ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലെ പുതുതന്ത്രങ്ങള്‍-3

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലെ പുതുതന്ത്രങ്ങള്‍-3

തമാശയ്ക്കും നേരമ്പോക്കിനും വേണ്ടി മാത്രം പ്രയോജനപ്പെടുന്ന ആപ്പ് എന്നതിലുപരി ടിക് ടോകിന് വ്യാപാര രംഗത്തും ശോഭിക്കാനാവും. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ ടിക് ടോകിന്റെ സാധ്യതകള്‍ വാസ്തവത്തില്‍ അനന്തമാണ്. ഹാഷ് ടാഗ് ചലഞ്ചുകളും ടിക് ടോകിലെ ജനപ്രിയ താരങ്ങളെ ഉപയോഗിച്ചുള്ള മാര്‍ക്കറ്റിംഗും വ്യാപാരത്തിന് പുതിയ മാനം നല്‍കും

കഴിഞ്ഞ ആഴ്ചത്തെ ലേഖനത്തിനു ലഭിച്ച വളരെയധികം പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത് കേരളത്തിലെ ബിസിനസ് സമൂഹം വാട്‌സ്ആപ്പിന്റെ ശക്തി തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ്. അതില്‍ പറയാന്‍ വിട്ടു പോയ ഒരു പ്രധാന കാര്യം നിങ്ങളുടെ ഉല്‍പ്പന്നം ഏതായാലും 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ആയി വെക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പറ്റുമെങ്കില്‍ നിങ്ങളുടെ വാട്‌സ്ആപ്പ് ലിസ്റ്റില്‍ ഉള്ളവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റ് നോക്കുവാനും ശ്രമിക്കുക. ഏറ്റവും നല്ല മാര്‍ക്കറ്റിംഗ് ഉപകാരണമാണിത്.

ഇനി ഈ ആഴ്ചത്തെ താരത്തെ പരിചയപ്പെടാം. പല കാരണങ്ങള്‍ കൊണ്ടും പ്രശസ്തിയും കുപ്രസിദ്ധിയും ഒരേ സമയം നേടിയ താരം, ടിക് ടോക്.

ടിക് ടോക് എന്ന് കേട്ടാല്‍ മുഖം തിരിക്കാന്‍ വരട്ടെ. ഇന്‍സ്റ്റഗ്രാമിനെ വരെ പിന്‍തള്ളി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഗെയിമിംഗ് ആപ്പുകളല്ലാത്തവയുടെ കൂട്ടത്തില്‍ മൂന്നാം സ്ഥാനം നേടിയിരിക്കുകയാണ് ടിക് ടോക് ഇപ്പോള്‍. നേരത്തെ മ്യൂസിക്.ലി എന്ന ആപ്പിനെ ടിക് ടോക് എന്ന ചൈനീസ് ഭീമന്‍ വാങ്ങിയതോടുകൂടിയാണ് നല്ലകാലം വന്നതെന്ന് പറയാം. ചൈനയിലെ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ കണക്കാക്കാതെ തന്നെ 2019 മാര്‍ച്ച് മാസത്തെ കണക്കുവെച്ച് ടിക് ടോക് ഉപയോക്താക്കളുടെ എണ്ണം 1.1 ബില്യണ്‍ കടന്നു കഴിഞ്ഞു. ടിക് ടോക് ഉപയോക്താക്കളുടെ 42% ഇന്ത്യക്കാര്‍ ആണെന്നത് ഈ ആപ്പിന്റെ അനന്ത സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇതിന്റെ പ്രത്യേകത 98% ഉപയോക്താക്കളും 30 വയസ്സിനു താഴെയുള്ളവരാണെന്നതാണ്. അതുകൊണ്ട് തന്നെ പരസ്യങ്ങള്‍ക്ക് വേണ്ടി ലക്ഷ്യം വെക്കുവാനും എളുപ്പം.

ടിക് ടോക് വീഡിയോ സമയം 15 സെക്കന്‍ഡുകള്‍ മാത്രമാണ്. അതിനാല്‍ നിങ്ങള്‍ക്ക് പറയാനുള്ളത് 15 സെക്കന്‍ഡില്‍ പറഞ്ഞു ഫലിപ്പിക്കുക എന്നതാണ് വെല്ലുവിളി. വളരെ കുറച്ചു സമയം മാത്രം ഉള്ളതുകൊണ്ട് വീഡിയോ കാണുന്നവര്‍ക്ക് മുന്നില്‍ നിങ്ങളുടെ ഉല്‍പ്പന്നം പൂര്‍ണമായും പ്രദര്‍ശിപ്പിക്കുവാന്‍ കഴിയും എന്ന്
ഉറപ്പ്.

