ആളോഹരി ജിഡിപി കൂടി: അബുദാബിയുടെ സാമ്പത്തികനില ഭദ്രമെന്ന് ഫിച്ച് റേറ്റിംഗ്‌സ്

ആളോഹരി ജിഡിപി കൂടി: അബുദാബിയുടെ സാമ്പത്തികനില ഭദ്രമെന്ന് ഫിച്ച് റേറ്റിംഗ്‌സ്

വിദേശ ആസ്തികളുടെ മൂല്യത്തില്‍ എമിറേറ്റ് മൂന്നാംസ്ഥാനത്ത്; പൊതുകടവും കുറവ്

അബുദാബി: അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്‌സ് അബുദാബിയുടെ ‘എഎ’ ക്രെഡിറ്റ് റേറ്റിംഗ് നിലനിര്‍ത്തി. ശക്തമായ സാമ്പത്തിക സ്ഥിതിയും മറ്റ് ഘടകങ്ങളും ഉയര്‍ന്ന ആളോഹരി മൊത്തം ആഭ്യന്തര ഉല്‍പ്പാദനവും കണക്കിലെടുത്താണ് അബുദാബിക്ക് ഫിച്ച് ദീര്‍ഘകാലത്തേക്കുള്ള (long-term issuer rating) എഎ റേറ്റിംഗ് നല്‍കിയത്.

എമിറേറ്റിന് കീഴിലുള്ള(സൊവറീന്‍) ആകെ വിദേശ ആസ്തികള്‍ ഫിച്ച് റേറ്റ് ചെയ്തിട്ടുള്ള മറ്റ് സൊവറീന്‍ വിദേശ ആസ്തികളില്‍ വെച്ച് മൂന്നാമത്തേതാണെന്നും ഇത് 2018ലെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 185 ശതമാനം വരുമെന്നും ഫിച്ച് വ്യക്തമാക്കി. മാത്രമല്ല അബുദാബിയുടെ പൊതുകടവും(2019 അവസാനത്തോടെ ജിഡിപിയുടെ 11 ശതമാനം)താരതമ്യേന കുറവാണ്.

എണ്ണ വില ക്രമീകരിക്കപ്പെടുന്നത്, അല്ലെങ്കില്‍ വലിയ ഉയര്‍ച്ച രേഖപ്പെടുത്താത്ത അവസ്ഥയിലേക്കെത്തുന്നത് വരുമാനം കുറയ്ക്കുന്നതിന് കാരണമാകും. ചെലവിടല്‍ കുറയ്ക്കുന്നതിലൂടെ ഭാഗികമായി മാത്രമേ അതിനെ പ്രതിരോധിക്കാനാകൂയെന്ന് റേറ്റിംഗ് ഏജന്‍സി അഭിപ്രായപ്പെട്ടു. ചിലവുകള്‍ക്ക് ശേഷം മിച്ചം വരുന്ന തുക 2019ല്‍ ജിഡിപിയുടെ 1.9 ശതമാനമായിരിക്കും, എന്നാല്‍ 2018ലെ 3.3 ശതമാനത്തേക്കാള്‍ കുറവാണിത്. ബ്രെന്റ് ക്രൂഡ് വില പതിവായി ബാരലിന് 60 ഡോളറിലും താഴേക്ക് പോകുന്നതിനാല്‍ 2020ല്‍ അബുദാബിയുടെ ബജറ്റ് കമ്മിബജറ്റാകാമെന്നും ഫിച്ച് പ്രവചിക്കുന്നു. ജിഡിപിയുടെ 1 ശതമാനം ബജറ്റ്കമ്മിക്കാണ് സാധ്യത. 2021ല്‍ ഇത് 2.3 ശതമാനമാകാം. എണ്ണയുല്‍പ്പാദനം സന്തുലിതമായി തുടരുമെന്നും ചിലവിടലില്‍ നേരിയ രീതിയിലുള്ള വളര്‍ച്ച തുടരുമെന്നും ഫിച്ച് പ്രവചിക്കുന്നു.

2015ലും 2016ലും കൈക്കൊണ്ട ഘടനാപരമായ സാമ്പത്തിക പരിഷ്‌കരണങ്ങളുടെയും ചെലവ്ചുരുക്കലിന്റെയും കുറഞ്ഞ ജിഡിപി വളര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ ആഭ്യന്തര ചെലവിടല്‍ ഇനി കൂടാനാണ് സാധ്യത. ധന നയത്തില്‍ അയവ് വരുത്തുന്ന സാഹചര്യത്തിലേക്കും സര്‍ക്കാര്‍ എത്തിയേക്കും. 2014നും 2016നും ഇടയില്‍ സര്‍ക്കാര്‍ ചിലവിടല്‍ 25 ശതമാനത്തോളം വെട്ടിക്കുറച്ചിരുന്നു. മാത്രമല്ല ഇക്കാലയളവില്‍ ഫീസ് നിരക്കുകളും നികുതിയും വര്‍ധിപ്പിക്കുകയും ചെയ്തു. 2017 ഒക്ടോബറില്‍ എക്‌സൈസ് തീരുവ ഏര്‍പ്പെടുത്തിയ ശേഷം 2018 തുടക്കത്തില്‍ യുഎഇ സര്‍ക്കാര്‍ 5 ശതമാനം മൂല്യവര്‍ധിത നികുതിയും ഏര്‍പ്പെടുത്തിയിരുന്നു.

