പെട്രോള്‍, ഹൈബ്രിഡ് ഓപ്ഷനുകളിലും എംജി ഇസഡ്എസ് എത്തിയേക്കും

പെട്രോള്‍, ഹൈബ്രിഡ് ഓപ്ഷനുകളിലും എംജി ഇസഡ്എസ് എത്തിയേക്കും

ഫേസ്‌ലിഫ്റ്റ് ചെയ്യുന്നതിന് മുമ്പുള്ള എംജി ഇസഡ്എസ് ആയിരിക്കും ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്

ന്യൂഡെല്‍ഹി: ഹെക്ടര്‍ എസ്‌യുവിക്കുശേഷം എംജി മോട്ടോര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ മോഡലാണ് ഇസഡ്എസ് ഇവി. ഈ വര്‍ഷം ഡിസംബറില്‍ എംജി ഇസഡ്എസ് ഇവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഓള്‍ ഇലക്ട്രിക് എസ്‌യുവിയുടെ പെട്രോള്‍, പെട്രോള്‍-ഹൈബ്രിഡ് എന്‍ജിന്‍ ഓപ്ഷനുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കാമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഫേസ്‌ലിഫ്റ്റ് ചെയ്യുന്നതിന് മുമ്പുള്ള എംജി ഇസഡ്എസ് ആയിരിക്കും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത് എന്ന വിവരവും ലഭിച്ചു.

106 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ എന്‍ജിനായിരിക്കും പെട്രോള്‍ വകഭേദത്തില്‍ നല്‍കുന്നത്. അതേസമയം ഹൈബ്രിഡ് മോഡല്‍ 111 എച്ച്പി പുറപ്പെടുവിക്കുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കും. ആദ്യ എന്‍ജിന്‍ നാച്ചുറലി ആസ്പിറേറ്റഡ് ആണെങ്കില്‍ രണ്ടാമത്തേത് ടര്‍ബോചാര്‍ജിംഗ്, ഡയറക്റ്റ് ഇന്‍ജെക്ഷന്‍ സവിശേഷതകള്‍ ഉള്ളതാണ്. അന്താരാഷ്ട്ര വിപണികളില്‍ ഇതേ എന്‍ജിനുകള്‍ നല്‍കി എംജി ഇസഡ്എസ് വിറ്റുവരുന്നു. ഇന്ത്യയില്‍ പെട്രോള്‍, ഹൈബ്രിഡ് വകഭേദങ്ങള്‍ എപ്പോള്‍ അവതരിപ്പിക്കുമെന്ന് വ്യക്തമല്ല.

44.5 കിലോവാട്ട്അവര്‍ ബാറ്ററി പാക്കായിരിക്കും എംജി ഇസഡ്എസ് ഇവി ഉപയോഗിക്കുന്നത്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 262 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. 150 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്നതാണ് ഇലക്ട്രിക് മോട്ടോര്‍. ഹെക്ടര്‍ എസ്‌യുവി പുറത്തിറക്കിയാണ് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി മോട്ടോര്‍ ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. ഇന്ത്യയില്‍ എംജി മോട്ടോറിന്റെ ആദ്യ ഇലക്ട്രിക് വാഹനമാണ് ഇസഡ്എസ് ഇവി.

Comments

comments

Categories: Auto
Tags: MG ZS