ഇനിയുള്ള കാലം യുഎഇയില്‍ സാമ്പത്തിക വളര്‍ച്ച കൊണ്ടുവരിക എണ്ണയിതര മേഖലയെന്ന് അന്താരാഷ്ട്ര നാണ്യനിധി

ഇനിയുള്ള കാലം യുഎഇയില്‍ സാമ്പത്തിക വളര്‍ച്ച കൊണ്ടുവരിക എണ്ണയിതര മേഖലയെന്ന് അന്താരാഷ്ട്ര നാണ്യനിധി

സാമ്പത്തിക വൈവിധ്യവല്‍ക്കരണ നടപടികളുടെ ഗുണഫലങ്ങള്‍ കിട്ടിത്തുടങ്ങി

ദുബായ്: വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ യുഎഇയില്‍ സാമ്പത്തിക വളര്‍ച്ച കൊണ്ടുവരിക എണ്ണയിതര മേഖലയായിരിക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി. സമീപകാലത്തായി സര്‍ക്കാര്‍ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്ന സാമ്പത്തിക വൈവിധ്യവല്‍ക്കരണ യജ്ഞങ്ങള്‍ ഭാവി സാമ്പത്തിക വളര്‍ച്ചയ്ക്ക് വേഗം പകരുമെന്ന് യുഎഇയുടെ സമ്പദ് വ്യവസ്ഥ സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ അന്താരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്) അഭിപ്രായപ്പെട്ടു.

രാജ്യത്ത് നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഗുണഫലങ്ങള്‍ കിട്ടിത്തുടങ്ങുന്നതോടെ 2019ലും 2020ലും എണ്ണയെ കടത്തിവെട്ടി എണ്ണയിതര മേഖല സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് ഐഎംഎഫ് വ്യക്തമാക്കിയിരിക്കുന്നത്. 2018ലെ 1.3 ശതമാനം വളര്‍ച്ചയില്‍ നിന്നും രാജ്യത്തെ എണ്ണയിതര മേഖല 2019ല്‍ 1.6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും 2020ല്‍ 3.0 ശതമാനം വളര്‍ച്ച നേടുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു. തത്ഫലമായി എണ്ണയെ അടിസ്ഥാനമാക്കിയുള്ള മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലെ(ജിഡിപി) വളര്‍ച്ച 2018ലെ 2.8 ശതമാനത്തില്‍ നിന്നും ഈ വര്‍ഷം 1.5 ശതമാനമായും വരുംവര്‍ഷം 1.4 ശതമാനമായും കുറയും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന എക്‌സ്‌പോ 2020യുടെ പശ്ചാത്തലത്തില്‍ ടൂറിസം, വ്യോമയാനം, റീറ്റെയ്ല്‍, ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്‌റ്റേറ്റ്, നിര്‍മാണം തുടങ്ങിയ മേഖലകളിലുണ്ടാകുന്ന ഉണര്‍വ് സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകും. കൂടാതെ കയറ്റുമതിയും പുനര്‍ കയറ്റുമതിയും രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ തോതിലുള്ള സംഭാവനയേകും.

അതേസമയം രാജ്യത്തെ എണ്ണയുല്‍പ്പാദനത്തിലുള്ള വളര്‍ച്ച തുടരുമെന്നും ഐഎംഎഫ് പ്രവചിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷത്തെ പ്രതിദിന എണ്ണയുല്‍പ്പാദന നിരക്കായ 30.2 ലക്ഷം ബാരലില്‍ നിന്നും ഈ വര്‍ഷം ഉല്‍പ്പാദനം 31 ലക്ഷം ബാരലായും വരുംവര്‍ഷം 31.7 ലക്ഷം ബാരലായും ഉയരും. എന്നാല്‍ എണ്ണവിപണിയില്‍ വിലയിലുള്ള ചാഞ്ചല്യം തുടര്‍ന്നും പ്രതീക്ഷിക്കാമെന്നും തിരിച്ചുവരവിനുള്ള സാധ്യത പരിമിതമാണെന്നും ഐഎംഎഫിന്റെ പശ്ചിമേഷ്യ, മധ്യ ഏഷ്യ വിഭാഗം ഡയറക്ടര്‍ ജിഹാദ് അസൂര്‍ പറഞ്ഞു. എണ്ണവിലയിലുള്ള ചാഞ്ചാട്ടം മേഖലയിലെ സമ്പദ് വ്യവസ്ഥകളെ ബാധിക്കും. പക്ഷേ എണ്ണവിലയില്‍ അനിശ്ചിതത്വം തുടരുമ്പോഴും എണ്ണയിതര മേഖലയിലുള്ള വളര്‍ച്ച ക്രമാനുഗതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. എന്നിരുന്നാലും ദശാബ്ദത്തിന്റെ ആദ്യ അഞ്ചുവര്‍ഷങ്ങളില്‍ എണ്ണയിതര മേഖലയിലുണ്ടായ വളര്‍ച്ചയിലേക്ക് എത്താന്‍ ഇപ്പോഴും സാധിച്ചിട്ടില്ലെന്നും അസൂര്‍ ചൂണ്ടിക്കാട്ടി.

