ആര്‍സിഇപി കരാറില്‍ പിന്നോട്ടടിച്ച് ഇന്ത്യ

ആര്‍സിഇപി കരാറില്‍ പിന്നോട്ടടിച്ച് ഇന്ത്യ
  • വ്യാപാര ഉടമ്പടിയില്‍ ഒപ്പിടാന്‍ പുതിയ നിബന്ധനകള്‍ മുന്നോട്ടുവെച്ച് ഇന്ത്യ
  • നവംബര്‍ നാലിന് കരാറിന്റെ പ്രാഥമിക പ്രഖ്യാപനം നടന്നേക്കില്ലെന്ന് സൂചന
  • കരാര്‍ ആഭ്യന്തര ഉല്‍പ്പാദകര്‍ക്ക് ഭീഷണിയായേക്കുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്

ഒരുവേള ഇന്ത്യയെ കൂടാതെ മറ്റ് 15 രാജ്യങ്ങള്‍ ആര്‍സിഇപി കരാര്‍ യാഥാര്‍ത്ഥ്യമാക്കുകയാണെങ്കില്‍ അത് ആഗോള വിതരണ ശൃംഖലയുടെ ഭാഗമാകാനുള്ള ഇന്ത്യയുടെ അവസരം നഷ്ടപ്പെടുത്തുകയും രാജ്യത്തിന്റെ കയറ്റുമതി ലക്ഷ്യങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യും

-സൗമ്യകാന്തി ഘോഷ്, എസ്ബിഐ

ന്യൂഡെല്‍ഹി: ചൈനയടക്കം 15 രാജ്യങ്ങളുമായി ഏര്‍പ്പെടാനിരിക്കുന്ന നിര്‍ദ്ദിഷ്ട മേഖലാ സമഗ്ര സാമ്പത്തിക കരാറില്‍ (ആര്‍സിഇപി) നിന്ന് പിന്‍മാറിയേക്കുമെന്ന സൂചനകള്‍ നല്‍കി ഇന്ത്യയുടെ നിര്‍ണായക നീക്കങ്ങള്‍. സുപ്രധാന ചര്‍ച്ചകളും കരാറിന്റെ പ്രാഥമിക പ്രഖ്യാപനവും അടുത്തയാഴ്ച നടക്കാനിരിക്കെയാണ് കൂടുതല്‍ നിബന്ധനകള്‍ ഇന്ത്യ മുന്നോട്ടു വെച്ചത്. ഇതോടെ നവംബര്‍ നാലിന് ബാങ്കോക്കില്‍ നടത്താനിരുന്ന പ്രഖ്യാപനം അനിശ്ചിതത്വത്തിലായി. ലോകത്തെ പകുതി ജനസംഖ്യയെ ഉള്‍ക്കൊള്ളുന്ന ആര്‍സിഇപി കരാറിന്റെ മുഖ്യ സംയോജകരായ ചൈനയെയും മറ്റ് രാജ്യങ്ങളെയും ഇന്ത്യയുടെ നീക്കം അലോസരപ്പെടുത്തിയിട്ടുണ്ട്. കരാറില്‍ ഒപ്പിടാമെന്ന് വാക്കാല്‍ സമ്മതിച്ച ശേഷമാണ് കൂടുതല്‍ നിബന്ധനകള്‍ ഇന്ത്യ മുന്നോട്ടു വെച്ചിരിക്കുന്നത്. അടിസ്ഥാന നികുതി നിരക്കുകളിലും ഉല്‍പ്പന്ന അധിഷ്ഠിത നികുതികളിലും മാറ്റം വേണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതല്‍ നിബന്ധനകള്‍ മുന്നോട്ടു വെക്കാനും പരിപാടിയുണ്ട്. അതേസമയം കരാറില്‍ നിന്ന് പൂര്‍ണമായും ഒഴിവാകാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. കരാറിന് പരപമാവധി വിലക്കുതടിയിട്ട് വൈകിപ്പിച്ച ശേഷം നിര്‍ണായക ഉറപ്പുകള്‍ നേടിയെടുക്കാനാണ് നീക്കം.

ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യത്തിലായാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ കുത്തൊഴുക്കുണ്ടാകുമെന്നും ഇത് ഇന്ത്യയുടെ ആഭ്യന്തര വിപണിയെയും വ്യാവസായിക കാര്‍ഷിക ഉല്‍പ്പാദനത്തെയും തകര്‍ക്കുമെന്നും ചൂണ്ടിക്കാട്ടി സംഘപരിവാര്‍ സംഘടനകളടക്കം രംഗത്തെത്തിയതിനെ തുടര്‍ന്നാണ് മോദി സര്‍ക്കാര്‍ ആര്‍സിഇപിയില്‍ പിന്നോട്ടടിക്കുന്നത്. അതേസമയം ഇന്ത്യയെ കരാറിന്റെ ഭാഗമാക്കാന്‍ ചൈന ശ്രമങ്ങള്‍ തുടര്‍ന്നു വരുന്നുണ്ട്. മാമല്ലപുരത്ത് നടന്ന അനൗദ്യോഗിക കൂടിക്കാഴ്ചയില്‍ ഇന്ത്യക്ക് ദോഷം ചെയ്യുന്ന രീതിയിലായിരിക്കില്ല കരാറെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യക്തിപരമായ ഉറപ്പ് നല്‍കിയിരുന്നു. കരാറില്‍ നിന്ന് പിന്‍മാറാന്‍ ഇന്ത്യയ്ക്കും ഓസ്‌ട്രേലിയക്കും ജപ്പാനും മേല്‍ യുഎസും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

ചൈന ഒഴിച്ച് ആര്‍സിഇപിയില്‍ അംഗങ്ങളാകുന്ന ഭൂരിഭാഗം രാജ്യങ്ങളില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യയ്ക്ക് 90% വരെ കുറയ്‌ക്കേണ്ടി വരും. ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ അംഗരാജ്യങ്ങള്‍ പാലുല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കാനുള്ള വിലപേശലുകളില്‍ വിജയിക്കുകയാണെങ്കില്‍ ഇന്ത്യയിലെ ക്ഷീര അനുബന്ധ മേഖലയ്ക്ക് അത് തിരിച്ചടിയാകും. കൂടാതെ ആര്‍സിഇപിക്കുശേഷം ചൈനയില്‍ നിന്ന് കുറഞ്ഞ വിലയുള്ള ഇലക്ട്രോണിക്‌സ്, എന്‍ജിനീയറിംഗ് ചരക്കുകള്‍ വന്‍തോതില്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഒഴുകാനും അത് ആഭ്യന്തര നിര്‍മാണ മേഖലയെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

കരാറിനെ സൂക്ഷിക്കണം: എസ്ബിഐ

ആര്‍സിഇപി വ്യാപാര കരാറില്‍ നിന്ന് ലാഭം നേടണമെങ്കില്‍ ഇന്ത്യ അതിനായുള്ള ശേഷികള്‍ വികസിപ്പിക്കണമെന്നും അല്ലാത്ത പക്ഷം ആഭ്യന്തര ഉല്‍പ്പാദകരെ കരാര്‍ പ്രതികൂലമായി ബാധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി എസ്ബിഐ. കരാറിന്റെ ഭാഗമാകുന്നതിനും ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനുമനുസരിച്ച് മറ്റു രാജ്യങ്ങളോട് മല്‍സരിക്കാന്‍ പ്രാപ്തിയുള്ള വിലയില്‍ ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ നിര്‍മിക്കണമെന്ന് ബാങ്കിന്റെ ഇക്കോറാപ് ഗവേഷണ റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.

നിലവില്‍ ആര്‍സിഇപിയുടെ 15 അംഗരാജ്യങ്ങളില്‍ 11 മായുള്ള വാണിജ്യ ഇടപാടില്‍ ഇന്ത്യ നഷ്ടമാണ് നേരിടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് ഇന്ത്യയുടെ ആകെ വ്യാപാര കമ്മിയായ 184 ബില്യണ്‍ ഡോളറില്‍ 107.28 ബില്യണ്‍ ഡോളര്‍ കമ്മിയും ഇൗ രാജ്യങ്ങളുമായ വ്യാപാരത്തില്‍ നിന്നാണ്. ഇക്കാലയളവിലെ ഇന്ത്യന്‍ ഇറക്കുമതിയുടെ 34% ഉം ഈ രാജ്യങ്ങളില്‍ നിന്നായിരുന്നു. അതേസമയം ഇവിടങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 21% മാത്രമാണെന്ന് എസ്ബിഐ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: FK News, Slider