മാര്‍ക്കറ്റിംഗ് പ്രചാരണത്തിന് ടിക് ടോക്

യൂട്യൂബ് ചാനല്‍ പോലെ സ്വന്തമായി ചാനല്‍ തുടങ്ങി അതിലൂടെ വീഡിയോ പ്രചരിപ്പിക്കാം. ഹാഷ് ടാഗ് ചലഞ്ച് നടത്താം. ടിക് ടോകില്‍ ഏറ്റവും അധികം ആളുകള്‍ ഇഷ്ടപ്പെടുന്നത് ഇത്തരം പരിപാടികളാണ്. നിങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ പേര് ഹാഷ് ടാഗ് ആക്കി അതുകൊണ്ട് നിര്‍മിച്ചവയുടെ ഡെമോ പ്രദര്‍ശിപ്പിക്കാം. കൂടാതെ ടിക് ടോകില്‍ ഇതിനു വേണ്ടി മത്സരങ്ങള്‍ സംഘടിപ്പിക്കാം. ഹിന്‍ഡ്യയോ എന്ന റെസ്റ്ററെന്റ് ചെയ്തത് അവരുടെ മെനുവില്‍ നിന്നും ആളുകളോട് മിക്‌സ് ആന്‍ഡ് മാച്ച് എന്ന പോലെ ഒരു പുതിയ ഐറ്റം പാചകം ചെയ്ത് ടിക് ടോകിലൂടെ പ്രേക്ഷകരുമായി പങ്കു വെക്കുക എന്ന പരിപാടി ആയിരുന്നു. ഹാഷ് ടാഗ് ചലഞ്ചു കൊണ്ട് വന്‍ ഹിറ്റായ ഒരുപാട് ബ്രാന്‍ഡുകള്‍ ടിക് ടോകില്‍ ഉണ്ട്.

സ്വാധീനമുള്ള വ്യക്തികളുമായി ചേര്‍ന്ന് പരസ്യം

വലിയ സിനിമാ നടന്മാരെയോ കളിക്കാരെയോ അല്ല ‘സ്വാധീനമുള്ള വ്യക്തിക’ളെന്നതിലൂടെ ഉദ്ദേശിക്കുന്നത്. ടിക് ടോകില്‍ സ്ഥിരമായി ഓരോ പരിപാടി അപ്‌ലോഡ് ചെയ്ത് പ്രശസ്തരായവര്‍ ധാരാളം ഉണ്ടാവും. വീഡിയോകള്‍ സ്ഥിരമായി പ്രദര്‍ശിപ്പിക്കുന്ന, അതിനു നല്ല ആരാധകരെ ലഭിക്കുന്നവര്‍. നിങ്ങളുടെ ഉല്‍പ്പന്നം ഇതുപോലെയുള്ള ടിക് മാര്‍ക്ക് ലഭിച്ച വ്യക്തികളോട് ടാഗ് ചെയ്യുവാനോ ശുപാര്‍ശ ചെയ്യുവാനോ ആവശ്യപ്പെടുക. അവര്‍ വലുതല്ലാത്ത ഒരു തുക ആവശ്യപ്പെട്ടാലും അത് തീര്‍ച്ചയായും ഉപയോഗപ്രദമായിരിക്കും. നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ബിസിനസ് ശ്രേണിയുമായി ഏതെങ്കിലും ബന്ധമുള്ള ആളാണോ ഈ സ്വാധീനമുള്ള വ്യക്തി എന്നത് മാത്രമാണ്. ഉദാഹരണത്തിന് നിങ്ങളുടെ ഉല്‍പ്പന്നം സൗന്ദര്യ വര്‍ധക വസ്തുവാണെങ്കില്‍ ആ മേഖലയില്‍ സ്വാധീനമുള്ള വ്യക്തി വേണം നിങ്ങളുടെ ബ്രാന്‍ഡ് പരിചയപ്പെടുത്താന്‍. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പ്രേക്ഷകരെ കെയില്‍ എടുക്കാം എന്നത് കൊണ്ട് ആര്‍ക്കും ശ്രമിച്ചു നോക്കാവുന്ന ഒന്നാണ് ടിക് ടോക്.

കല്യാണ്‍ജി സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റജിസ്റ്റും ബിസിനസ് സ്ട്രാറ്റജി പ്രാസംഗികനുമാണ്. അദ്ദേഹത്തെ https://www.facebook.com/startupconsultingindia/ എന്ന ഫേസ്ബുക് ഐഡിയില്‍ ബന്ധപ്പെടാം. Whatsapp: +91-9495854409)

എന്തുകൊണ്ട് ടിക് ടോക്

• 1 ബില്യണ്‍ ഡൗണ്‍ലോഡ്‌സ് കഴിഞ്ഞു
• 275% വാര്‍ഷിക വളര്‍ച്ച
• ഒരുദിവസം ശരാശരി 52 മിനിറ്റ് ഉപയോക്താക്കള്‍ ചിലവിടുന്നു
• 98% ഉപയോക്താക്കളും 24 വയസ്സിന് താഴെ ഉള്ളവര്‍

Categories: FK Special, Slider

Related Articles