‘മെഡിക്കല്‍ ഉപകരണ വ്യവസായത്തില്‍ കേരളത്തിന് വന്‍ സാധ്യതകള്‍’

‘മെഡിക്കല്‍ ഉപകരണ വ്യവസായത്തില്‍ കേരളത്തിന് വന്‍ സാധ്യതകള്‍’
  • കേരളത്തില്‍ വരേണ്ടത് ഓട്ടോമൊബീല്‍ ഫാക്റ്ററികളും സ്റ്റീല്‍ പ്ലാന്റുകളുമല്ല: സി പത്മകുമാര്‍
  • ഇവിടെ മെഡിക്കല്‍ ഉപകരണ വ്യവസായം വിജയിപ്പിക്കാനുള്ള സകല ഘടകങ്ങളുമുണ്ട്

തിരുവനന്തപുരം: സംരംഭകസൗഹൃദമല്ല കേരളത്തിന്റെ ചരിത്രമെന്ന ആവര്‍ത്തിച്ചുള്ള പഴിചാരലുകള്‍ക്കിടയില്‍ വേറിട്ട അഭിപ്രായവുമായി തെറുമോ പെന്‍പോള്‍ മാനേജിംഗ് ഡയറക്റ്റര്‍ സി പത്മകുമാര്‍. ഇന്ന് സംരംഭകരെ പിന്തുണയ്ക്കാന്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ പോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ലൈസന്‍സുകളും സര്‍ട്ടിഫിക്കറ്റുകളുമൊക്കെ വേഗത്തില്‍, എളുപ്പത്തില്‍ ലഭ്യമാകുന്നതിനുള്ള ഏകജാലക സംവിധാനം പോലുള്ള സൗകര്യങ്ങളും ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലഡ് ബാഗും അനുബന്ധ ഉപകരണങ്ങളും നിര്‍മിക്കുന്ന, 80 ല്‍ അധികം രാജ്യങ്ങളിലേക്ക് കയറ്റുമതിയുള്ള വന്‍ സംരംഭമാണ് പെന്‍പോള്‍.

‘കേരളം മുമ്പ് സംരംഭക സൗഹൃദമായിരുന്നില്ല എന്ന് പൊതുവേ പറയുമ്പോഴും ഞങ്ങള്‍ സംരംഭകരംഗത്തേക്ക് ഇറങ്ങിയ കാലത്ത് മോശമായ അനുഭവം ഉണ്ടായിട്ടില്ല. കെഎസ്‌ഐഡിസിയും സി ബാലഗോപാലും ചേര്‍ന്നുള്ള സംയുക്ത കമ്പനിയായിട്ടാണ് ഞങ്ങള്‍ തുടങ്ങുന്നത്. എന്‍ആര്‍ഡിസിയുടെ 25% ഷെയറും അതിലുണ്ടായിരുന്നു. കെഎസ്‌ഐഡിസിയുടെ ആദ്യ ഫണ്ടിംഗുകളിലൊന്നാണ് പെന്‍പോള്‍,’ ഫ്യൂച്ചര്‍ കേരളയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പത്മകുമാര്‍ പറഞ്ഞു.

ഭാവി അവസരങ്ങള്‍

ആയിരക്കണക്കിനൊന്നും ഇല്ലെങ്കിലും വന്‍കിട, ഇടത്തരം ഉല്‍പ്പാദന കമ്പനികള്‍ കേരളത്തില്‍ കുറവല്ലെന്ന് സി പത്മകുമാര്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ ഭൂമി ആവശ്യമില്ലാത്തതും കൂടുതല്‍ മലിനീകരണമില്ലാത്തതുമായ നിര്‍മാണ വ്യവസായങ്ങള്‍ കേരളത്തില്‍ ഇന്നുണ്ട്. ഇനി വരേണ്ടതും അത്തരം വ്യവസായങ്ങളാണ്. ‘ഇവിടെ ഇനി ഓട്ടോമൊബീല്‍ ഫാക്റ്ററികളും സ്റ്റീല്‍ പ്ലാന്റുകളുമൊന്നും വന്നിട്ട് കാര്യമില്ല. അതൊന്നും ജനസാന്ദ്രതയേറിയ കേരളത്തിന് പറ്റിയ വ്യവസായങ്ങളല്ല. മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണമാണ് ഏറ്റവും യോജ്യം. പ്രത്യേകിച്ചും തിരുവനന്തപുരത്തിന്. കാരണം ഈ വ്യവസായത്തിന്റെ വിജയത്തിന് അത്യാവശ്യമായ ചില ഘടകങ്ങള്‍ ഇവിടുണ്ട്,’ അദ്ദേഹം പറഞ്ഞു. ഒരു സ്റ്റീല്‍ പ്ലാന്റ് പോലെ ഒറ്റപ്പെട്ട ഒരു സ്ഥലത്ത് ഇവ ആരംഭിക്കാനാകില്ല. സര്‍വകലാശാലകള്‍, ലൈഫ് സയന്‍സ് ഗവേഷണ സ്ഥാപനങ്ങള്‍, ടീച്ചിംഗ് ഹോസ്പിറ്റലുകള്‍, ഐടി പാര്‍ക്കുകള്‍ എന്നിവയുടെ സാമിപ്യവും സഹകരണവും മെഡിക്കല്‍ ഡിവൈസ് വ്യവസായങ്ങള്‍ക്ക് അനിവാര്യമാണെന്നും ഇത് തലസ്ഥാന നഗരിയില്‍ ലഭ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Categories: FK News, Slider