ഐഫോണ്‍ വില്‍പ്പന കുറഞ്ഞതോടെ ആപ്പിള്‍ വരുമാനത്തില്‍ ഇടിവ്

ഐഫോണ്‍ വില്‍പ്പന കുറഞ്ഞതോടെ ആപ്പിള്‍ വരുമാനത്തില്‍ ഇടിവ്

പ്രവര്‍ത്തന വരുമാനം 19 ശതമാനം ഇടിഞ്ഞ് 10,538.3 കോടി രൂപയായി

കൊല്‍ക്കത്ത: ഐഫോണ്‍ വില്‍പ്പന മന്ദഗതിയിലായതോടെ ആപ്പിളിന്റെ വരുമാനത്തിലും അറ്റലാഭത്തിലും ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. വിലക്കയറ്റവും ഇറക്കുമതി തീരുവ കൂടിയതും തിരിച്ചടിയായതായാണ് സൂചന.

2019 സാമ്പത്തിക വര്‍ഷത്തില്‍ ആപ്പിളിന്റെ പ്രവര്‍ത്തന വരുമാനം 19 ശതമാനം ഇടിഞ്ഞ് 10,538.3 കോടി രൂപയായപ്പോള്‍ ലാഭം 70 ശതമാനം കുറഞ്ഞ് 262.3 കോടി രൂപയായതായി രജിസ്ട്രാര്‍ ഓഫ് കമ്പനിസിലെ ഫലയിംഗ് വ്യക്തമാക്കുന്നു. 2017-18ല്‍ പ്രവര്‍ത്തന വരുമാനം 13,049 ആയിരുന്നു.

ആഗോള ട്രെന്‍ഡിന്റെ ഭാഗമെന്നോണം ആപ്പിള്‍ ഇന്ത്യയുടെ വരുമാനത്തില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാളും 19 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. കമ്പനിയുടെ വരുമാനത്തിലെ കുറവ് ജീവനക്കാരുടെ ആനുകൂല്യത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആനുകൂല്യങ്ങള്‍ക്കായുള്ള ചെലവാക്കല്‍ 66ശതമാനമായിരുന്നത് ഈ സാമ്പത്തിക വര്‍ഷം 44 ശതമാനമാണ്. 2018-19 കാലയളവില്‍ ആപ്പിളിന്റെ ഐഫോണ്‍ വില്‍പ്പന എക്കാലത്തേതിലും കുറവാണെന്നാണ് സൂചന. സൈബര്‍മീഡിയ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ ആപ്പിളിന്റെ ഇന്ത്യയില്‍ നിന്നുള്ള ഷിപ്പ്‌മെന്റുകള്‍ 2018ല്‍ രണ്ട് ദശലക്ഷമാണ്. മുന്‍ വര്‍ഷം 3.2 ദശലക്ഷം യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. ഐഫോണ്‍ നിരക്ക് കുറഞ്ഞതോടെ നടപ്പുവര്‍ഷം വരുമാനവും അറ്റാദയവും തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണിപ്പോള്‍ കമ്പനി. കഴിഞ്ഞ തവണത്തേതിനേക്കാളും വില കുറവാണ് നിലവിലുള്ള ഏറ്റവും പുതിയ ഫോണുകള്‍ക്ക്.

ഐഫോണ്‍ എക്‌സ്ആര്‍ ഉള്‍പ്പെടെയുള്ള പുതിയ മോഡല്‍ ഫോണുകളുടെ നിര്‍മാണത്തിന് പ്രാദേശിക സ്ഥാപനങ്ങളില്‍ നിന്നും അനുബന്ധ ഉപകരണങ്ങള്‍ ലഭ്യമാക്കിയതോടെ 20 ശതമാനത്തോളം ഇറക്കുമതി തീരുവ കുറയ്ക്കാനും കമ്പനിക്ക് കഴിഞ്ഞു. ഐഫോണ്‍ 11 ന്റെ ആകര്‍ഷകമായ വിലയിലൂടെ കമ്പനി 2020 സാമ്പത്തിക വര്‍ഷത്തില്‍ വിപണി തിരികെ പിടിക്കുമെന്നാണ് വിദഗ്ധരുടെ സൂചന. ഏപ്രില്‍-ജൂണ്‍ പാദത്തോടെ കമ്പനി വിപണിയില്‍ വളര്‍ച്ച തിരികെ പിടിച്ചതായി ആപ്പിള്‍ സിഇഒ ടിം കുക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ വളര്‍ച്ച രണ്ടക്കം കടന്നതായും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ ആപ്പിളിന്റെ ആഗോള വളര്‍ച്ച ഈയാഴ്ച പ്രഖ്യാപിക്കും.

കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് റിപ്പോര്‍ട്ട് പ്രകാരം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയിലെ മുന്‍ നിര സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് നിരയില്‍ ആപ്പിളും പ്രവേശിച്ചിട്ടുണ്ട്. ഐഫോണ്‍ എക്‌സ്ആറിന്റെ കുറഞ്ഞ നിരക്കും പുതിയതായി പുറത്തിറക്കിയ ഐഫോണ്‍ 11 ന്റെ വര്‍ധിച്ച ഡിമാന്‍ഡുമാണ് ആപ്പിളിനെ ഈ പാദത്തില്‍ പിന്തുണച്ചത്.

Comments

comments

Categories: FK News
Tags: Apple Income