അമേരിക്കന്‍ എയര്‍ലൈന്‍സ് ആഗോള ചരക്കുനീക്കം ആധുനികവല്‍കരിക്കുന്നു

അമേരിക്കന്‍ എയര്‍ലൈന്‍സ് ആഗോള ചരക്കുനീക്കം ആധുനികവല്‍കരിക്കുന്നു
  • നാല്പതു വര്‍ഷമായി അമേരിക്കന്‍ എയര്‍ലൈന്‍സ് ഉപയോഗിക്കുന്ന പരമ്പരാഗതവും സങ്കീര്‍ണവുമായ ചരക്കുനീക്ക സംവിധാനം ഐബിഎസ് വികസിപ്പിച്ചെടുത്ത ഐകാര്‍ഗോയിലേയ്ക്ക് മാറും
  • 61 രാജ്യങ്ങളിലെ 365 നഗരങ്ങളെ ബന്ധിപ്പിച്ച് പ്രതിദിനം 6800 വിമാന സര്‍വീസുകളാണ് അമേരിക്കന്‍ എയര്‍ലൈന്‍സിനുള്ളത്

നിരവധി പ്രമുഖ വിമാനക്കമ്പനികളുടെ സാങ്കേതികവിദ്യാ പങ്കാളിയായ തിരുവനന്തപുരത്തെ ഐബിഎസ് സോഫ്റ്റ് വെയര്‍ ലോകത്തിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ആഗോള ചരക്കുനീക്കം ആധുനികവല്‍കരിക്കുന്നു.

നാല്പതു വര്‍ഷമായി അമേരിക്കന്‍ എയര്‍ലൈന്‍സ് ഉപയോഗിക്കുന്ന പരമ്പരാഗതവും സങ്കീര്‍ണവുമായ ചരക്കുനീക്ക സംവിധാനം ഐബിഎസ് വികസിപ്പിച്ചെടുത്ത ഐകാര്‍ഗോയിലേയ്ക്ക് മാറും. അമേരിക്കന്റെ ഉപഭോക്തൃസേവനം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യക്ഷമമായ ബിസിനസ് സംവിധാനങ്ങളാണ് ഐകാര്‍ഗോയിലുള്ളത്.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ആദ്യകാല കമ്പനികളിലൊന്നായി മലയാളിയായ ഐടി വിദഗ്ധന്‍ വി കെ മാത്യൂസ് തുടക്കമിട്ട ഐബിഎസ് സോഫ്റ്റ്‌വെയര്‍ നിരവധി ആഗോള സ്ഥാപനങ്ങളെ ഏറ്റെടുത്ത് ഇന്ന് മൂവായിരത്തിലേറെ ജീവനക്കാരുമായി വിവിധ രാജ്യങ്ങളില്‍ ഓഫീസുകളുള്ള ഈ മേഖലയിലെ ലോകോത്തര കമ്പനിയായി വളര്‍ന്നിട്ടുണ്ട്. 61 രാജ്യങ്ങളിലെ 365 നഗരങ്ങളെ ബന്ധിപ്പിച്ച് പ്രതിദിനം 6800 വിമാന സര്‍വീസുകളാണ് അമേരിക്കന്‍ എയര്‍ലൈന്‍സിനുള്ളത്.

കാര്‍ഗോ ടെര്‍മിനല്‍ പ്രവര്‍ത്തനം, സെയില്‍സ്, വെയര്‍ഹൗസ് മാനേജ്‌മെന്റ്, യൂണിറ്റ് ലോഡ് ഡിവൈസ് മാനേജ്‌മെന്റ്, അക്കൗണ്ടിംഗ് തുടങ്ങി അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ എല്ലാ അടിസ്ഥാന ബിസിനസ് സംവിധാനങ്ങളും ഐകാര്‍ഗോയുടെ സംയോജിത സംവിധാനത്തിലേയ്ക്ക് മാറിക്കഴിഞ്ഞു. 6200 അംഗങ്ങളുള്ള അമേരിക്കന്‍ കാര്‍ഗോ ടീം, 2772 എയര്‍പോര്‍ട്ട് ഏജന്റുമാര്‍, 30,000 ഉപയോക്താക്കള്‍ എന്നിവര്‍ക്ക് ഈ സേവനം ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ നല്‍കുന്നതാണ് ഈ സംവിധാനം. അമേരിക്കന്റെ പ്രയോറിറ്റി പാര്‍സല്‍ സര്‍വീസ് എന്ന ഉല്പന്നത്തിനാവശ്യമായ പിന്തുണ പാസഞ്ചര്‍ ടിക്കറ്റിംഗ് കൗണ്ടറില്‍വച്ചുതന്നെ നല്‍കാന്‍ ഐകാര്‍ഗോയ്ക്ക് കഴിയും.

ഇതാദ്യമായാണ് ഇത്രയും ബൃഹത്തായ കാര്‍ഗോ സംവിധാനം ഒറ്റയടിക്ക് ചരക്കുനീക്കത്തിലെ എല്ലാ പ്രവൃത്തികളും ഒരു സംയോജിത സോഫ്റ്റ് വെയറിലാക്കുന്നത്. വില്പന, ഓപ്പറേഷന്‍സ്, അക്കൗണ്ടിംഗ് എന്നിവയ്ക്കായി ബൃഹത്തായ ഓണ്‍ലൈന്‍ ചാനലുകള്‍, മികച്ച ഷിപ്‌മെന്റ് ട്രാക്കിംഗും വെയര്‍ഹൗസ് മാനേജ്‌മെന്റും, ഉപഭോക്തൃസ്റ്റാഫ് സേവനം എന്നിവയിലൂടെ ബിസിനസ് മെച്ചപ്പെടുത്താനുള്ള ശേഷിയാണ് ഐകാര്‍ഗോയ്ക്കുള്ളത്.

ഐബിഎസിന്റെ മികച്ച ടീമുമായുള്ള പങ്കാളിത്തമാണ് തങ്ങളുടെ വിജയത്തിന് ആധാരമാകുന്നതെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് കാര്‍ഗോ പ്രസിഡന്റ് റിക്ക് എലിസണ്‍ പറഞ്ഞു. ഐകാര്‍ഗോയിലൂടെ തങ്ങളുടെ ജീവനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും മികച്ച സേവനം നല്‍കാനാവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അത്യാധുനികമായ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ചരക്കുനീക്കം മെച്ചപ്പെടുത്താനുള്ള പദ്ധതിയുടെ സാങ്കേതിക പങ്കാളിയാകാന്‍ കഴിഞ്ഞത് പ്രത്യേക നേട്ടമാണെന്ന് ഐബിഎസ് സോഫ്റ്റ് വെയറിന്റെ കാര്‍ഗോ ആന്‍ഡ് ലോജിസ്റ്റിക് സൊല്യൂഷന്‍സ് മേധാവി അശോക് രാജന്‍ പറഞ്ഞു.

Comments

comments

Categories: World