മെട്രോ നഗരത്തിന്റെ ദുര്‍ഗതി

മെട്രോ നഗരത്തിന്റെ ദുര്‍ഗതി

ശക്തമായ ഒരു മഴ പെയ്യുമ്പോഴേക്കും ജീവിതയോഗ്യമല്ലാതാകുന്ന നഗരമായി മാറിയിരിക്കുന്നു കേരളത്തിന്റെ വാണിജ്യതലസ്ഥാനം. നാണക്കേടാണിത്

മുന്‍കാല അനുഭവങ്ങളില്‍ നിന്നും കാര്യമായ ഒന്നും തന്നെ നമ്മള്‍ പഠിക്കുന്നില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് തിങ്കളാഴ്ച്ചയിലെ മഴയില്‍ കൊച്ചിയെന്ന മെട്രോനഗരത്തിന്റെ ദുരവസ്ഥ. വെള്ളക്കെട്ടും ദുരിതവും വൈദ്യുതിയില്ലായ്മയും നഗരത്തെ ശ്വാസം മുട്ടിച്ചു. ജനങ്ങളുടെ അടിസ്ഥാനപരമായ അവകാശങ്ങളാണ് ലംഘിക്കപ്പെടുന്നത്. അതിന് കാരണമാകുന്നതാകട്ടെ ദീര്‍ഘവീക്ഷണമില്ലാത്ത നമ്മുടെ നയപരിപാടികളും. നഗരവികസനത്തിന്റെ ഉപരിപ്ലവമായ കാര്യങ്ങളിലേക്ക് തിരിഞ്ഞതിന്റെ ഫലമായുണ്ടായ ഈ ദുരിതത്തോട് തീര്‍ത്തും നിഷേധാത്മകമായ മനോഭാവമാണ് ഭരണാധികാരികള്‍ സ്വീകരിച്ചുപോരുന്നത്. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയും അത് അടിവരയിടുന്നു.

കൊച്ചിയിലെ വെള്ളക്കെട്ടില്‍ ജനജീവിതം സ്തംഭിച്ചതിനെതിരെ ഇന്നലെ അതിരൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി വിമര്‍ശനമുന്നയിച്ചത്. കൊച്ചിയെ സിംഗപ്പൂരാക്കണമെന്നില്ലെന്നും ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാനെങ്കിലും സാധിക്കണമെന്നുമാണ് കോടതി പറഞ്ഞത്. മുനിസിപ്പാലിറ്റീസ് ആക്റ്റ് അനുസരിച്ച് കൊച്ചി നഗരസഭയെ സര്‍ക്കാരിന് പിരിച്ചുവിട്ടുകൂടെ എന്നുവരെ കോടതി പറഞ്ഞ സാഹചര്യം അത്യന്തം ഗൗരവത്തോടെ വേണം ഉള്‍ക്കൊള്ളാന്‍.

വളരെ പ്രസക്തമുള്ള നിരീക്ഷണങ്ങളാണ് കോടി ഈ വിഷയത്തില്‍ നടത്തിയത്. അപ്രതീക്ഷിതമായി വെള്ളപ്പൊക്കമുണ്ടാകുന്ന സാഹചര്യത്തില്‍ സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ളവര്‍ക്ക് അതിവേഗം രക്ഷപ്പെടാന്‍ സാധിച്ചേക്കാമെന്നും എന്നാല്‍ പാവപ്പെട്ട, സാധാരണക്കാര്‍ക്ക് അതിന് കഴിഞ്ഞെന്നുവരില്ലെന്നും കോടതി നിരീക്ഷിച്ചു.

നഗരമധ്യത്തില്‍ കൂടി കടന്നുപോകുന്ന പേരണ്ടൂര്‍ കനാല്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ അത്യന്തം ഗൗരവത്തോടെ നഗരം ഭരിക്കുന്നവര്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. കനാല്‍ ശുചീകരണ പ്രക്രിയ ഒരിക്കലും പൂര്‍ത്തിയാകുന്നില്ലെന്ന അഡ്വക്കേറ്റ് കമ്മീഷന്റെ കണ്ടെത്തലെല്ലാം ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പ്രധാന കാരണമാണ് കനാലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍. കനാല്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഇന്നലെ പരിഗണിക്കുന്ന വേളയിലാണ് കൊച്ചി നഗരസഭയ്‌ക്കെതിരെ കോടതി സുപ്രാധനമായ നിരീക്ഷണങ്ങള്‍ നടത്തിയത്.

കൊച്ചി നഗരത്തിന്റെ വികസനം പൊള്ളയാണെന്ന് നാളെ ചരിത്രം രേഖപ്പെടുത്താതിരിക്കണമെങ്കില്‍ ഇനിയെങ്കിലും ഭരണാധികാരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. വലിയ കെട്ടിടങ്ങളും മെട്രോയും അല്ല വികസനത്തിന്റെ അടിസ്ഥാന ശില. അങ്ങനെയൊരു മിഥ്യാധാരണ ഇപ്പോഴും നമ്മുടെ നേതാക്കള്‍ക്കോ ബിസിനസ് ലോകത്തിനോ ഉണ്ടെങ്കില്‍ അത് തിരുത്തേണ്ട സമയം അങ്ങേയറ്റം അതിക്രമിച്ചിരിക്കുന്നു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും മികച്ച നിലവാരത്തില്‍, സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകുക എന്നതാണ് വികസനത്തിന്റെ കാതല്‍. പ്രകൃതിയുടെ സന്തുലനം താളം തെറ്റിക്കുന്ന പദ്ധതികളെയും നയങ്ങളെയും വികസനാത്മകം എന്ന് വിശേഷിപ്പിക്കുന്നതിന്റെയത്ര വൈരുദ്ധ്യം വേറെയില്ല.

ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് തടസപ്പെടുത്തുന്ന രീതിയിലായിരുന്നു കൊച്ചിയിലെ വെള്ളക്കെട്ടും റോഡുകളും. പോളിംഗ് ശതമാനം മന്ദഗതിയിലാകുന്നതിനു പോലും അത് കാരണമായി. ഇടപ്പള്ളി മുതല്‍ എംജി റോഡ് വരെ രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ഇടറോഡുകളിലും വീടുകളിലുമെല്ലാം വെള്ളം കയറി അസഹ്യമായ അവസ്ഥയായിരുന്നു സംജാതമായത്. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ എന്ന ദൗത്യവുമായി ഫയര്‍ ഫോഴ്‌സും പൊലീസും റവന്യൂ അധികൃതരും രംഗത്തെത്തിയെങ്കിലും ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ കൊച്ചിയുടെ വികസന മുന്നേറ്റത്തിന് അത്ര ആയുസുണ്ടാകില്ലെന്നതാണ് വസ്തുത. നഗരം വളരുന്നതനുസരിച്ച് ശാസ്ത്രീയമായ ടൗണ്‍ പ്ലാനിംഗ് സംവിധാനം വേണം. എന്നാല്‍ മര്യാദയ്ക്കുള്ള ഓട സംവിധാനം പോലും നമുക്കിന്നും അന്യമാണ്.

Categories: Editorial, Slider