പ്രകൃതിക്ഷോഭങ്ങള്‍ നേരിടുന്നതിന് മാപ്പത്തോണ്‍

പ്രകൃതിക്ഷോഭങ്ങള്‍ നേരിടുന്നതിന് മാപ്പത്തോണ്‍

ഐടി മിഷന്റെ പ്രാദേശിക മാപ്പിംഗ് പദ്ധതി ‘മാപ്പത്തോണ്‍ കേരളം’ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പ്രാദേശിക ഭൂപട രേഖീകരണത്തിനായി സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലേയും ഭൗതിക അടിസ്ഥാന സൗകര്യങ്ങളേയും പ്രകൃതി വിഭവങ്ങളേയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കേരള ഐറ്റി മിഷന്‍ നടപ്പാക്കുന്ന ബൃഹത്തായ ക്രൗഡ് സോഴ്‌സിംഗ് ദൗത്യമായ ‘മാപ്പത്തോണ്‍ കേരളം’ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്തെ വിവിധ എന്‍ജിനീയറിംഗ് കോളേജുകളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിലെ മാപ്പിംഗ് വോളന്റിയര്‍മാരെ സെക്രട്ടേറിയറ്റിലെ ചേംബറില്‍നിന്ന് മൂന്നു മണിക്ക് വിഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും. ‘നമുക്ക് നമ്മുടെ ഭൂപടം നിര്‍മ്മിക്കാം’ എന്ന ആശയത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഈ പദ്ധതി കേരളത്തില്‍ പ്രകൃതിക്ഷോഭ നിയന്ത്രണത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനും ആവശ്യമായ ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍, പ്രകൃതി വിഭവങ്ങള്‍, മറ്റു പ്രയോജനകരമായ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പ്രാദേശിക ഭൂപടങ്ങള്‍ രൂപപ്പെടുത്തുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്.

ഐറ്റി മിഷനു കീഴിലുള്ള കേരള സ്റ്റേറ്റ് സ്‌പെഷല്‍ ഡാറ്റ ഇന്‍ഫ്രാസ്ട്രക്ചറാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ് വെയര്‍ (ഐസിഫോസ്), നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍എസ്എസ്) എന്നിവയുടെ സഹകരണവുമുണ്ട്. സൗജന്യമായ സ്വതന്ത്ര സോഫ്റ്റ് വെയര്‍, സൗജന്യ അറിവ് എന്നിവ കേന്ദ്രീകൃതമായ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് എന്ന ഫ്രീ ഓണ്‍ലൈന്‍ മാപ്പാണ് ഈ ദൗത്യത്തില്‍ ഉപയോഗിക്കുക.

പരിപാടിയുടെ ആദ്യപടിയായി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച വിവിധ കോളേജുകളില്‍ വോളന്റിയേഴ്‌സിനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രാദേശിക മാപ്പിംഗ് സെഷനുകള്‍ നടത്തി. തെരഞ്ഞെടുത്ത 80 കോളേജുകളിലെ ഫാക്കല്‍റ്റികള്‍ക്കും പരിശീലനം നല്‍കി. കൂടുതല്‍ സ്ഥാപനങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും വ്യക്തികള്‍ക്കും ഈ പ്രചാരണത്തെ ഏറ്റെടുത്ത് പ്രാദേശിക ഭൂപടങ്ങള്‍ സ്വന്തമായി വികസിപ്പിക്കാവുന്നതാണ്.

പദ്ധതിയുടെ പ്രചാരണത്തിനു മുന്നോടിയായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ ‘മാപ്പ് മൈ ഓഫീസ്’ എന്ന ക്രൗഡ് സോഴ്‌സിംഗിലൂടെയുള്ള സര്‍ക്കാര്‍ ഓഫീസുകളുടെ മാപ്പിംഗ് നടത്തിയിരുന്നു.

പൊതുജന പങ്കാളിത്തത്തോടെ ഓണ്‍ലൈനായി ഭൂപടം നിര്‍മ്മിക്കാവുന്നതാണ്. കമ്പ്യൂട്ടര്‍/ മൊബീല്‍ഫോണ്‍, ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നിവ ഉള്ളവര്‍ക്ക് മാപ്പത്തോണില്‍ പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍, സര്‍ക്കാരേതിര സ്ഥാപനങ്ങള്‍, തൊഴിലാളികള്‍, സ്വകാര്യമേഖലയിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പങ്കെടുക്കാവുന്നതാണ്.

പ്രാദേശികമായ സവിശേഷതകള്‍ അതതു സ്ഥലങ്ങളിലുള്ളവര്‍ക്ക് മനസ്സിലാക്കാനാകുമെന്നതിനാല്‍ ഇത്തരത്തിലുള്ള വിവരങ്ങള്‍ കൃത്യമായിരിക്കും. ഭൂപടത്തിലെ വിവരങ്ങള്‍ വിദ്യാര്‍ഥികള്‍, ഗവേഷകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി സൗജന്യമായി ലഭിക്കും.

Comments

comments

Categories: Current Affairs

Related Articles