‘ജിസിസി രാജ്യങ്ങളിലെ പരിഷ്‌കാരങ്ങളില്‍ ഐഎംഎഫ് തൃപ്തരാണ്. ലോകബാങ്കിന്റെ ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയിലും ഈ രാജ്യങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്’ അസൂര്‍ പറഞ്ഞു.

വ്യാപാരയുദ്ധം വളര്‍ച്ചയെ ബാധിച്ചു

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം തുടക്കത്തില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളെ ബാധിച്ചില്ലെങ്കിലും രണ്ടാംഘട്ടത്തില്‍ വ്യാപാരയുദ്ധത്തിന്റെ തിക്തഫലങ്ങള്‍ അറബ് രാഷ്ട്രങ്ങളിലും പ്രകടമായതായി അസൂര്‍ പറഞ്ഞു. പ്രധാനമായും ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ മേഖലകളിലുള്ള രാജ്യങ്ങളുമായാണ് ജിസിസി രാജ്യങ്ങള്‍ വ്യാപാരം നടത്തുന്നത്. വ്യാപാരയുദ്ധത്തിന്റെ രണ്ടാംഘട്ടത്തില്‍ ഇവിടങ്ങളിലുള്ള വ്യാപാര പങ്കാളികളുടെ ആവശ്യകതയില്‍ കുറവ് വന്നത് കയറ്റുമതി വളര്‍ച്ച കുറയാന്‍ കാരണമായി.

നികുതി, നികുതി ഇതര മാര്‍ഗങ്ങളിലൂടെ പ്രാദേശിക സര്‍ക്കാരുകള്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അസൂര്‍ പറഞ്ഞു. എണ്ണവിലയിലുള്ള ചാഞ്ചാട്ടം, ആഗോള വളര്‍ച്ച സംബന്ധിച്ച മുന്‍കരുതലുകള്‍, ഉയര്‍ന്ന സാമ്പത്തിക വെല്ലുവിളികള്‍ എന്നിവയുടെ സാഹചര്യത്തില്‍ മേഖലയിലെ എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ ഹ്രസ്വകാല സാമ്പത്തിക വളര്‍ച്ച കുറയുമെന്നും ഐഎംഎഫ് വ്യക്തമാക്കുന്നു.

സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയിലെ ഈ വര്‍ഷത്തെ പണപ്പെരുപ്പം -1.1 ശതമാനവും വരുംവര്‍ഷം 2.2 ശതമാനവുമായിരിക്കുമെന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്. നിലവിലെ വിലനിലവാരത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ജിഡിപി 2018ലെ 414.2 ബില്യണ്‍ ഡോളറില്‍ നിന്നും ഈ വര്‍ഷം 405.8 ബില്യണ്‍ ഡോളറായി കുറയും. എന്നാല്‍ എണ്ണയിതര മേഖലയിലെ വളര്‍ച്ചയുടെ കരുത്തില്‍ അടുത്ത വര്‍ഷം അത് 414 ബില്യണ്‍ ഡോളറായി തിരിച്ചുവരവ് നടത്തുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ട് പറയുന്നു.

ജിസിസി മേഖലയില്‍ 2018ല്‍ 2.0 ശതമാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം അത് 0.7 ശതമാനമായി കുറഞ്ഞു. വരുംവര്‍ഷം ജിസിസി മേഖലയില്‍ 2.5 ശതമാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം.

Comments

comments

Categories: Arabia