മലേഷ്യന്‍ പാംഓയില്‍ ഇനി വേണ്ട

മലേഷ്യന്‍ പാംഓയില്‍ ഇനി വേണ്ട
  • കശ്മീര്‍ വിഷയത്തില്‍ ഇടപെട്ട് പാക്കിസ്ഥാനെ പിന്തുണച്ച മലേഷ്യക്ക് തിരിച്ചടി
  • മലേഷ്യയില്‍ നിന്ന് ഇനി ഇറക്കുമതി വേണ്ടെന്ന് എണ്ണ വ്യാപാരികളുടെ സംഘടന
  • ദ്രോഹിക്കുന്നവര്‍ക്ക് ശക്തമായ തിരിച്ചടി ഉറപ്പാക്കിക്കൊണ്ട് ഇന്ത്യ നയം മാറ്റുന്നു
  • മലേഷ്യയുമായുള്ള വ്യാപാര ബന്ധങ്ങള്‍ പരസ്യമായി വിച്ഛേദിക്കുന്നത് ഇതാദ്യം

മലേഷ്യന്‍ പ്രധാമന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവനകള്‍ക്കെതിരെ നമ്മുടെ സര്‍ക്കാര്‍ അതേരീതിയില്‍ പ്രതികരിച്ചിട്ടില്ല. ഇക്കാര്യം സര്‍ക്കാരിന്റെ ആലോചനയിലാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ വ്യക്തത വരുത്തുന്നത് വരെ ഉത്തരവാദപ്പെട്ട എണ്ണ വ്യാപാരികളെന്ന നിലയില്‍ നാം മലേഷ്യയില്‍ നിന്നുള്ള പാംഓയില്‍ ഇറക്കുമതി നിര്‍ത്തണം

-അതുല്‍ ചതുര്‍വേദി, എസ്എഎഐ പ്രസിഡന്റ്‌

ന്യൂഡെല്‍ഹി: ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി നില്‍ക്കുന്ന ലോകരാജ്യങ്ങളുമായി വ്യാപാര ബന്ധം വെട്ടിമുറിക്കാനുദ്ദേശിച്ച് പുതിയ ഇന്ത്യ. കശ്മീര്‍ വിഷയത്തില്‍ മലേഷ്യയും തുര്‍ക്കിയും എടുത്ത പാക് അനുകൂല നിലപാടുകളുടെ പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ കൂടുതല്‍ പല്ലും നഖവുമുള്ള പുതിയ നയം വെളിവാകുന്നത്. മലേഷ്യയുടെ ഏറ്റവും പ്രധാന കയറ്റുമതി ഉല്‍പ്പന്നമായ പാം ഓയിലിന്റെ ഇറക്കുമതിയാണ് ഇന്ത്യ അനൗദ്യോഗികമായി അവസാനിപ്പിച്ചത്. ഇന്ത്യയിലെ എണ്ണ ഇറക്കുമതിക്കാരുടെ സംഘടനയായ സോള്‍വന്റ് എക്‌സ്ട്രാക്‌റ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്എഎഐ) അംഗങ്ങള്‍ക്ക് ഔദ്യോഗികമായി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി. ഇതോടെ ഒരുതുള്ളി പാം ഓയില്‍ പോലും മലേഷ്യക്ക് ഇന്ത്യയിലേക്ക് കയറ്റിയയക്കാനാവാതെ വരും. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ കടുത്ത ഭാഷയില്‍ കുറ്റപ്പെടുത്തുകയും പാക്കിസ്ഥാന് അനുകൂലമായി നിലകൊള്ളുകയും ചെയ്ത മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദിന്റെ സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ഇന്ത്യയുടെ നടപടി.

