ഓട്ടിസം ബാധിതരിലെ ആത്മഹത്യാപ്രവണത

ഓട്ടിസം ബാധിതരിലെ ആത്മഹത്യാപ്രവണത

ഓട്ടിസം ബാധിതരില്‍ സ്വയംപീഡനമേല്‍പ്പിക്കല്‍, ആത്മഹത്യാ ചിന്തകള്‍ എന്നിവ കാണുന്നുവെന്ന് പുതിയ പഠനം പറയുന്നു. മലയാളിയായ വരുണ്‍ വാരിയര്‍ അടങ്ങിയ സംഘമാണ് ഇതു കണ്ടെത്തിയത്. ഓട്ടിസത്തിനും പ്രതികൂല ജീവിത സംഭവങ്ങള്‍ക്കും ജനിതക സമാനത കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഇതിന്റെ വ്യക്തമായ കാരണം നിഗമനം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് വരുണ്‍ വാരിയര്‍ പറഞ്ഞു.

ഓട്ടിസത്തിന് ജനിതക സാധ്യതയുള്ളവരില്‍പ്പോലും ഈ കണ്ടെത്തലുകള്‍ ശരിയാണെന്ന് മോളിക്യുലര്‍ സൈക്കിയാട്രി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നുള്ള മുന്‍ പഠനങ്ങള്‍ ഓട്ടിസം ബാധിതരിലെ ആത്മഹത്യാപ്രവണതകളും സ്വയംപീഡനമേല്‍പ്പിക്കലും കുട്ടിക്കാലത്തെ മോശം പെരുമാറ്റത്തിന്റെ ഉയര്‍ന്ന നിരക്കുകളും അനുഭവപ്പെടുന്നതായി കണ്ടെത്തി. ജനിതകമായിത്തന്നെ ഇത്തരക്കാരില്‍ മോശം പെരുമാറ്റത്തിനും സ്വയം ഉപദ്രവത്തിനും സാധ്യതയുണ്ടെന്ന പുതിയ പഠനംമുന്‍ ഗവേഷണങ്ങളെ വിപുലീകരിക്കുന്നതായി കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രൊഫസര്‍ സൈമണ്‍ ബാരണ്‍-കോഹന്‍ പറഞ്ഞു. പഠനത്തിനായി, യുകെ ബയോബാങ്ക് പഠനത്തിലെ 100,000 വ്യക്തികളില്‍ ഓട്ടിസത്തിനുള്ള ജനിതക സാധ്യത ഗവേഷണ സംഘം കണക്കാക്കി. അവരുടെ ഡിഎന്‍എ വിശകലനം ചെയ്യുകയും ബാല്യകാല പെരുമാറ്റവൈകല്യങ്ങള്‍, ആത്മഹത്യാ പ്രവണത, സ്വയം ഉപദ്രവിക്കല്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും ചെയ്തു. ഓട്ടിസത്തിന് ഏറ്റവും ഉയര്‍ന്ന ജനിതക മുന്‍തൂക്കം ഉള്ളവര്‍ക്ക് പെരുമാറ്റ വൈകല്യങ്ങളില്‍ 28 ശതമാനം വര്‍ധനയും കുറഞ്ഞ മുന്‍തൂക്കം ഉള്ളവരെ അപേക്ഷിച്ച് ആത്മഹത്യാപ്രവണതയില്‍ 33 ശതമാനം വര്‍ദ്ധനവുമുണ്ട്. ഓട്ടിസ്റ്റിക് സ്വഭാവസവിശേഷതകളെ ജീനുകള്‍ ഭാഗികമായി സ്വാധീനിക്കുന്നുവെന്നാണ് ഈ ബന്ധം പ്രതിഫലിപ്പിക്കുന്നതെന്ന നിഗമനത്തിലാണ് സംഘം എത്തിയിരിക്കുന്നത്. സാമൂഹികവല്‍ക്കരണത്തിനുള്ള ബുദ്ധിമുട്ടുകള്‍ പോലുള്ള ചില ഓട്ടിസ്റ്റിക് സ്വഭാവവിശേഷങ്ങള്‍ ഒരു വ്യക്തിയെ മോശമായ പെരുമാറ്റത്തിന് ഇരയാക്കുമെന്ന് വാരിയര്‍ കൂട്ടിച്ചേര്‍ത്തു. മതിയായ സുരക്ഷയും പിന്തുണയും നല്‍കിയില്ലെങ്കില്‍, ഉയര്‍ന്ന തോതിലുള്ള ഓട്ടിസ്റ്റിക് സ്വഭാവമുള്ളവര്‍ക്ക് അത്തരം പ്രതികൂല ഫലങ്ങള്‍ അപകടമുണ്ടാക്കുമെന്ന് ഗവേഷണം ഉയര്‍ത്തിക്കാട്ടുന്നു

Comments

comments

Categories: Health
Tags: Autism