഫോട്ടോഗ്രാഫറുടെ അപ്രന്റീസായി വിക്കി ഗൗരവമായ ഫോട്ടോഗ്രഫിയിലേക്ക് പ്രവേശിച്ചിരുന്നു.

അതൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. വിക്കിയുടെ കഴിവുകള്‍ അംഗീകരിച്ച് അനയ് അവനെ പ്രോത്സാഹിപ്പിച്ചു. 3000 രൂപ ശമ്പളവും ബൈക്കും സെല്‍ഫോണും അനയ് നല്‍കി. സമൂഹത്തിലെ നിരവധി ഉയര്‍ന്ന വ്യക്തികളുമായി ബന്ധപ്പെട്ടാണ് അനയ് പ്രവര്‍ത്തിച്ചിരുന്നത്. അതിനാല്‍ വേഷത്തിലും പെരുമാറ്റത്തിലും പുലര്‍ത്തേണ്ട മര്യാദകളും വിക്കി മനസിലാക്കി. ജോലിയുടെ ഭാഗമായി ഇന്ത്യയില്‍ പലയിടത്തും യാത്ര ചെയ്തു. അല്‍പം കൂടി മികച്ച ക്യാമറ സ്വന്തമാക്കാനുള്ള വായ്പ സലാം ബാലക് ട്രസ്റ്റ് വിക്കിക്ക് നല്‍കി.

2007ല്‍ ന്യൂഡെല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ സ്ട്രീറ്റ് ഡ്രീം എന്ന പേരില്‍ തന്റെ ആദ്യ സോളോ ഫോട്ടോ എക്‌സിബിഷന്‍ വിക്കി സംഘടിപ്പിച്ചു. അതായിരുന്നു വിക്കി റോയ് എന്ന പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറിന്റെ ആരംഭം. എക്‌സിബിഷന് ലഭിച്ച പിന്തുണയിലൂടെ വിക്കി വളര്‍ന്നു.

തുടര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞ് അമേരിക്കയിലെ മേബാക്ക് ഫൗണ്ടേഷന്‍ ന്യൂയോര്‍ക്ക് വേള്‍ഡ് ട്രെയ്ഡ് സെന്ററിന്റെ പുനര്‍നിര്‍മ്മാണം ഡോക്യുമെന്റ് ചെയ്യാന്‍ വിക്കിയെ ക്ഷണിച്ചു. ആ പ്രോജക്റ്റിനിടെ ന്യൂയോര്‍ക്കിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫോട്ടോഗ്രഫിയില്‍ നിന്നു ഡോക്യുമെന്ററി ഫോട്ടോഗ്രഫിയിലൊരു കോഴ്‌സും വിക്കി ചെയ്തു. യുകെ, യുഎസ്, സിംഗപ്പൂര്‍, ജര്‍മനി, ശ്രീലങ്ക, റഷ്യ, ബഹ്‌റൈന്‍ എന്നിങ്ങനെ നിരവധി രാജ്യങ്ങളില്‍ ഫോട്ടോഗ്രഫി പ്രദര്‍ശനങ്ങള്‍ തുടര്‍ന്നു വിക്കി സംഘടിപ്പിച്ചു. ഒന്നുമില്ലായ്മയില്‍ നിന്നും ഒരു വ്യക്തി തന്റെ നേട്ടങ്ങള്‍ കയ്യെത്തിപ്പിടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 2013ല്‍ തന്റെ ജീവിത കഥ ഹോം സ്ട്രീറ്റ് ഹോം എന്ന മോണോഗ്രാഫിലൂടെ വിക്കി ലോകവുമായി പങ്കുവച്ചു. 2014ല്‍ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ മീഡിയ ഫെല്ലോഷിപ്പ് വിക്കി റോയ് എന്ന ഫോട്ടോഗ്രാഫര്‍ക്ക് ലഭിച്ച അംഗീകാരമായി. അതൊരു തുടക്കം മാത്രമായിരുന്നു. തുടര്‍ന്ന്, ഫോബ്‌സ് ഏഷ്യ 30യുടെ അണ്ടര്‍ 30 പട്ടികയില്‍ 2016ല്‍ ഇടം പിടിച്ചു. വോഗ് ഇന്ത്യ 40 യുടെ അണ്ടര്‍ 40 പട്ടികയിലും ഈ ഫോട്ടോഗ്രാഫര്‍ ഇടം കണ്ടെത്തി. തന്നെ പോലെ തെരുവില്‍ ജീവിതം ഹോമിക്കപ്പെടേണ്ടി വന്ന ബാല്യങ്ങളുടെ കഥ പറയുന്ന ചിത്രങ്ങളിലൂടെയാണ് വിക്കി പ്രശസ്തനായത്.

വന്ന വഴി മറക്കുന്നവനല്ല താനെന്ന് തെളിയിച്ച വിക്കി, വീടുവിട്ടെറിങ്ങി കാലങ്ങള്‍ക്ക്‌ശേഷം പശ്ചിമ ബംഗാളിലെ തന്റെ വീട്ടിലേക്കും മടങ്ങിയെത്തി. മാതൃദിനത്തില്‍ അമ്മയ്ക്ക് ഒരു മൂന്നു മുറി വീടു സമ്മാനിച്ചു കൊണ്ടാണ് വിക്കി റോയ് തിരികെയെത്തിയത്. ഇച്ഛാശക്തിയും ആഗ്രഹവും ഉണ്ടെങ്കില്‍ നേട്ടങ്ങള്‍ അധികം വൈകാതെ തന്നെ നമ്മെ തേടിയെത്തും എന്ന് തെളിയിക്കുകയാണ് വിക്കി റോയ് എന്ന ലോകം അംഗീകരിച്ച ഫോട്ടോഗ്രാഫറുടെ ജീവിതം .

Comments

comments

Categories: Motivation, Top Stories

Related Articles