ആരോഗ്യ വഴിയിലെ ഗേറ്റ് കീപ്പര്‍മാര്‍

ആരോഗ്യ വഴിയിലെ ഗേറ്റ് കീപ്പര്‍മാര്‍

ഉപഭോക്താക്കളുടെ ആരോഗ്യബോധം കണക്കിലെടുത്തുതന്നെയാണ് ഭക്ഷ്യവിഭാഗത്തിലെ ബ്രാന്‍ഡുകള്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നത്

ഇന്നത്തെ ഉപഭോക്താക്കള്‍ ആരോഗ്യ കാര്യത്തില്‍ വളെര ശ്രദ്ധാലുക്കളാണ്. അതുകൊണ്ടുതന്നെ ഭക്ഷ്യവിഭവങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ആരോഗ്യത്തിനും പരിഗണന നല്‍കുന്നു.ഇതില്‍ ബ്രാന്‍ഡ് ചെയ്യപ്പെട്ട ഭക്ഷ്യ ഉല്‍പ്പന്നങ്ങളെയും അവര്‍ ഉള്‍പ്പെടുത്തുന്നുണ്ട്. വാങ്ങുന്ന ഒരോ ഭക്ഷ്യ വിഭവങ്ങളിലും ഉല്‍പ്പന്നങ്ങളിലും അതീവ ജാഗ്രതയുള്ള ഉപഭോക്താക്കള്‍ നമ്മുടെ മുന്നില്‍ ധാരാളമുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെടുന്ന ആരോഗ്യ ചിന്തകളും ടിപ്‌സുകളുമൊക്കെ ഉപഭോക്താക്കളുടെ ആരോഗ്യബോധത്തിനു പിന്നിലുണ്ട്. ജീവിതശൈലി രോഗങ്ങളുടെ വര്‍ധനയും ഉപഭോക്താക്കളില്‍ രൂപപ്പെട്ട ആരോഗ്യപൂര്‍ണമായ ഭക്ഷണം കഴിക്കണമെന്ന അവബോധവും ഏതൊക്കെയാണ് നല്ല ഭക്ഷണം എന്ന ചിന്ത അവരില്‍ വളര്‍ത്തിയിട്ടുണ്ട്.

ഉപഭോക്താക്കളുടെ ആരോഗ്യബോധം കണക്കിലെടുത്തുതന്നെയാണ് ഭക്ഷ്യവിഭാഗത്തിലെ ബ്രാന്‍ഡുകള്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നത്. കാര്‍ബോഹൈഡ്രേറ്റ്‌സും മിനറല്‍സും മറ്റും ഇത്ര ശതമാനം വീതം അടങ്ങിയിരിക്കുന്നുവെന്ന് പരസ്യ സന്ദേശങ്ങളില്‍ സൂചിപ്പിച്ചുകൊണ്ടാണ് ഉപഭോക്താവിനെ സമീപിക്കുന്നത്. ഓരോരുത്തര്‍ക്കും അനുയോജ്യമായ പോഷണം വാഗ്ദാനം ചെയ്യുന്ന ഭക്ഷ്യ വിഭവങ്ങള്‍ ഉപഭോക്താക്കള്‍ സ്വീകരിക്കാനുള്ള സാധ്യതയും ഇക്കാലത്ത് കൂടുതലാണ്.

ഇന്നാവട്ടെ ബ്രാന്‍ഡ് ചെയ്യപ്പെട്ട പാക്കേജ്ഡ് ഫുഡുകളുടെ നീണ്ട നിരതന്നെയുണ്ട്. അരിപ്പൊടിയും ആട്ടയും ബേക്കറി ഉല്‍പ്പന്നങ്ങളും സോസുകളും തുടങ്ങി നിരവധി വിഭവങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. വീടുകളില്‍ ആരോഗ്യ ബോധത്തിന്റെ പശ്ചാത്തലത്തില്‍ ഇവയില്‍ ഏതു തിരഞ്ഞെടുക്കണെമെന്ന് തീരുമാനിക്കുന്നത് മിക്കവാറും വീട്ടമ്മമാര്‍ തന്നെയാണ്. ഇതില്‍ ബ്രാന്‍ഡുകളുടെ പരിഗണനയും ഉണ്ടാവും.

കുടുംബാംഗങ്ങളുടെ ആരോഗ്യ കാര്യത്തില്‍ അതീവ ശ്രദ്ധയുള്ള വീട്ടമ്മമാര്‍ തന്നെയാവും അവര്‍ക്ക് ഏത് ഭക്ഷ്യവിഭവങ്ങള്‍ നല്‍കണമെന്ന് തീരുമാനിക്കുക. ചിലയിടങ്ങളില്‍ ഭക്ഷ്യവിഭവങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പുരഷന്മാരും പങ്കാളിയാകാറുണ്ട്. പൂര്‍ണമായും പുരുഷന്മാര്‍ തന്നെ തീരുമാനമെടുക്കുന്ന കുടുംബങ്ങളുമുണ്ടാകും.

നല്ല ഭക്ഷ്യവിഭവങ്ങള്‍ വീട്ടിലേക്ക് എത്തിക്കുന്നതിന് മുന്‍നിരയിലുള്ളത് സ്ത്രീകളാണെന്നു പറയാം. ബ്രാന്‍ഡുകള്‍ പരസ്യങ്ങളില്‍ അവതരിപ്പിക്കുന്നതും ഇത്തരം വിവേകമതികളായ വീട്ടമ്മമാരെയാണ്. മറ്റുള്ളവരുടെ ആരോഗ്യക്ര്യങ്ങളില്‍ ഇടപെടാന്‍ സ്വന്തം ആരോഗ്യവും നന്നായിരിക്കണമെന്ന സൂചനകള്‍ ആരോഗ്യ പാനീയങ്ങള്‍ പോലുള്ള ബ്രാന്‍ഡുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഇതുകൂടിയാവുമ്പോള്‍ ചില ഉപഭോക്താക്കള്‍ക്കെങ്കിലും പരസ്യങ്ങളിലെ വീട്ടമ്മമാരെ റോള്‍ മോഡലായി കരുതുന്നു. ഇത്തരം പ്രേരണകള്‍ ഉല്‍പ്പന്നങ്ങളെ വിജയത്തിലേക്ക് നയിക്കാന്‍ ഇടയാക്കും.

കടകളിലെത്തുന്ന വീട്ടമ്മമാര്‍ വിവിധ ബ്രാന്‍ഡുകളുടെ ഫുഡ് പായ്ക്കറ്റുകള്‍ നിരീക്ഷിച്ച് അവ പായ്ക്ക് ചെയ്ത തീയതിയും എത്രനാള്‍ വരെ ഉപയോഗിക്കാമെന്ന കാലാവധിയുമൊക്കെ നോക്കിത്തന്നെ വാങ്ങാറുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ബ്രാന്‍ഡുകളെ നിരീക്ഷിച്ച് സസൂക്ഷ്മം തിരഞ്ഞെടുക്കുന്ന വീട്ടമ്മാരെ ആരോഗ്യ വഴിയിലെ ഗേറ്റ് കീപ്പര്‍മാരെന്നു വിശേഷിപ്പിച്ചാലും തെറ്റാവില്ല.

Categories: FK Special