കളിപ്പാട്ടക്കളി കാര്യമാക്കി ഷൂമീ

കളിപ്പാട്ടക്കളി കാര്യമാക്കി ഷൂമീ

ഗുണമേന്‍മയില്ലാത്തെ പ്ലാസ്റ്റിക് ഒഴിവാക്കി കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമല്ലാത്ത കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന സംരംഭമാണ് ഷൂമീ. ഇന്ത്യയിലെ മികച്ച കളിപ്പാട്ട ബ്രാന്‍ഡായി ഷൂമിയെ മാറ്റുകയാണ് സംരംഭകയുടെ ലക്ഷ്യം

കുട്ടിക്കാലത്ത് ഒരു കളിപ്പാട്ടമെങ്കിലും കൈകാര്യം ചെയ്യാത്ത കുട്ടികള്‍ കുറവാണ്. കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങി നല്‍കുമ്പോള്‍ അവയുടെ ഗുണമേന്‍മയെ കുറിച്ചോ, അവ ഉപയോഗിക്കുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചോ അധികമാരും ചിന്തിക്കാറില്ല. ഒട്ടുമിക്ക കളിപ്പാട്ടങ്ങളും ഗുണമേന്‍മ വളരെ കുറവുള്ള പ്ലാസ്റ്റിക്കിലാകും നിര്‍മിച്ചിരിക്കുക. വിപണിയിലെ ഈ നിജസ്ഥിതി മനസിലാക്കിയാണ് മീത കളിപ്പാട്ടങ്ങള്‍ക്കായി ഷൂമീ എന്ന പേരില്‍ പുതിയൊരു സംരംഭത്തിന് തുടക്കമിട്ടത്.

കളിപ്പാട്ടം ഉപയോഗിച്ചുള്ള കളി ഗൗരവമേറിയതാണെന്ന് മാതാപിതാക്കള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് സംരംഭം. കളിപ്പാട്ടം വാങ്ങുമ്പോള്‍ മാതാപിതാക്കളില്‍ ഭൂരിഭാഗം ആളുകളും അവ ബ്രാന്‍ഡഡ് ആണോ എന്നു നോക്കാറുപോലുമില്ല. ഈ നിസാരവല്‍ക്കരിക്കല്‍ ഒഴിവാക്കണമെന്ന് ആഹ്വാനത്തോടെ 2014ലാണ് ഷൂമീയുടെ തുടക്കം. കുട്ടികളുടെ വളര്‍ച്ചാ ഘട്ടത്തില്‍ അവരുടെ ഓരോ പ്രായത്തിനും വികസനത്തിനും അനുസരിച്ചുള്ള കളിപ്പാട്ടങ്ങള്‍ വാങ്ങി നല്‍കുന്നതാണ് ഉത്തമം. അവരെ കളികളിലൂടെ പഠിപ്പിക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്.

പ്രായത്തിന് യോജിച്ച കളിപ്പാട്ടങ്ങള്‍

കുട്ടികളുടെ ഓരോ പ്രായത്തിനും അനുയോജ്യമായ കളിപ്പാട്ടങ്ങള്‍ വാങ്ങി നല്‍കുന്നതിലൂടെ അവരുടെ ബുദ്ധിവികാസം, സര്‍ഗാല്‍മകത, ആശയവിനിമയം, പ്രശ്‌ന പരിഹാരത്തിനുള്ള വഴികള്‍ എന്നിവ വികസിപ്പിക്കാനാകും. കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ മെച്ചപ്പെടുത്താനും സംവദിക്കാനുമുള്ള അവസരമാണ് കളിപ്പാട്ടങ്ങളിലൂടെ ലഭിക്കുക. കളി എന്നാല്‍ 90 ശതമാനം കുട്ടിയും 10 ശതമാനം കളിപ്പാട്ടവും തമ്മിലുള്ള ബന്ധിപ്പിക്കലാണെന്നാണ് സ്റ്റാര്‍ട്ടപ്പ് മുന്നോട്ടു വെക്കുന്ന ആശയം. കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമല്ലാത്ത, തടി, കോട്ടണ്‍, പെയിന്റ്, പോളിഷുകള്‍ എന്നിവ ആയിരിക്കണം കളിപ്പാട്ടങ്ങളിലുണ്ടാകേണ്ടത്.

ഡിസൈനര്‍മാര്‍, മാര്‍ക്കറ്റിംഗ് സംഘം, ടെക്‌നോളജി ടീം എന്നിവരെല്ലാം അടങ്ങുന്ന 12 അംഗ സംഘമാണ് ഷൂമീയുടെ പ്രവര്‍ത്തനം മുന്നോട്ട് നയിക്കുന്നത്. ഇന്ത്യയില്‍ പത്തോളം നിര്‍മാതാക്കളുമായി സഹകരിച്ചാണ് സംരംഭത്തിന്റെ പ്രവര്‍ത്തനം. 1.5 കോടി രൂപ നിക്ഷേപത്തിലാണ് ഷൂമിയുടെ തുടക്കം. 2017ല്‍ ചെറിയ രീതിയില്‍ നിക്ഷേപ സമാഹരണം നടത്തിയ കമ്പനി അധികം വൈകാതെ അടുത്ത റൗണ്ട് നിക്ഷേപ സമാഹരണത്തിന് തയാറെടുക്കുകയാണ്. കഴിഞ്ഞ 18 മാസങ്ങള്‍ക്കുള്ളില്‍ അഞ്ചു മടങ്ങ് വളര്‍ച്ച നേടിയ കമ്പനി ഓരോ പാദത്തിലും 30-40 ശതമാനത്തോളം വളര്‍ച്ച നേടുന്നുണ്ടെന്നും മീത പറയുന്നു.

നിലവില്‍ നാല്‍പ്പതിനായിരത്തോളം ഉപഭോക്താക്കളാണ് ഷൂമീയ്ക്കുള്ളത്. ഓണ്‍ലൈനിലൂടെ മാത്രം വില്‍പ്പനയുള്ള സംരംഭം ഇന്ത്യയ്ക്കു പുറമെ സിംഗപ്പൂര്‍, യുകെ എന്നിവിടങ്ങളിലേക്കും വിതരണം നടത്തുന്നുണ്ട്. ആമസോണിലൂടെ യുഎസ്, കാനഡ. ദുബായ് എന്നിവിടങ്ങളിലും ഷൂമീ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നു. 2017ല്‍ ഏറ്റവും മികച്ച കളിപ്പാട്ട ബ്രാന്‍ഡായി ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കളിപ്പാട്ടങ്ങളില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍

മീതയും സംഘവും ചേര്‍ന്ന് കുട്ടികള്‍ക്കായി ചില കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ കമ്പനി ബ്രാന്‍ഡിനു കീഴില്‍ സൃഷ്ടിച്ചിട്ടുണ്ട്. ഷൂമീ, കര്‍ളി, ഷേര്‍ളി എന്നിവ അവയില്‍ ചിലതാണ്. ഇന്ത്യയിലെ മികച്ച കളിപ്പാട്ട ബ്രാന്‍ഡായി സംരംഭത്തെ മാറ്റുകയാണ് മീതയുടെ ലക്ഷ്യം.