ഇന്ത്യയ്ക്കായി റെനോ സബ്‌കോംപാക്റ്റ് സെഡാന്‍ വികസിപ്പിക്കും

ഇന്ത്യയ്ക്കായി റെനോ സബ്‌കോംപാക്റ്റ് സെഡാന്‍ വികസിപ്പിക്കും

2021 ല്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വിപണി മനസ്സില്‍ക്കണ്ട് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ പുതിയ സബ്‌കോംപാക്റ്റ് സെഡാന്‍ വികസിപ്പിക്കും. നാല് മീറ്ററില്‍ താഴെ നീളം വരുന്ന സെഡാന്‍ 2021 ല്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാരുതി സുസുകി ഡിസയര്‍, ഹോണ്ട അമേസ്, ഫോഡ് ആസ്പയര്‍, അടുത്ത തലമുറ ഹ്യുണ്ടായ് എക്‌സെന്റ് എന്നിവയായിരിക്കും പ്രധാന എതിരാളികള്‍.

ഇതിനുമുമ്പ് റെനോ ലോഗന്‍ സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ഡാസിയ ലോഗന്‍ അടിസ്ഥാനമാക്കിയാണ് ഈ മോഡല്‍ നിര്‍മിച്ചത്. സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്‌ഫോം ആയിരിക്കും പുതിയ സെഡാന്‍ അടിസ്ഥാനമാക്കുന്നത്. റെനോ ട്രൈബര്‍ നിര്‍മിച്ചിരിക്കുന്നതും ഇതേ പ്ലാറ്റ്‌ഫോമിലാണ്. റെനോ ക്വിഡ്, ഡാറ്റ്‌സണ്‍ റെഡി-ഗോ മോഡലുകള്‍ ഉപയോഗിച്ച സിഎംഎഫ്-എ പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌കരിച്ച പതിപ്പാണ് സിഎംഎഫ്-എ പ്ലസ്.

ഇന്ത്യയിലെ സബ്-4 മീറ്റര്‍ സെഡാന്‍ സെഗ്‌മെന്റ് 2019 സാമ്പത്തിക വര്‍ഷം 12 ശതമാനം വളര്‍ച്ചയാണ് പ്രകടിപ്പിച്ചത്. 4.6 ലക്ഷം യൂണിറ്റ് സബ്‌കോംപാക്റ്റ് സെഡാന്‍ വിറ്റുപോയി. സമീപ ഭാവിയില്‍ സെഗ്‌മെന്റ് കൂടുതല്‍ വളരുമെന്നാണ് വിദഗ്ധാഭിപ്രായം. ഈ കണക്കുകള്‍ റെനോ ഹൃദിസ്ഥമാക്കിയിരിക്കുന്നു.

അടുത്ത വര്‍ഷം അരങ്ങേറ്റം നടത്തുന്ന 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും സബ്-4 മീറ്റര്‍ റെനോ സെഡാന് കരുത്തേകുന്നത്. മാന്വല്‍, എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ കൂടാതെ മറ്റ് വിപണികളിലേക്ക് കാര്‍ കയറ്റുമതി ചെയ്യുന്നതും പരിഗണിക്കും. ലാറ്റിന്‍ അമേരിക്ക, തെക്കു കിഴക്കനേഷ്യ, ആഫ്രിക്ക തുടങ്ങിയ വിപണികളാണ് റെനോയുടെ മനസ്സിലുള്ളത്.

Comments

comments

Categories: Auto