സാമ്പത്തിക പരിഷ്‌കാര നടപടികളില്‍ ഈജിപ്തിനെ തുടര്‍ന്നും സഹായിക്കാനൊരുങ്ങി ഐഎംഎഫ്

സാമ്പത്തിക പരിഷ്‌കാര നടപടികളില്‍ ഈജിപ്തിനെ തുടര്‍ന്നും സഹായിക്കാനൊരുങ്ങി ഐഎംഎഫ്

12 ബില്യണ്‍ ഡോളറിന്റെ നിലവിലെ സാമ്പത്തിക സഹായ ഉദ്യമം അടുത്ത മാസം അവസാനിക്കും

ദുബായ്: സാമ്പത്തിക പരിഷ്‌കാര നടപടികളില്‍ ഈജിപ്തിന് തുടര്‍ന്നും സഹായം ഒരുക്കുന്നതിനായി അന്താരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്്) മാര്‍ഗങ്ങള്‍ ആരായുന്നു. 12 ബില്യണ്‍ ദിര്‍ഹത്തിന്റെ നിലവിലെ സാമ്പത്തിക സഹായ പരിപാടി അടുത്ത മാസം അവസാനിക്കുന്ന സാഹചര്യത്തിലാണ് സഹായം തുടരുന്നതിനായി അന്താരാഷ്ട്ര നാണ്യനിധി ഈജിപ്ഷ്യന്‍ അധികൃതരുമായി ചര്‍ച്ചകള്‍ നടത്തുന്നത്.

മൂന്നുവര്‍ഷത്തെ നിലവിലെ സാമ്പത്തിക സഹായ ഉദ്യമം അവസാനിച്ചതിന് ശേഷം സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും സഹകരണം തുടരുന്നതിനും ഈജിപ്തില്‍ നടപ്പിലാക്കേണ്ട അടുത്ത ഘട്ട പ്രധാന പരിഷ്‌കാരങ്ങള്‍ എന്തൊക്കെയാണെന്നാണ് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഐഎംഎഫും ഈജിപ്ഷ്യന്‍ അധികൃതരും ചര്‍ച്ചകള്‍ നടത്തുന്നതെന്ന് ഐഎംഎഫിന്റെ പശ്ചിമേഷ്യ, മധ്യ ഏഷ്യ വിഭാഗം ഡയറക്ടര്‍ ജിഹാദ് അസൂര്‍ പറഞ്ഞു. സാമ്പത്തിക സഹായത്തിനായുള്ള പുതിയ മാര്‍ഗത്തില്‍ ഈജിപ്ഷ്യന്‍ അധികൃതര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായും അസൂര്‍ അറിയിച്ചു. ഏതൊക്കെ പരിഷ്‌കാരങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്, എന്തൊക്കെ പരിഷ്‌കാരങ്ങളാണ് അവര്‍ പദ്ധതിയിടുന്നത് എന്നീ കാര്യങ്ങളിലാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. ഈ ചര്‍ച്ചകളില്‍ ധാരണയായ ശേഷം ഏത് തരത്തിലുള്ള സാമ്പത്തിക സഹായമാണ് ഇനിയുണ്ടാകേണ്ടതെന്ന കാര്യത്തില്‍ തീരുമാനമെടുക്കും, അസൂര്‍ പറഞ്ഞു.

കഠിനമായ സാമ്പത്തിക പരിഷ്‌കാര നടപടികള്‍ നടപ്പിലാക്കുന്ന ഈജിപ്ത് 2016 നവംബറിലാണ് ഐഎംഎഫുമായി 12 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചത്.

രാജ്യത്തെ ബിസിനസ് അന്തരീക്ഷത്തെ വളര്‍ച്ചയ്ക്ക് അനുകൂലമാക്കി മാറ്റുംവിധത്തിലുള്ള പരിഷ്‌കാരങ്ങളായിരിക്കണം ഇനിയുണ്ടാകേണ്ടതെന്ന് അസൂര്‍ പറഞ്ഞു. ”വളര്‍ച്ചയ്ക്ക് തടസം നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അവയ്ക്ക് സാധിക്കണം. സ്വകാര്യമേഖലയ്ക്ക് വിപണിയില്‍ കൂടുതല്‍ പങ്കാളിത്തം അനുവദിക്കണം. അതിനായി ബിസിനസ് ചെയ്യുന്നതിന് വേണ്ട അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടണം. വളര്‍ച്ചയും തൊഴിലവസരങ്ങള്‍ നിറഞ്ഞതുമായ സാഹചര്യം ലക്ഷ്യമാക്കിയുള്ള പരിഷ്‌കാരങ്ങള്‍ ഉണ്ടാകണം”.

2018ലെ 5.3 ശതമാനം വളര്‍ച്ചയില്‍ നിന്നും ഈ വര്‍ഷം ഈജിപ്ഷ്യന്‍ സമ്പദ് വ്യവസ്ഥ 5.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ഐഎംഎഫിന്റെ കണക്കുകൂട്ടല്‍. വരുംവര്‍ഷം ഈജിപ്ത് 5.9 ശതമാനം വളര്‍ച്ച നേടുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു. രാജ്യത്തെ പണപ്പെരുപ്പം ഈ വര്‍ഷം 11.4 ശതമാനമാകുമെന്നും എന്നാല്‍ 2020ല്‍ അത് 8.4 ശതമാനമായി കുറയുമെന്നും ഈ മാസം ആദ്യം പുറത്തുവിട്ട പ്രാദേശിക റിപ്പോര്‍ട്ടില്‍ ഐഎംഎഫ് വ്യക്തമാക്കുന്നു.

അറേബ്യന്‍ ഗള്‍ഫ് മേഖലയിലെ സമ്പദ് വ്യവസ്ഥകള്‍ 2019ല്‍ 0.7 ശതമാനം വരെ വളര്‍ച്ച നേടുമെന്നാണ് ഐഎംഎഫിന്റെ കണക്കുകൂട്ടല്‍. മുന്‍വര്‍ഷത്തെ 2 ശതമാനത്തില്‍ നിന്നും വളരെ കുറവാണിത്. എന്നാല്‍ 2020ല്‍ ഇത് 2.5 ശതമാനമായി ഉയരുമെന്നും ഐഎംഎഫ് പറയുന്നു. എണ്ണയിതര മേഖലയിലുള്ള വളര്‍ച്ചയുടെയും എണ്ണയെ അടിസ്ഥാനപ്പെടുത്തിയുള്ള ജിഡിപിയിലുള്ള വളര്‍ച്ചയുടെയും പിന്‍ബലത്തിലാകും അടുത്ത വര്‍ഷം സാമ്പത്തികരംഗം തിരിച്ചുവരവ് നടത്തുക.

Comments

comments

Categories: Arabia
Tags: Egypt, Egypt-Nile