എമിറേറ്റ്‌സ് എന്‍ബിഡിയുടെ ലാഭത്തില്‍ 63 ശതമാനം വളര്‍ച്ച; അറബ് ബാങ്കിന്റെ ലാഭവും കൂടി

എമിറേറ്റ്‌സ് എന്‍ബിഡിയുടെ ലാഭത്തില്‍ 63 ശതമാനം വളര്‍ച്ച; അറബ് ബാങ്കിന്റെ ലാഭവും കൂടി

ഈ വര്‍ഷത്തെ ആദ്യ മൂന്ന് പാദങ്ങളില്‍ ലാഭം 12.5 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നു

ദുബായ്: ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡിയുടെ ലാഭത്തില്‍ 63 ശതമാനം വളര്‍ച്ച. 2019ലെ ആദ്യ ഒമ്പതുമാസങ്ങളില്‍ ആകെ ലാഭം 12.5 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നതായി ബാങ്ക് അറിയിച്ചു. നെറ്റ്‌വര്‍ക്ക് ഇന്റെര്‍നാഷ്ണല്‍ ഇടപാടിലൂടെ ലഭിച്ച 4.4 ബില്യണ്‍ ദിര്‍ഹവും ലാഭത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്.

ബാങ്കിന് കീഴിലുള്ള ആകെ ആസ്തികളില്‍ 35 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. 675.6 ബില്യണ്‍ ദിര്‍ഹത്തിന്റെ ആസ്തികളാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ബാങ്കിനുള്ളത്. അതേസമയം ആകെ വരുമാനത്തില്‍ 20 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ച ദൃശ്യമായി. 15.5 ബില്യണ്‍ ദിര്‍ഹമാണ് ഒമ്പതുമാസങ്ങളിലെ വരുമാനമായി ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്. വായ്പയിലുള്ള വളര്‍ച്ചയും ഫീസിനത്തിലുള്ള വരുമാന വളര്‍ച്ചയുമാണ് ബാങ്കിന്റെ വരുമാനം കൂട്ടിയത്.

ഡെനിസ് ബാങ്കിലെ 99.85 ശതമാനം ഓഹരികള്‍ ഏറ്റെടുത്ത ശേഷം പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ലാഭത്തില്‍ 5 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ച നേടിയതായി ബാങ്ക് അറിയിച്ചു. വായ്പാവളര്‍ച്ചയെ തുടര്‍ന്ന് പലിശയിനത്തിലുള്ള ആകെ വരുമാനത്തില്‍ 17 ശതമാനം വളര്‍ച്ചയുണ്ടായി. വര്‍ധിച്ച വിദേശ വിനിമയ ഇടപാടുകളില്‍ നിന്നും കെഡിറ്റ്കാര്‍ഡ് രംഗത്ത് നിന്നുമുള്ള വരുമാന വളര്‍ച്ചയും ലാഭം കൂട്ടാന്‍ സഹായകമായി.

അറബ് ബാങ്കിന്റെ ലാഭവും കൂടി

ജോര്‍ദാനിലെ ഏറ്റവും വലിയ ബാങ്കും അമ്മാന്‍ ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്ന ഏറ്റവും വലിയ കമ്പനിയുമായ അറബ് ബാങ്ക് ഗ്രൂപ്പിന്റെ ഒമ്പതുമാസത്തെ ആകെ ലാഭത്തില്‍ 4 ശതമാനം വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തു. പലിശയിനത്തിലുള്ള വരുമാന വളര്‍ച്ചയാണ് ലാഭം കൂടാന്‍ സഹായകമായത്. ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ ബാങ്കിന്റെ ആകെ ലാഭം 2.4 ബില്യണ്‍ ദിര്‍ഹമാണ്. പലിശയിനത്തിലുള്ള ആകെ വരുമാനത്തില്‍ 5 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായതായി അറബ് ബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് നെമെഹ് സബാഗ് അറിയിച്ചു. ഒമ്പതുമാസ കാലയളവില്‍ ആകെ വായ്പകളില്‍ 3 ശതമാനത്തിന്റെയും നിക്ഷേപങ്ങളില്‍ 4 ശതമാനത്തിന്റെയും വളര്‍ച്ചയുണ്ടായി.

Comments

comments

Categories: Arabia