മോഷ്ടിക്കപ്പെട്ട ക്രെഡിറ്റ്,ഡെബിറ്റ് വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്ക്ക്

മോഷ്ടിക്കപ്പെട്ട ക്രെഡിറ്റ്,ഡെബിറ്റ് വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്ക്ക്

ഓരോ കാര്‍ഡിനും 100 ഡോളറാണ് വില

മുംബൈ:മോഷ്ടിക്കപ്പെട്ട ക്രെഡിറ്റ്,ഡെബിറ്റ് വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്‌ക്കെത്തിയതായി റിപ്പോര്‍ട്ട്‌. നടപ്പു വര്‍ഷം പകുതി പിന്നിട്ടപ്പോള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്‌ക്കെത്തിയ എക്കൗണ്ടുകളുടെ എണ്ണം 23 ദശലക്ഷം പിന്നിട്ടതായി സൈബര്‍സെക്യൂരിറ്റി സ്ഥാപനമായ സിക്‌സ്ഗില്‍ അറിയിച്ചു.

യുഎസ്, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ വിവരങ്ങളാണ് ഇതില്‍ മൂന്നില്‍ രണ്ടു വിഭാഗവുമെന്നാണ് സൂചന. എന്നാല്‍ ഇന്ത്യക്കാരുടെ എക്കൗണ്ടുകളും ഉള്‍പ്പെട്ടിരിക്കാമെന്നാണ് ഗ്രൂപ്പ് ഐബിയിലെ ഗവേഷകരുടെ അനുമാനം. ഡാര്‍ക്ക് വെബ്ബില്‍ മോഷ്ടിക്കപ്പെട്ട കാര്‍ഡ് വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ജോക്കേഴ്‌സ് സ്റ്റാഷ് എന്ന ഓണ്‍ലൈനില്‍ സ്‌റ്റോറില്‍ ഓരോ കാര്‍ഡിനും 100 ഡോളറാണ് വില. ഇതില്‍ 98 ശതമാനം വിവരങ്ങളും ഇന്ത്യന്‍ ബാങ്കുകളുടേതാണെന്നും സൂചനയുണ്ട്.

എടിഎമ്മുകളിലോ പിഒഎസുകളിലോ രഹസ്യമായി സ്ഥാപിക്കുന്ന സ്‌കിമ്മിംഗ് ഉപകരണങ്ങള്‍ വഴിയാകും കാര്‍ഡ് വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തുന്നതെന്നാണ് ഇപ്പോള്‍ അനുമാനിക്കപ്പെടുന്നത്. അടുത്ത കാലത്തായി എടിഎമ്മുകളില്‍ നിന്നും കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നത് ഇന്ത്യയില്‍ വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ബാങ്കുകളെ ലക്ഷ്യമിട്ടുള്ള എടിഎംട്രാക്ക് എന്ന പേരിലൊരു ബാങ്കിംഗ് മാല്‍വെയര്‍ കാസ്‌പെര്‍സ്‌കി കണ്ടെത്തിയിരുന്നു. കാര്‍ഡ് ഉടമകള്‍ എടിഎമ്മില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്യുമ്പോള്‍ അതിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന മാല്‍വെയര്‍ എടിഎമ്മില്‍ സ്ഥാപിച്ചതാണ് കാസ്‌പെര്‍സ്‌കി കണ്ടെത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ കോര്‍പ്പറേറ്റീവ് ബാങ്കിന്റെ സെര്‍വേര്‍ ആയ കോസ്‌മോസിനെ ലക്ഷ്യമിട്ടും മാല്‍വെയര്‍ ആക്രമണമുണ്ടായി. ഹാക്കര്‍മാര്‍ക്ക് 13.5 ദശലക്ഷം ഡോളര്‍ വിവിധ എടിഎം മെഷിനുകളില്‍ നിന്നായി പിന്‍വലിക്കാനുള്ള രീതിയിലായിരുന്നു ആക്രമണം. പോസിറ്റീവ് ടെക്‌നോളജീസിന്റെ അഭിപ്രായത്തില്‍ രാജ്യത്തെ ഭൂരിഭാഗം എടിഎമ്മുകളും നെറ്റ്‌വര്‍ക്ക് ആക്രമണത്തില്‍ നിന്നും സംരക്ഷിക്കപ്പെടുന്നവയല്ല. അവയിലെ ഹാര്‍ഡ് ഡ്രൈവുകള്‍ എന്‍ക്രിപ്റ്റ് ചെയ്യാത്തതിനാല്‍ ഹാക്കര്‍മാര്‍ക്ക് വളരെ എളുപ്പത്തില്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പണം സ്വന്തം നിയന്ത്രണത്തിലാക്കാനാകും.

Categories: FK News, Slider