ആട് അഗ്നിശമന സേനാനിയായി; കാട്ടുതീയില്‍നിന്നും ലൈബ്രറിയെ സംരക്ഷിച്ചു

ആട് അഗ്നിശമന സേനാനിയായി; കാട്ടുതീയില്‍നിന്നും ലൈബ്രറിയെ സംരക്ഷിച്ചു

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ കാട്ടുതീ വന്‍ നാശം വിതച്ചത് ഇക്കഴിഞ്ഞ ദിവസങ്ങളിലായിരുന്നല്ലോ. അത് അമേരിക്കയില്‍ വലിയ വാര്‍ത്തയുമായിരുന്നു. കാട്ടുതീ ഉണ്ടായതിനെ തുടര്‍ന്നു വീടു വിട്ട് പാതിരാത്രിയില്‍ ഇറങ്ങി ഓടേണ്ടി വന്ന കാര്യം ഹോളിവുഡ് നടന്‍ ആര്‍നോള്‍ഡ് ഷ്വാര്‍സ്‌നെഗര്‍ വരെ ട്വിറ്ററില്‍ കുറിക്കുകയുണ്ടായി. അവിടെ നിന്നും ഇപ്പോള്‍ ലഭിക്കുന്ന ഏറ്റവും പുതിയ വാര്‍ത്ത 500-ാളം വരുന്ന ആടുകള്‍ കാലിഫോര്‍ണിയയിലെ റൊണാള്‍ഡ് റീഗന്‍ ലൈബ്രറിയെ കാട്ടുതീയില്‍നിന്നും സംരക്ഷിച്ചതിനെ കുറിച്ചുള്ളതാണ്. ഒരു കുന്നിന്‍ മുകളിലാണ് ലൈബ്രറി സ്ഥിതി ചെയ്യുന്നത്. ലൈബ്രറി കെട്ടിടത്തിനു ചുറ്റും എളുപ്പം തീപിടിക്കുന്ന പുല്ല് വളര്‍ന്നു നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആടുകള്‍ അവിടെയെത്തി പുല്ല് തിന്നു തീര്‍ത്തതിനാല്‍ കെട്ടിടത്തു ചുറ്റുമുള്ള പ്രദേശത്ത് അഗ്നിബാധയുണ്ടായില്ല. എല്ലാ വര്‍ഷവും മേയ് മാസത്തില്‍ വെഞ്ചുറ കൗണ്ടി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നൂറു കണക്കിന് ആടുകളെ ലൈബ്രറി പരിസരത്ത്് കൊണ്ടുവരാറുണ്ട്. പുല്ല് തീറ്റിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അതുവഴി അഗ്നിബാധയുണ്ടാകുന്നത് തടയാനാകുമെന്നും ലൈബ്രറി വക്താവ് മെലിസ ഗില്ലര്‍ പറഞ്ഞു. കാലിഫോര്‍ണിയയിലെ ഭൂരിഭാഗം പ്രദേശവും കഴിഞ്ഞ ദിവസം കാട്ടുതീയില്‍പ്പെട്ടപ്പോള്‍ ലൈബ്രറി കെട്ടിടത്തിനു സാരമായ കേടുപാടുകള്‍ സംഭവിച്ചില്ല. കാരണം അവിടെ പുല്ല് ഇല്ലായിരുന്നു. അതിനാല്‍ അഗ്നിബാധയുമുണ്ടായില്ല. കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയിലെ 1300 ഏക്കറോളം വരുന്ന പ്രദേശത്താണ് കാട്ടുതീ പടര്‍ന്നത്. ഏകദേശം 6500ാളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

Comments

comments

Categories: World
Tags: fire, Goat