പങ്കാളിത്ത കരാര്‍ ഇന്ത്യ-സൗദി ബന്ധം ശക്തമാക്കും: മോദി

പങ്കാളിത്ത കരാര്‍ ഇന്ത്യ-സൗദി ബന്ധം ശക്തമാക്കും: മോദി

സൗദി കിരീടാവകാശിയും ഇന്ത്യന്‍ പ്രധാനമന്ത്രിയും അധ്യക്ഷരായി തന്ത്രപരമായ പങ്കാളിത്ത കൗണ്‍സില്‍ നിലവില്‍ വന്നു

റിയാദ്: ഇന്ത്യ, സൗദി അറേബ്യ ബന്ധത്തെ പുതിയ തലത്തിലേക്കെത്തിച്ച് തന്ത്രപരമായ പങ്കാളിത്ത കൗണ്‍സില്‍ കരാര്‍ നിലവില്‍ വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമാണ് (എംബിഎസ്) കൗണ്‍സില്‍ ചെയര്‍മാന്‍മാര്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തവും പദ്ധതി നടത്തിപ്പുകളും ഇനി കൗണ്‍സിലിന്റെ മേല്‍നോട്ടത്തിലാവും നടക്കുക. സൗദിയില്‍ ദ്വിദിന സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സല്‍മാന്‍ രാജാവുമായും കിരീടാവകാശി എംബിഎസുമായും നടത്തിയ കൂടിക്കാഴ്ചകള്‍ക്കൊടുവിലാണ് കരാറുകള്‍ ഒപ്പിട്ടത്.

പങ്കാളിത്ത കരാര്‍ ഇന്ത്യയും സൗദിയും തമ്മില്‍ മികച്ച ബന്ധത്തിന് കൂടുതല്‍ കരുത്തേകുമെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ‘പങ്കാളിത്ത കൗണ്‍സില്‍ കരാര്‍ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ യുഗത്തിന് തുടക്കം കുറിക്കും. വാണിജ്യം, നിക്ഷേപം, സുരക്ഷ, പ്രതിരോധം തുടങ്ങിയ രംഗങ്ങളിലെ ഇന്ത്യ-സൗദി പങ്കാളിത്തം മികച്ചതും ആഴമേറിയതുമാണ്, ഇൗ ബന്ധം കൂടുതല്‍ ശക്തമാകുക മാത്രമേ ചെയ്യൂ,’ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സൗദിയുമായി പങ്കാളിത്ത കരാറുണ്ടാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.

ഇന്ത്യയുടെ മൂല്യവത്തായ സുഹൃത്തെന്നാണ് സൗദി അറേബ്യയെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇന്ത്യയുടെ ഊര്‍ജ ആവശ്യകതകള്‍ നിറവേറ്റുന്നതില്‍ സൗദി പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും എണ്ണ ഇറക്കുമതിയുടെ 18 ശതമാനവും സൗദിയുടെ സംഭാവനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദി കൃഷി, പരിസ്ഥിതി, ജലവിഭവ മന്ത്രി അബ്ദുള്‍റഹ്മാന്‍ അല്‍-ഫാദ്‌ലെ, തൊഴില്‍ മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ എന്നിവരുമായി കൂടിക്കാഴ്ച നചത്തിയ മോദി കൃഷി, ഭക്ഷ്യ സംസ്‌കരണ, ജല, തൊഴില്‍ മേഖലകളിലെ പദ്ധതികളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു.

പങ്കാളിത്ത കൗണ്‍സില്‍

ഫെബ്രുവരിയില്‍ സൗദി കീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് തന്ത്രപരമായ പങ്കാളിത്ത കൗണ്‍സില്‍ രൂപീകരണമെന്ന ആശയത്തിന് വിത്ത് പാകപ്പെട്ടത്. ഇന്ത്യന്‍ പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയുമാകും ഈ സുപ്രധാന സമിതിയുടെ തലപ്പത്തുണ്ടാവുക. രണ്ട് സംവിധാനങ്ങളാണ് സമിതിക്കുണ്ടാവുക. ആദ്യത്തേത് ഇരു രാജ്യങ്ങളിലെയും വിദേശമന്ത്രിമാര്‍ നയിക്കുന്ന സമിതി. രാഷ്ട്രീയ, നയതന്ത്ര വിഷയങ്ങളും സഹകരണവുമാണ് ഈ സമിതിയുടെ പരിധിയില്‍ വരുക. വാണിജ്യ മന്ത്രിമാര്‍ അംഗങ്ങളായ രണ്ടാമത്തെ സമിതി, ഉഭയകക്ഷി വ്യാപാരവും ഊര്‍ജ സഹകരണവും വളര്‍ത്താനാവും ഇടപെടുക.

Categories: FK News, Slider