ആമസോണ്‍ അലെക്‌സ ഇനി ബില്ലുകളടയ്ക്കും

ആമസോണ്‍ അലെക്‌സ ഇനി ബില്ലുകളടയ്ക്കും

സേവനം അവതരിപ്പിക്കുന്ന ആദ്യ വിപണിയായി ഇന്ത്യ

സാന്‍ഫ്രാന്‍സിസ്‌കോ: ആമസോണിന്റെ വോയ്‌സ് അസിസ്റ്റന്റ് സേവനമായ അലെക്‌സ വഴി ഇനി മുതല്‍ ഓണ്‍ലൈന്‍ ബില്ലുകള്‍ അടയ്ക്കാം. ഫിന്‍ടെക് കമ്പനിയായ പേമെന്റസുമായി ചേര്‍ന്നാണ് ആമസോണ്‍ പുതിയ സേവനം അവതരിപ്പിക്കുന്നത്. ലാസ് വേഗാസില്‍ നടക്കുന്ന 20/20 ഫിനാന്‍ഷ്യല്‍ ടെക്‌നോളജി ഉച്ചകോടിയിലാണ് ആമസോണ്‍ പ്രഖ്യാപനം നടത്തിയത്. ബില്‍ പേമെന്റിനുള്ള സമയമാകുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് അലെക്‌സ വഴി നോട്ടിഫിക്കേഷന്‍ വരും. അലെക്‌സയിലൂടെ ബില്‍ തുക അറിയാനും മുന്‍ ബില്ലുകളുമായി താരതമ്യം ചെയ്യാനുമെല്ലാം സാധിക്കും. ‘അലെക്‌സ പേ മൈ മൊബീല്‍ ബില്‍’ എന്ന് കമാന്‍ഡ് നല്‍കിയാല്‍ കമ്പനിയുടെ ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ പേ വഴി പേമെന്റ് നടപടികള്‍ ആരംഭിക്കും.

വൈദ്യുതി, ജലം, പോസ്റ്റ് പേയ്ഡ് മൊബീല്‍, പാചക വാതകം, ബ്രോഡ്ബാന്‍ഡ്, ഡിടിഎച്ച് എന്നിവയുടെ പേമെന്റുകള്‍ അലെക്‌സ വഴി അടയ്ക്കാം. ഇടപാടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് അലെക്‌സ ആപ്പിന് വോയ്‌സ് പിന്‍ സംരക്ഷണം നല്‍കാനും ഓപ്ഷനുണ്ട്. പുതിയ ബില്‍ പേമെന്റ് സേവനം ആദ്യമായി ഇന്ത്യന്‍ വിപണിയിലാണ് അവതരിപ്പിക്കുന്നതെന്ന് അലെക്‌സ എക്‌സ്പീരിയന്‍സ് ആന്‍ഡ് ഡിവൈസ് ഇന്ത്യന്‍ മാനേജര്‍ പുനീഷ് കുമാര്‍ പറഞ്ഞു. 2017 ലാണ് ആമസോണ്‍ അലെക്‌സയില്‍ പേമെന്റ് സേവനം കൂട്ടിച്ചേര്‍ക്കുന്നത്. 2018 മുതല്‍ ആമസോണ്‍ പേ, അലെക്‌സ എന്നിവ വഴി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

സുരക്ഷിത ഇടപാട്

ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ ഇക്കോ, ഫയര്‍ ടിവി സ്റ്റിക് പോലെ അലെക്‌സാ സേവനമുള്ള ഏതു മാര്‍ഗവും ഉപയോഗിച്ച് നിര്‍ദേശം നല്‍കാം. രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ആമസോണ്‍ എക്കൗണ്ടില്‍ നിന്നാണ് അലെക്‌സ ബില്‍ അടയ്ക്കാനുള്ള തുക പിന്‍വലിക്കുക. പേമെന്റ് നടപടികളാരംഭിക്കുന്നതിന് മുന്‍പ് ഉപഭോക്താവിനോട് അനുവാദം വാങ്ങും. ആമസോണ്‍ പേ വഴിയുള്ള പേമെന്റ് പൂര്‍ത്തിയായാല്‍ ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബീല്‍ നമ്പറിലേക്ക് അക്കാര്യം അറിയിച്ച് ഇടപാട് ഉറപ്പിക്കും

Comments

comments

Categories: Tech
Tags: Amazon Alexa