ഇന്ത്യയിലെ ആദ്യ ബെന്റ്‌ലി മുല്‍സാന്‍ ഇഡബ്ല്യുബി ഡെലിവറി ചെയ്തു

ഇന്ത്യയിലെ ആദ്യ ബെന്റ്‌ലി മുല്‍സാന്‍ ഇഡബ്ല്യുബി ഡെലിവറി ചെയ്തു

ബെംഗളൂരുവിലെ ബ്രിട്ടീഷ് ബയോളജിക്കല്‍സ് സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമായ വിഎസ് റെഡ്ഡിയാണ് ഉടമ

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ആദ്യ ബെന്റ്‌ലി മുല്‍സാന്‍ ഇഡബ്ല്യുബി (എക്‌സ്‌റ്റെന്‍ഡഡ് വീല്‍ബേസ്) ബെംഗളൂരുവില്‍ ഡെലിവറി ചെയ്തു. ബെംഗളൂരുവിലെ ബ്രിട്ടീഷ് ബയോളജിക്കല്‍സ് സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമായ വിഎസ് റെഡ്ഡിയാണ് ഉടമ. ജീവനക്കാരുടെ സാന്നിധ്യത്തില്‍ അദ്ദേഹം സൂപ്പര്‍ ലക്ഷ്വറി കാര്‍ ഏറ്റുവാങ്ങി. ബെന്റ്‌ലി മുല്‍സാന്‍ വാങ്ങുകയെന്ന തന്റെ ദീര്‍ഘകാലത്തെ സ്വപ്‌നം യാഥാര്‍ത്ഥ്യമായെന്ന് അദ്ദേഹം പറഞ്ഞു. പത്ത് കോടിയിലധികമാണ് കാറിന് എക്‌സ് ഷോറൂം വില. ഇന്ത്യയില്‍ ബെന്റ്‌ലി മോട്ടോഴ്‌സിന്റെ അംഗീകൃത വിതരണക്കാരായ എക്‌സ്‌ക്ലുസീവ് മോട്ടോഴ്‌സാണ് കാര്‍ ഇറക്കുമതി ചെയ്തത്. വിഎസ് റെഡ്ഡിയുടെ ഇഷ്ടത്തിന് അനുസരിച്ച് കാര്‍ കസ്റ്റമൈസ് ചെയ്തിട്ടുണ്ട്.

‘മുള്ളിനര്‍ ഡ്രൈവിംഗ് സ്‌പെസിഫിക്കേഷന്‍’ പാക്കേജോടുകൂടിയാണ് റോസ് ഗോള്‍ഡ് നിറത്തിലുള്ള ബെന്റ്‌ലി മുല്‍സാന്‍ ഇഡബ്ല്യുബി വരുന്നത്. 21 ഇഞ്ച് പോളിഷ്ഡ് അലോയ് വീലുകള്‍, തുകല്‍ അപ്‌ഹോള്‍സ്റ്ററി, ലാമ്പ്‌സ്‌വൂള്‍ ചവിട്ടികള്‍, വാനിറ്റി കണ്ണാടികള്‍, പിറകില്‍ അധിക ലെഗ്‌റൂം, എയര്‍ സസ്‌പെന്‍ഷനുകള്‍, ട്രെഡ്‌പ്ലേറ്റുകളില്‍ കൈകൊണ്ടെഴുതിയ ‘ബെന്റ്‌ലി മുള്ളിനര്‍’ തുടങ്ങിയവ ‘മുള്ളിനര്‍ ഡ്രൈവിംഗ് സ്‌പെസിഫിക്കേഷന്‍’ പാക്കേജില്‍ ഉള്‍പ്പെടുന്നു.

ഡാഷ്‌ബോര്‍ഡില്‍ പോളിഷ്ഡ് വുഡ് ഫിനിഷ്, തുകല്‍ തുന്നിച്ചേര്‍ത്ത സ്റ്റിയറിംഗ് വളയം, കാബിനില്‍ സോഫ്റ്റ് ലെതര്‍ സാന്നിധ്യം, പിറകിലെ യാത്രക്കാര്‍ക്ക് 10 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, തിരുമ്മുചികിത്സ ചെയ്യുന്ന സീറ്റ്, വെന്റിലേറ്റഡ് സീറ്റ്, പനോരമിക് സണ്‍റൂഫ്, ബിസിനസ് ക്ലാസ് റിയര്‍ സീറ്റുകള്‍ (ബാക്ക്, ഹെഡ്, ലെഗ് റെസ്റ്റുകള്‍ക്ക് പവര്‍ ഫംഗ്ഷനുകള്‍ സഹിതം) എന്നിവ കാറിനകത്തെ വിശേഷങ്ങളാണ്. പാനീയങ്ങള്‍ തണുപ്പില്‍ സൂക്ഷിക്കുന്നതിന് പിറകില്‍ ചെറിയ ഫ്രിഡ്ജ് കാണാന്‍ കഴിയും.

6.8 ലിറ്റര്‍, ട്വിന്‍ ടര്‍ബോ, വി8 പെട്രോള്‍ എന്‍ജിനാണ് ബെന്റ്‌ലി മുല്‍സാന്‍ ഇഡബ്ല്യുബി മോഡലിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 506 എച്ച്പി കരുത്തും 1020 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 2,700 കിലോഗ്രാമില്‍ കൂടുതലാണ് വാഹനത്തിന്റെ ഭാരം. ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 5.1 സെക്കന്‍ഡ് മതി.

Comments

comments

Categories: Auto