വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കാന്‍ യൂ ട്യൂബര്‍മാര്‍ രംഗത്ത്

വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കാന്‍ യൂ ട്യൂബര്‍മാര്‍ രംഗത്ത്

ലണ്ടന്‍: ഒരു കൂട്ടം യു ട്യൂബ് താരങ്ങള്‍ അവരുടെ വന്‍തോതിലുള്ള വരിക്കാരെ അണിനിരത്തി ലോകമെമ്പാടും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനായി ആറ് ദശലക്ഷം ഡോളറിലധികം തുക സമാഹരിച്ചു. ഈ വര്‍ഷം മേയ് മാസം മിസ്റ്റര്‍ ബീസ്റ്റ് എന്ന് അറിയപ്പെടുന്ന അമേരിക്കന്‍ യു ട്യൂബര്‍ ജിമ്മി ഡൊണാള്‍ഡ്‌സണ്‍ അദ്ദേഹത്തിന്റെ യു ട്യൂബ് ചാനിലിന് 20 ദശലക്ഷം വരിക്കാരെ സ്വന്തമാക്കാന്‍ സാധിച്ചതിന്റെ പേരില്‍ ആഘോഷം നടത്തിയപ്പോള്‍ 20 ദശലക്ഷം വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ചു കൂടേയെന്നു പലരും ചോദിക്കുകയുണ്ടായി. ഇതൊരു വെല്ലുവിളിയായി അദ്ദേഹം ഏറ്റെടുത്തു. തുടര്‍ന്ന് ജിമ്മി ഡൊണാള്‍ഡ്‌സണ്‍ മറ്റു യു ട്യൂബര്‍മാരുമായി ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ  ടീം ട്രീസ് പ്രൊജക്റ്റിന് രൂപം കൊടുത്തു. ഇതിന്റെ ഭാഗമായി 20 ദശലക്ഷം ഡോളര്‍ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇങ്ങനെ സമാഹരിക്കുന്ന ഓരോ ഡോളറും ഒരു വൃക്ഷത്തൈ നടാന്‍ ഉപയോഗിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ 25നാണ് പരിപാടിക്കു തുടക്കമിട്ടത്. പദ്ധതി പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളില്‍ അഞ്ച് ദശലക്ഷം ഡോളര്‍ സമാഹരിക്കാന്‍ ജിമ്മി ഡൊണാള്‍ഡ്‌സണിനു സാധിച്ചു. ഇതില്‍ 1.75 ദശലക്ഷം ഡോളറും യു ട്യൂബിലൂടെയാണു സമാഹരിച്ചത്. ഇങ്ങനെ ലഭിച്ച സംഭാവന മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനായി ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ ആര്‍ബര്‍ ഡേ ഫൗണ്ടേഷനു നേരിട്ടു അയച്ചു കൊടുക്കുകയാണ്.

മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ 2020 ജനുവരി മുതല്‍ ലോകമെമ്പാടും മരങ്ങള്‍ അവര്‍ നട്ടു തുടങ്ങും. 600 ലധികം കണ്ടന്റ് ക്രിയേറ്റര്‍മാരും, സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍മാരും ഈ ഉദ്യമത്തില്‍ ചേര്‍ന്നു കഴിഞ്ഞിരിക്കുകയാണ്. സംഭാവന നല്‍കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിനായി ക്രിയേറ്റീവായ തന്ത്രങ്ങളും ഇവര്‍ പ്രയോഗിക്കുകയാണ്.

Comments

comments

Categories: World