ഇന്തോനേഷ്യക്ക് പിന്നില്‍ ലോകത്തെ രണ്ടാമത്തെ വലിയ പാം ഓയില്‍ ഉല്‍പ്പാദകരായ മലേഷ്യയുടെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി ഉപഭോക്താക്കളാണ് ഇന്ത്യ. 2018 ല്‍ 1.63 ബില്യണ്‍ ഡോളറിന്റെ പാം ഓയില്‍ ഉല്‍പ്പന്നങ്ങളാണ് ഇന്ത്യ മലേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നത്. അതിവേഗം വളരുന്ന ഇന്ത്യ പോലെ വിശാലമായ വിപണി നഷ്ടപ്പെടുന്നത് മലേഷ്യയെ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്തിന്റെ ജിഡിപിയുടെ 2.8% ഭക്ഷ്യ എണ്ണ കയറ്റുമതിയാണ് സംഭാവന ചെയ്യുന്നത്. ആകെ കയറ്റുമതിയുടെ 4.5% എണ്ണ കയറ്റുമതിയാണ്. റബ്ബറില്‍ നിന്നും എണ്ണപ്പന കൃഷിയിലേക്ക് മലേഷ്യന്‍ കര്‍ഷകര്‍ കൂട്ടത്തോടെ മാറുന്ന സമയത്താണ് ഇന്ത്യ മലേഷ്യക്ക് പ്രഹരമേല്‍പ്പിച്ചിരിക്കുന്നത്.

അനൗദ്യോഗികമായി നിരോധനം നിലവില്‍ വന്നു കഴിഞ്ഞു. അതേസമയം ഗാട്ട് അടക്കമുള്ള വ്യാപാര കരാറുകളുടെ ലംഘനമാവുമെന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും നടത്താന്‍ സാധ്യതയില്ല. ഇറക്കുമതിക്കാരെ സ്വാധീനിച്ചാണ് സമ്മര്‍ദ്ദതന്ത്രം മെനയുന്നത്. ഉയര്‍ന്ന നികുതി ഭയന്ന് നവംബര്‍, ഡിസംബര്‍ മാസങ്ങളിലേക്കുള്ള ഇറക്കുമതിയില്‍ നിന്ന് ഇറക്കുമതിക്കാര്‍ പിന്‍വാങ്ങിയിട്ടുണ്ട്. ജനുവരിയിലെ അവധി വ്യാപാരവും താഴേക്ക് പോകുമെന്നാണ് സൂചന. പാം ഓയില്‍ ക്ഷാമം ഉണ്ടാവാതിരിക്കാന്‍ ഇന്തോനേഷ്യയില്‍ നിന്നും ഉക്രെയ്‌നില്‍ നിന്നും പകരം ഇന്ത്യ പാം ഓയില്‍ ഇറക്കുമതി ചെയ്യും.

വഴങ്ങില്ലെന്ന് മഹാതിര്‍

ഇന്ത്യ കശ്മീരില്‍ അതിക്രമിച്ചു കയറുകയും കൈയടക്കുകയും ചെയ്‌തെന്ന പരാമര്‍ശത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദ്. പാം ഓയില്‍ ഇറക്കുമതി ഇന്ത്യ നിര്‍ത്തിയെന്ന റിപ്പോര്‍ട്ടുകളോടാണ് മൊഹമ്മദ് പ്രതികരിച്ചത്. ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് ഇന്ത്യയുടെ കശ്മീര്‍ നടപടിയെ മലേഷ്യന്‍ പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നത്. പാക്കിസ്ഥാനില്‍ അടുത്തിടെ സന്ദര്‍ശനം നടത്തിയ മൊഹമ്മദ്, വാണിജ്യ കരാറുകളില്‍ ഒപ്പിടുകയും ചൈനയും പാക്കിസ്ഥാനും സംയുക്തമായി നിര്‍മിച്ച ജെഎഫ് തണ്ടര്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കരാറൊപ്പിടുകയും ചെയ്തു. ഇന്ത്യയുടെ തേജസ് യുദ്ധവിമാനത്തെ തഴഞ്ഞായിരുന്നു ഇത്. മതവൈരം വളര്‍ത്തുന്ന പ്രഭാഷണങ്ങളുടെ പേരില്‍ നടപടി നേരിടുന്ന വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സക്കീര്‍ നായിക്കിന് മലേഷ്യയാണ് അഭയം നല്‍കിയിരിക്കുന്നത്. ഇയാളെ വിട്ടുകിട്ടണമെന്നുള്ള ഇന്ത്യയുടെ ആവശ്യവും മഹാതിര്‍ മൊഹമ്മദ് പരിഗണിച്ചിട്ടില്ല. ചൈനയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന മഹാതിറിന്റെ നടപടികളെ സൂക്ഷമമായി നിരീക്ഷിച്ചുവരുന്ന ഇന്ത്യ മലേഷ്യന്‍ ഏകാധിപതിക്കെതിരെ കടുത്ത നടപടികളെടുക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു.

Categories: FK News, Slider