ബിസിസിഐയുടെ പുതിയ മുഖം

ബിസിസിഐയുടെ പുതിയ മുഖം

ഓഫ്‌സൈഡ് ദൈവം ബോര്‍ഡ് റൂമിലെത്തുമ്പോള്‍ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്. എന്നാല്‍ മൗലികമായ ഒരു മാറ്റം സാധ്യമോയെന്ന ചോദ്യങ്ങള്‍ അവശേഷിക്കുന്നു

ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന ബിസിസിഐ (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ)യുടെ പുതിയ മുഖമായി ഇന്നലെ മുന്‍ ക്രിക്കറ്റര്‍ സൗര് ഗാംഗുലി ചുമതലയേറ്റിരിക്കുന്നു.
1928 ഡിസംബറില്‍ രൂപീകൃതമായ ബിസിസിഐയുടെ മുപ്പന്തൊമ്പതമാത് പ്രസിഡന്റായാണ് ഗാംഗുലി ചുമതലയേറ്റിരിക്കുന്നത്.

ക്രിക്കറ്ററെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ടീം ഇന്ത്യയില്‍ നിറഞ്ഞാടിയ ഗാംഗുലി ബോര്‍ഡിലേക്ക് എത്തുന്നത് വലിയ പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. അത്രമാത്രം പ്രതിച്ഛായ നഷ്ടമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിയന്ത്രണ സംവിധാനമായ ബിസിസിഐക്ക് സംഭവിച്ചത്. അഴിമതിയും സ്വജനപക്ഷപാതവുമുള്‍പ്പടെ വലിയ ആരോപണങ്ങളാണ് ഉയര്‍ന്നത്. ഒടുവില്‍ ക്രിക്കറ്റിനെ ശുദ്ധീകരിക്കാന്‍ മുഗ്ദല്‍ കമ്മിറ്റിയും ലോധ കമ്മീഷനുമെല്ലാം എത്തി. ഇതിന്റെയെല്ലാം പരിസമാപ്തിയെന്ന നിലയിലാണ് സൗരവ് ഗാംഗുലിയിലേക്ക് ക്രിക്കറ്റ് രാഷ്ട്രീയത്തിലെ വിരുദ്ധ ചേരികള്‍ സമവായത്തിലേക്ക് എത്തിയത്.

വലിയൊരു ജീര്‍ണത ടീം ഇന്ത്യയെ പിടികൂടിയ കാലത്തായിരുന്നു വ്യവസ്ഥാപിത സംവിധാനങ്ങളോട് പോരാടി ഗാംഗുലിയെന്ന ക്യാപ്റ്റന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് പണ്ട് പുതുജീവന്‍ സമ്മാനിച്ചത്. അതേ നിലപാട് ബിസിസിഐയിലും ഗാംഗുലി സ്വീകരിക്കുമോയെന്നതാണ് ഇന്നുയരുന്ന പ്രസക്തമായ ചോദ്യം. അത്തരമൊരു ‘ഡിസ്‌റപ്റ്റീവ്’ ശൈലി കൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ കാര്യങ്ങളെല്ലാം പഴയപടി തന്നെയാകുമെന്ന കാര്യത്തില്‍ യാതൊരു വിധ സംശയവും വേണ്ട. കാരണം അത്രമാത്രം കുടുംബാധിപത്യമാണ് ബിസിസിഐയുടെ വിവിധ തലങ്ങളില്‍ നിലനില്‍ക്കുന്നത്. ലോധ കമ്മിറ്റി ശുപാര്‍ശകളും വിനോദ് റായുടെ നിര്‍ദേശങ്ങളുമൊന്നും ഇതുവരെ പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പാക്കാന്‍ ബിസിസിഐക്ക് ആയിട്ടില്ല. സംഘടനയിലെ അഴിമതി തടയാനും നടപടികള്‍ സുതാര്യമാക്കാനുമായി സുപ്രീംകോടതിയാണ് ലോധ കമ്മിറ്റിയെ നിയോഗിച്ചത്. ബിസിസിഐയുടെ ഭരണ സമിതിയില്‍ 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ അംഗങ്ങളാകരുത്, കളിക്കാര്‍ക്ക് പങ്കാളിത്തം നല്‍കുന്ന കളിക്കാരുടെ അസോസിയേഷന്‍ രൂപീകരിക്കണം, മന്ത്രിമാര്‍, ഐഎഎസ് ഉദ്യോഗസ്ഥര്‍, വ്യവസായികള്‍ എന്നിവരെ സമിതിയുടെ ഭരണത്തലപ്പത്ത് എത്തിക്കരുത്, ഒരാള്‍ക്ക് ഒരു സമയം ഒരു സ്ഥാനം മാത്രം തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് ലോധ കമ്മിറ്റി മുന്നോട്ടുവച്ചത്. എന്നാല്‍ ബിസിസിഐ മുന്‍സെക്രട്ടറിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമസ്ഥനുമായ എന്‍ ശ്രീനിവാസന്റെ മകള്‍ രൂപാ ഗുരുനാഥാണ് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ അധ്യക്ഷ. ഇതുപോലെ അധികാരത്തിലിരുന്ന പലരുടെയും ബന്ധുകള്‍ പല തലങ്ങളില്‍ ഇപ്പോഴുമിരിക്കുന്നുണ്ട്. ശ്രീനിവാസന്‍-അനുരാഗ് താക്കൂര്‍ പോര് വേറെയും. ഈ സങ്കീര്‍ണമായ രാഷ്ട്രീയ ആവാസവ്യവസ്ഥയില്‍ സൗരവ് ഗാംഗുലിക്ക് 10 മാസത്തിനുള്ളില്‍ എന്തെല്ലാം മാറ്റങ്ങള്‍ ബിസിസിഐയില്‍ കൊണ്ടുവരാന്‍ സാധിക്കും? ഇതിനുള്ള ഉത്തരം ഗാംഗുലിയില്‍ നിന്നു തന്നെയാണ് വരേണ്ടത്. സ്വതസിദ്ധമായ ശൈലിയാണ് പിന്തുടരുന്നതെങ്കില്‍ ഒന്നുകില്‍ ബിസിസിഐ നന്നാകും അല്ലെങ്കില്‍ ഗാംഗുലി ഈ പണി മതിയാക്കി പുറത്തുപോകും എന്ന രണ്ട് സാധ്യതകളാണ് ക്രിക്കറ്റ് വിദഗ്ധര്‍ കാണുന്നത്. മൂന്ന് വര്‍ഷത്തെ കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് ഭരണം കഴിഞ്ഞ് പുതിയൊരു തലവന്റെ നേതൃത്വത്തില്‍ ബിസിസിഐക്ക് പുതിയൊരു ഭരണസംസ്‌കാരം കൂടി രൂപപ്പെടുത്താന്‍ സാധിക്കട്ടെ.

Categories: Editorial, Slider
Tags: BCCI