2019-2021 കാലഘട്ടത്തില്‍ അബുദാബിക്ക് ഏതാണ്ട് 36 ബില്യണ്‍ ഡോളറിന്റെ ധനസഹായം ആവശ്യമായി വരുമെന്നാണ് ഫിച്ച് പ്രവചിക്കുന്നത്. ചിലവിടലില്‍ 5 ശതമാനത്തിന്റെ കുറവുണ്ടാകും. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ പലിശ, ലാഭവിഹിതം എന്നീ ഇനങ്ങളിലുള്ള വരുമാനം ഭൂരിഭാഗം സാമ്പത്തിക ആവശ്യങ്ങളും നിറവേറ്റുമെങ്കിലും അനുകൂലമായ പലിശനിരക്ക് സാഹചര്യം മുതലെടുത്ത് സര്‍ക്കാരിന് കടപ്പത്രങ്ങള്‍ ഇറക്കുന്നതുമായി മുമ്പോട്ടു പോകാമെന്നും ഫിച്ച് അഭിപ്രായപ്പെടുന്നു. സെപ്റ്റംബറില്‍ 10 ബില്യണ്‍ ഡോളറിന്റെ കടപ്പത്രങ്ങളാണ് അബുദാബി പുറത്തിറക്കിയത്. അന്താരാഷ്ട്ര നിക്ഷേപകരില്‍ നിന്നും വളരെ മികച്ച രീതിയിലുള്ള പലിശയാണ് ഇവ സ്വന്തമാക്കിയത്.

എമിറേറ്റിന്റെ ബജറ്റ് കമ്മി നികത്താന്‍ ഉപയോഗപ്പെടുത്തിയെങ്കിലും ശക്തമായ സാമ്പത്തിക വിപണികളില്‍ നിന്നുള്ള വരുമാനത്തിലൂടെ ആസ്്തികളുടെ മൂല്യം കാത്തുസൂക്ഷിക്കാനും കഴിഞ്ഞ വര്‍ഷങ്ങളില്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് സാധിച്ചു. 2018 അവസാനത്തില്‍ 487 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന വിദേശ ആസ്തികള്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് ഉണ്ടായിരുന്നതായാണ് തങ്ങളുടെ കണക്കുകൂട്ടലെന്ന് ഫിച്ച് അറിയിച്ചു.

2019ല്‍ അബുദാബിയുടെ നിലവിലെ വിലനിലവാരത്തെ അടിസ്ഥാനപ്പെടുക്കിയുള്ള ജിഡിപിയില്‍ 1.3 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഫിച്ച് പ്രതീക്ഷിക്കുന്നത്. വര്‍ധിച്ച എണ്ണയുല്‍പ്പാദനത്തിന്റെ പശ്ചാത്തലത്തില്‍ അബുദാബിയുടെ കഴിഞ്ഞ വര്‍ഷത്തെ റിയല്‍ ജിഡിപി 1.9 ശതമാനമായിരുന്നു. എന്നാല്‍ 2018ല്‍ 0.6 ശതമാനം വളര്‍ച്ച നേടിയിരുന്ന എമിറേറ്റിലെ എണ്ണയിതര മേഖല ഈ വര്‍ഷം 1.4 ശതമാനവും 2020-2021 വര്‍ഷത്തില്‍ 2.5 ശതമാനവും വളര്‍ച്ച നേടുമെന്ന് റേറ്റിംഗ്‌സ് ഏജന്‍സി പ്രവചിക്കുന്നു.

2019ല്‍ പ്രതിദിന എണ്ണയുല്‍പ്പാദനം 31 ലക്ഷം ബാരല്‍ മറികടക്കാനാണ് സാധ്യത. 2020ഓടെ പ്രതിദിന എണ്ണയുല്‍പ്പാദന ശേഷി 40 ലക്ഷം ആക്കി മാറ്റാനുള്ള തീരുമാനം സര്‍ക്കാരിന്റെ സാമ്പത്തികശേഷിക്കും വളര്‍ച്ചയ്ക്കും ഗുണം ചെയ്യും. അതേസമയം എണ്ണയുല്‍പ്പാദനത്തില്‍ ഒപെകിന്റെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം ആ പദ്ധതി നടപ്പിലാകാന്‍ ഇടയില്ലെന്നും ഫിച്ച് പറയുന്നു. പൊതുമേഖലയില്‍ വലിയ തോതിലുള്ള നിക്ഷേപങ്ങളും ഘടനാപരമായ പരിഷ്‌കാരങ്ങളും തുടരുന്ന സാഹചര്യത്തില്‍ എമിറേറ്റിന്റെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യത ഭദ്രമാണെന്നും ഫിച്ച് പറയുന്നു.

Comments

comments

Categories: Arabia