തോമസ് കുക്കിനെ പ്രേം വാട്‌സ സ്വന്തമാക്കിയേക്കും

തോമസ് കുക്കിനെ പ്രേം വാട്‌സ സ്വന്തമാക്കിയേക്കും

മാതൃ കമ്പനിയെ സ്വന്തമാക്കാനുള്ള അവസരമാണ് ടിസിഐഎലിന് മുന്നില്‍ എത്തിയിരിക്കുന്നത്

തോമസ് കുക്ക് യുകെ ദീര്‍ഘകാലം ഉപഭോക്താക്കളെ സേവിച്ച കമ്പനിയാണെന്നതിനാല്‍ അതിനെ വാങ്ങുന്നത് ആകര്‍ഷകമായ കാര്യമാണ്. തീര്‍ച്ചയായും ഇതൊരു പ്രലോഭനമാണ്. കമ്പനിയുടെ ബോര്‍ഡാവും അന്തിമ തീരുമാനമെടുക്കുക

-റോമില്‍ പന്ത്, ടിസിഐഎല്‍

ന്യൂഡെല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച യുകെയിലെ ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്കിനെ വാങ്ങാന്‍ ഇന്ത്യന്‍ വംശജനായ കനേഡിയന്‍ വ്യവസായി പ്രേം വാട്‌സ തയാറായേക്കുമെന്ന് റിപ്പോര്‍ട്ട്. വാട്‌സയുടെ ഉടമസ്ഥതയിലുള്ള തോമസ് കുക്ക് ഇന്ത്യ ലിമിറ്റഡാണ് (ടിസിഐഎല്‍) ഇതിന് തയാറെടുക്കുന്നത്. 2012 ല്‍ തോമസ് കുക്ക് യുകെയില്‍ നിന്ന് വാട്‌സയുടെ ഉടമസ്ഥതയിലുള്ള ഫെയര്‍ഫാക്‌സ്, ടിസിഐഎലിനെ സ്വന്തമാക്കുകയായിരുന്നു. പൂര്‍ണമായും സ്വതന്ത്രമായാണ് ടിസിഐഎല്‍ പ്രവര്‍ത്തിച്ചു വരുന്നത്. മാതൃ കമ്പനിയെ തന്നെ സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോള്‍ വാട്‌സക്ക് മുന്നില്‍ എത്തിയിരിക്കുന്നത്.

തോമസ് കുക്ക് യുകെയുടെ തകര്‍ച്ച ഇന്ത്യയിലെ ടിസിഐഎലിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് തോമസ് കുക്ക് ഇന്ത്യ ലിമിറ്റഡിലെ സീനിയര്‍ വൈസ് പ്രസിഡന്റ് റോമില്‍ പന്ത് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം കമ്പനിയുടെ ബ്രാഞ്ച് മാറ്റം ആശയക്കുഴപ്പങ്ങളുണ്ടാക്കും. ഈ സാഹചര്യത്തില്‍ തോമസ് കുക്ക് യുകെയെ വാങ്ങുകയോ മറ്റൊരു പുതിയ കമ്പനി ആരംഭിക്കുകയോ ആണ് കമ്പനിയുടെ മുന്നിലുള്ള വഴികള്‍. ആദ്യത്തെ ആശയം സജീവ പരിഗണനയിലുണ്ടെന്നും പന്ത് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ടിസിഐഎല്‍ 1.25 ലക്ഷത്തിലധികം വിദേശ വ്യക്തികള്‍ക്കും മുക്കാല്‍ ലക്ഷത്തിലധികം ഇന്ത്യക്കാര്‍ക്കും സേവനം നല്‍കിയിട്ടുണ്ടെന്ന് റോമില്‍ പന്ത് വ്യക്തമാക്കി. നടപ്പ് വര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ 15-18 ശതമാനം വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Categories: FK News, Slider
Tags: Thomas cook