ശ്വാസകോശത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാം

ശ്വാസകോശത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാം

അമിതവണ്ണമുള്ളവരുടെ ശ്വാസകോശങ്ങളില്‍ ഫാറ്റി ടിഷ്യു അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ടെന്ന് ഒരു പുതിയ പഠനം

ശ്വാസകോശത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടാനിടയുണ്ടെന്നതിന് പുതിയൊരു പഠനത്തില്‍ തെളിവു ലഭിച്ചിരിക്കുന്നു. ആദ്യമായാണ് ഇത്തരമൊരു തെളിവു ലഭ്യമായത്. ശ്വസകോശങ്ങളില്‍ അടിഞ്ഞുകൂടിയ ഫാറ്റി ടിഷ്യു ചില സന്ദര്‍ഭങ്ങളില്‍ ആസ്ത്മയ്ക്കും മറ്റ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാമെന്ന് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. അമേരിക്കന്‍ ഐക്യനാടുകളിലും ലോകമെമ്പാടും അമിതവണ്ണം ഒരു പ്രധാന ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നു. യുഎസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ആന്‍ഡ് ഡൈജസ്റ്റീവ് ആന്‍ഡ് കിഡ്‌നി ഡിസീസസ് നല്‍കുന്ന വിവരങ്ങളനുസരിച്ച് രാജ്യത്തെ മൂന്നിലൊരാള്‍ക്ക് അമിതവണ്ണമുണ്ട്.

ഈ അവസ്ഥ മറ്റ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള സാധ്യത വര്‍ധിപ്പിക്കുമെങ്കിലും, ഇതിന്റെ കാരണമെന്തെന്നു വ്യക്തമല്ല. അത്തരം ഒരു നിഗൂഢബന്ധമാണ് അമിതവണ്ണവും ആസ്ത്മയും തമ്മിലുള്ളത്. ഗവേഷകര്‍ ഇതിന് വ്യത്യസ്ത വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും, അമിതവണ്ണം ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത് എങ്ങനെയെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല. ശ്വാസകോശഭിത്തികളില്‍ ഫാറ്റി ടിഷ്യു അടിഞ്ഞു കൂടുന്നു എന്നാണ് ഒരു കാരണമായി പറയപ്പെടുന്നത്. അമിതവണ്ണമുള്ള ആളുകളില്‍ ഇത് ആസ്ത്മ പോലുള്ള ശ്വസനപ്രശ്‌നങ്ങള്‍ വികസിക്കാന്‍ കാരണമാകും. യൂറോപ്യന്‍ റെസ്പിറേറ്ററി ജേണലില്‍ പഠനഫലങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശ്വാസകോശത്തിനുള്ളിലെ വായുമാര്‍ഗങ്ങളുടെ ഘടനയെക്കുറിച്ചും ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരില്‍ ഇവയ്ക്ക് എങ്ങനെ മാറ്റം സംഭവിക്കുന്നുവെന്നും പെര്‍ത്തിലെ സര്‍ ചാള്‍സ് ഗെയ്ഡ്നര്‍ ഹോസ്പിറ്റലില്‍ നിന്നുള്ള ഗവേഷകന്‍ ജോണ്‍ എലിയറ്റ് വിശദീകരിക്കുന്നു. ശ്വാസകോശത്തിന്റെ മാതൃക പരിശോധിച്ചപ്പോള്‍, ശ്വാസകോശഭിത്തികള്‍ നിര്‍മ്മിച്ച ഫാറ്റി ടിഷ്യു ഗവേഷകര്‍ കണ്ടെത്തി. ഇവയ്ക്ക് ശരീരഭാരവുമായി ബന്ധമുണ്ടോ എന്ന് അറിയാന്‍ ഗവേഷണസംഘം പഠനം നടത്തി. ഇതിനായി മൃതദേഹങ്ങളില്‍ നിന്നെടുത്ത 52 ശ്വാസകോശങ്ങള്‍ വിശകലനം ചെയ്തു. ഇതില്‍ 15 പേര്‍ക്ക് ആസ്ത്മ ഇല്ലായിരുന്നു, ആസ്ത്മ ഉണ്ടായിരുന്ന 21 പേര്‍ അതുമായി ബന്ധമില്ലാത്ത കാരണങ്ങളാലാണു മരിച്ചത്. 16 പേര്‍ ആസ്ത്മയുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ മരിച്ചു.

ശ്വാസകോശഭിത്തികളുടെ ഘടന പഠിക്കാന്‍ അന്വേഷകര്‍ പ്രത്യേക ഡൈകള്‍ ഉപയോഗിച്ചു, അവയില്‍ എത്രമാത്രം ഫാറ്റി ടിഷ്യു ഉണ്ടെന്ന് തിരിച്ചറിയാന്‍. ഓരോ ദാതാവിന്റെയും ബോഡി മാസ് സൂചിക (ബിഎംഐ) സംബന്ധിച്ച ഡാറ്റയും ഗവേഷകര്‍ പരിശോധിച്ചു. ശ്വാസകോശഭിത്തികളില്‍ ഫാറ്റി ടിഷ്യു ഉയരുന്നതായി സംഘം കണ്ടെത്തി. ഒരു വ്യക്തിയുടെ ബിഎംഐ ഉയര്‍ന്നാല്‍ ശ്വാസകോശങ്ങളില്‍ കൂടുതല്‍ കൊഴുപ്പ് അടിഞ്ഞുകൂടുമെന്നും അവര്‍ കണ്ടെത്തി. കൂടാതെ, കൊഴുപ്പ് വര്‍ദ്ധിക്കുന്നത് ശ്വാസനാളത്തിന്റെ സാധാരണ ഘടനയെ ബാധിക്കുകയും ശ്വാസോച്ഛ്വാസം തടയുകയും ശ്വാസകോശത്തില്‍ വീക്കം ഉണ്ടാക്കുകയും ചെയ്യും. ഇത് ശ്വാസകോശരോഗങ്ങള്‍ക്കു കാരണമാകും.

ശ്വാസനാളങ്ങളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന്റെ ഫലമായി ശ്വാസകോശത്തിലെ അമിത ഭാരം നേരിട്ട് സമ്മര്‍ദ്ദം ചെലുത്തുന്നതിലൂടെയോ അല്ലെങ്കില്‍ അമിത ഭാരം മൂലമുണ്ടാകുന്ന വീക്കം വര്‍ദ്ധിക്കുന്നതിലൂടെയോ ബന്ധം വിശദീകരിക്കാമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ശ്വാസകോശത്തിനകത്തും പുറത്തും വായുവിന്റെ ഒഴുക്ക് പരിമിതപ്പെടുത്തുന്ന വായുമാര്‍ഗങ്ങളെ കട്ടിയാക്കുന്നതിന് കാരണമാകും. ഇത് ആസ്ത്മ ലക്ഷണങ്ങളുടെ വര്‍ദ്ധനവിനു കാരണമാകും. പഠനം പുരോഗമിക്കുമ്പോള്‍ അമിതവണ്ണം, ശ്വസനവ്യവസ്ഥയിലെ ഫാറ്റി ടിഷ്യു, ശ്വാസകോശാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കാനാകുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. ശരീരഭാരം കുറയുന്നത് അമിതവണ്ണം മൂലമുള്ള ശ്വാസകോശരോഗത്തിന്റെ പ്രത്യാഘാതത്തെ മറികടക്കുമോയെന്നും പരിശോധിക്കുന്നു.

Comments

comments

Categories: Health
Tags: Fat