2035 ലേക്കുള്ള കര്‍മ പദ്ധതി തയാറാക്കുന്നു

2035 ലേക്കുള്ള കര്‍മ പദ്ധതി തയാറാക്കുന്നു

ആഗോളതലത്തില്‍ ചിന്തിച്ച് പ്രാദേശികതലത്തില്‍ നടപ്പിലാക്കാന്‍ നിതി ആയോഗിന് സര്‍ക്കാര്‍ നിര്‍ദേശം

ന്യൂഡെല്‍ഹി: 2020 മുതല്‍ അടുത്ത 15 വര്‍ഷത്തേക്ക് രാജ്യത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന കര്‍മ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന 2035 വിഷന്‍ ഡോക്യുമെന്റിന്റെ കരടുരൂപം തയാറാക്കാന്‍ ആരംഭിച്ചിരിക്കുകയാണ് നിതി ആയോഗ്. രാജ്യത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നയരൂപീകരണത്തില്‍ മാതൃകാപരമായ മാറ്റങ്ങളാണ് ഇതില്‍ വിഭാവനം ചെയ്യുന്നത്. പദ്ധതിരേഖ തയാറാക്കുന്നതിന് വിവിധ വിഷയങ്ങളില്‍ ദേശീയ, അന്താരാഷ്ട്ര തലങ്ങളിലെ വിദഗ്ധരുടെ ഉപദേശം നേടണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിതി ആയോഗിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആഗോളതലത്തില്‍ ചിന്തിച്ച് പ്രാദേശികതലത്തില്‍ നടപ്പിലാക്കാനാണ് നിര്‍ദേശമെന്ന് ആയോഗ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതീക്ഷിക്കുന്ന ഫല പ്രാപ്തിയുണ്ടാക്കുന്നതിന് ലോകത്തിലെ വിവിധ മേഖലകളിലെ മികച്ച വിദഗ്ധരുടെ ഉപദേശങ്ങളും പ്രവണതകളും പരിഗണിച്ചാണ് കര്‍മ പദ്ധതിക്ക് രൂപം നല്‍കുക. ഇതില്‍ തൊഴിലില്ലായ്മ, കുറഞ്ഞ കയറ്റുമതി, കാര്‍ഷിക മേഖലയിലെ സ്തംഭനാവസ്ഥ തുടങ്ങി ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വ്യത്യസ്ത സമീപനങ്ങളുള്‍ക്കൊള്ളുന്ന നയപരമായ കാഴ്ച്ചപാടുകളുണ്ടാകുമെന്നും ആയോഗ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഭാവി പദ്ധതികളിലുള്‍പ്പെടുത്തേണ്ട വിഭാഗങ്ങളെപ്പറ്റി ഇനിയും അന്തിമ തീരുമാനമായിട്ടില്ല. ഡാറ്റ ഉപയോഗത്തിലൂടെ ഭരണ നിലവാരം ഉയര്‍ത്തുക, ഗ്രാമീണ വരുമാനം വര്‍ധിപ്പിക്കല്‍. ഇന്‍ഡസ്ഡ്രി 4.0 ഉത്തേജനം നല്‍കല്‍, മേക്കിംഗ് ഇന്ത്യ പ്രോല്‍സാഹനം, ഇന്ത്യയെ വിവിധ മേഖലകളിലെ കയറ്റുമതി കേന്ദ്രമാക്കല്‍, തൊഴിലില്ലായ് പരിഹരിക്കുന്നതിനുള്ള നൈപുണ്യ വികസന പദ്ധതികള്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങളെപ്പറ്റി നിതി ആയോഗ് ചര്‍ച്ചകള്‍ സംഘടിപ്പിച്ച് വരികയാണ്. ദീര്‍ഘകാലത്തേക്കുള്ള പദ്ധതികളായതിനാല്‍ പദ്ധതിരേഖയ്ക്ക് അന്തിമ രൂപം നല്‍കുന്നതിന് മുന്‍പ് സംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കു. ഓരോ വിഷങ്ങളിലും മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് അതാതു മേഖലകളില്‍ പ്രഗല്‍ഭരായവരെ ഉള്‍കൊള്ളിച്ച് ഒരു വിദഗ്ധ സമിതിക്ക് നിതി ആയോഗ് രൂപം നല്‍കിയിട്ടണ്ട്.

Categories: FK News, Slider
Tags: NITI Ayog