ഡിജിറ്റല്‍ മീഡിയ സംരംഭവുമായി ട്വിങ്കിള്‍

ഡിജിറ്റല്‍ മീഡിയ സംരംഭവുമായി ട്വിങ്കിള്‍

സ്ത്രീകള്‍ക്ക് ഏതു വിഷയത്തെ കുറിച്ചും തുറന്നു ചോദിക്കാനും ഉപദേശങ്ങള്‍ തേടാനുമുള്ള വേദിയാണ് ട്വീക്ക് എന്ന സംരംഭത്തിലൂടെ ട്വിങ്കിള്‍ മുന്നോട്ടു വെക്കുന്നത്. പഴയ ആശയങ്ങളെ വെല്ലുന്ന രീതിയിലുള്ള പുത്തന്‍ ആശയങ്ങള്‍ക്കാണ് ഇവിടെ സ്ഥാനം

അഭ്രപാളിയില്‍ സജീവമായി നില്‍ക്കുമ്പോഴും അല്ലാതെയും ബോളിവുഡ് താരങ്ങളില്‍ പലരും ഇന്ന് സംരംഭക രംഗത്ത് ഒന്നു പയറ്റി നോക്കാറുണ്ട്. മുന്‍ ബോളിവുഡ് നായികയും സൂപ്പര്‍താരം അക്ഷയ് കുമാറിന്റെ ഭാര്യയുമായ ട്വിങ്കിള്‍ ഖന്നയാണ് ഏറ്റവും പുതിയതായി സംരംഭക രംഗത്ത് വീണ്ടും മാറ്റുരയ്ക്കാന്‍ എത്തിയിരിക്കുന്നത്. ലേഖികയും ന്യൂസ്‌പേപ്പര്‍ കോളമിസ്റ്റും കൂടിയായ താരം ട്വീക്ക് എന്ന പേരില്‍ ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമിനാണ് രൂപം നല്‍കിയിരിക്കുന്നത്. രാജ്യത്തെ ആധുനിക സ്ത്രീകള്‍ക്കായുള്ള പ്ലാറ്റ്‌ഫോമാണിത്. മുമ്പ് വൈറ്റ് ആന്‍ഡ് വിന്‍ഡോ എന്ന പേരില്‍ ഒരു ഇന്റീരിയല്‍ ഡെക്കറേഷന്‍ കമ്പനിയും താരം തുടങ്ങിയിരുന്നു.

പഴമയെ വെല്ലുന്ന പുത്തന്‍ ആശയങ്ങള്‍ക്ക് പിന്തുണ

സമൂഹത്തില്‍ നിലനില്‍ക്കുന്ന പഴയ ആശയങ്ങള്‍ക്ക് ബദലായി പുത്തന്‍ ആശയങ്ങളില്‍ സഞ്ചരിക്കുന്ന സ്ത്രീകളെയാണ് ഈ പ്ലാറ്റ്‌ഫോം ലക്ഷ്യം വെക്കുന്നത്. പഴയ ആശയങ്ങളെ വെല്ലുന്ന രീതിയിലുള്ള ആധുനിക ശയങ്ങള്‍ക്കാണ് ഇവിടെ സ്ഥാനം. വായനക്കാരുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണിവിടെ സാധ്യമാക്കിയിരിക്കുന്നത്. ലൈംഗിക വിദ്യാഭ്യാസം മുതല്‍, സ്ത്രീകളുടെ ആരോഗ്യം സംബന്ധിച്ചുള്ള വിഷയങ്ങളും ഇവിടെ കൈകാര്യം ചെയ്യപ്പെടും. ഇന്‍സ്റ്റഗ്രാമിന്റെ പങ്കാളിത്തത്തോടെയാണ് കമ്പനിയുടെ പ്രവര്‍ത്തനം.

ഏതു വിഷയവും തുറന്നു ചോദിക്കാനുള്ള വേദി

മുന്‍വിധികളില്ലാതെ ഏതു വിഷയത്തെ കുറിച്ചും ചോദ്യങ്ങള്‍ പങ്കിടാനുള്ള വേദിയാണിവിടെ ഒരുക്കിയിരിക്കുന്നത്. അര്‍ത്ഥവത്തായ ചര്‍ച്ചകളും മാര്‍ഗനിര്‍ദേശങ്ങളും ഈ പ്ലാറ്റ്‌ഫോമിലൂടെ ലഭിക്കും. ഏതു വിഷയത്തിലും നമുക്ക് ഇഷ്ടമായതും സ്വീകാര്യമായതുമായ കാര്യങ്ങള്‍ തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ വേദി സഹായിക്കും. വിവിധ മേഖലകളിലുള്ള വിദഗ്ധര്‍, പ്രശസ്ത എഴുത്തുകാര്‍ എന്നിവരുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇതുവഴി ലഭ്യമാകും. എഴുത്തും വായനയും വീഡിയോയും അടങ്ങുന്ന പ്ലാറ്റ്‌ഫോമില്‍ കരിയര്‍, ലൈഫ്‌സ്റ്റൈല്‍, സംസ്‌കാരം, ബ്യൂട്ടി, ഫാഷന്‍, വിവിധ കാര്യപരിപാടികള്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളും ഉണ്ടാകും.

ട്വീക്കിലെ വീഡിയോ മറ്റു പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകുന്നതിന് 48 മണിക്കൂര്‍ മുമ്പ് ഇന്‍സ്റ്റഗ്രാം കമ്യൂണിറ്റിയില്‍ ഷെയര്‍ ചെയ്തിരിക്കും. ഒരു മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള വീഡിയോ ആയിരിക്കുമിത്.

Comments

comments

Categories: FK Special