ആര്‍സിഇപി ഉള്‍പ്പടെയുള്ളവയിലൂടെ പുതിയ വിപണികള്‍ക്കായി ശ്രമം തുടരും: പിയൂഷ് ഗോയല്‍

ആര്‍സിഇപി ഉള്‍പ്പടെയുള്ളവയിലൂടെ പുതിയ വിപണികള്‍ക്കായി ശ്രമം തുടരും: പിയൂഷ് ഗോയല്‍

വ്യാപാര കരാറുകളെ കുറിച്ച് ഒരു വിഭാഗം അടിസ്ഥാന രഹിതമായ ഭീതി പടര്‍ത്തുന്നുവെന്നും കേന്ദ്ര വാണിജ്യ മന്ത്രി

ന്യൂഡെല്‍ഹി: മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്തം (ആര്‍സിഇപി) ഉള്‍പ്പെടെയുള്ള വ്യാപാര ചര്‍ച്ചകളിലൂടെ ഇന്ത്യ പുതിയ വിപണികള്‍ തേടുന്നത് തുടരുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. നിര്‍ദ്ദിഷ്ട വ്യാപാര ഇടപാടുകളുടെ ചട്ടക്കൂട് പരസ്യമാക്കുന്നതുവരെ അതിലുള്‍പ്പെട്ട അംഗ രാഷ്ട്രങ്ങള്‍ പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയ്ക്ക് സ്വയം ഒറ്റതിരിഞ്ഞ് നില്‍ക്കാനാകില്ല. ബഹുകക്ഷി സഹകരണത്തില്‍ എല്ലാ ആനുകൂല്യങ്ങളും നമുക്ക് ലഭിക്കണമെന്നും ഒരു ആനുകൂല്യവും മറ്റുള്ളവര്‍ക്ക് നല്‍കില്ലെന്നും കരുതാനാകില്ല,’ കയറ്റുമതിക്കായുള്ള ഉന്നത ഉപദേശക സമിതിയുടെ റിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ട് ഗോയല്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച യുഎസുമായുള്ള ഉഭയകക്ഷി വ്യാപാര കരാറിന് അനുകൂലമായും ഗോയല്‍ സംസാരിച്ചിരുന്നു.

ദേശീയ സുരക്ഷയിലും ദേശീയ താല്‍പ്പര്യത്തിലും സര്‍ക്കാര്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. എങ്കിലും ഇടുങ്ങിയ രീതിയില്‍ കാര്യങ്ങളെ കാണാതെ വിശാലമായ രീതിയില്‍ താല്‍പ്പര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. വ്യാപാര കരാറുകളുടെ അഭാവത്തില്‍ ടെക്‌സ്‌റ്റൈല്‍ വ്യവസായം പ്രയാസമനുഭവിക്കുന്നതായും ഗോയല്‍ ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങളും വ്യവസായങ്ങളുടെ താല്‍പ്പര്യങ്ങളും പരിഗണിച്ചുകൊണ്ടുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതെങ്കിലും വ്യാവസായിക മേഖലയിലെ ഇന്ത്യയിലെ അപര്യാപ്തതകളുടെ ഫലമായി ഉപഭോക്താക്കള്‍ നിരന്തരം ഉയര്‍ന്ന മൂല്യം നല്‍കണമെന്ന് കരുതാനാവില്ല. സ്വതന്ത്ര വ്യാപാര കരാറുകളോ ഇറക്കുമതിയോ ആഭ്യന്തര തലത്തിലെ ഏതെങ്കിലും മേഖലയെ തകര്‍ക്കുമെന്ന് മുന്‍വിധിയോടെ ചിലര്‍ പ്രചരിപ്പിക്കുകയാണ്. ആര്‍സിഇപി ഉള്‍പ്പടെയുള്ള കരാറുകള്‍ കാര്‍ഷിക, വ്യാവസായിക മേഖലകളെ തകര്‍ക്കുമെന്ന് ചിലര്‍ അടിസ്ഥാന രഹിതമായി ഭീതി പടര്‍ത്തുകയാണെന്നും വാണിജ്യ മന്ത്രി പറഞ്ഞു.

Comments

comments

Categories: Business & Economy
Tags: Piyush Goyal