കാറ്റലോണിയയില്‍ വീശുന്ന സ്വാതന്ത്ര്യത്തിന്റെ കാറ്റ്

കാറ്റലോണിയയില്‍ വീശുന്ന സ്വാതന്ത്ര്യത്തിന്റെ കാറ്റ്

സ്‌പെയ്‌നിന്റെ വടക്കുകിഴക്കന്‍ പ്രവിശ്യയായ കാറ്റലോണിയയില്‍ സ്വതന്ത്ര രാജ്യത്തിനായുള്ള മുറവിളി ശക്തിപ്പെട്ടിരിക്കുകയാണ്. മാഡ്രിഡ് തലസ്ഥാനമായുള്ള സ്‌പെയ്ന്‍, അതിന്റെ വടക്കുകിഴക്കന്‍ സ്വയം ഭരണ പ്രവിശ്യയായ കാറ്റലോണിയയെ അവഗണിക്കുന്നുവെന്നത് പതിറ്റാണ്ടുകള്‍ പഴക്കമുള്ള പരാതിയാണ്. അടുത്തമാസം നടക്കാനിരിക്കുന്ന സ്‌പെയ്ന്‍ പൊതുതെരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാ വിഷയമായി കറ്റാലന്‍ പ്രക്ഷോഭം മാറിയിരിക്കുന്നു. തുടര്‍ച്ചയായി അഞ്ച് ദിവസത്തെ അക്രമത്തിനാണ് ബാഴ്‌സിലോണ നഗരം കഴിഞ്ഞയാഴ്ച സാക്ഷിയായത്

കാറ്റലന്‍ ഭാഷയും സംസ്‌കാരവും സ്‌പെയ്‌നിന്റെ മുഖ്യധാരയുമായി ഒരിക്കലും യോജിച്ചുപോകുന്നതായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രവിശ്യയില്‍ ഒരു ഹിത പരിശോധന നടത്തണമെന്ന ആവശ്യം കാലാകാലങ്ങളായി സ്‌പെയ്ന്‍ ഭരണാധികാരികള്‍ തള്ളിക്കളയുകയായിരുന്നു പതിവ്. എന്നാല്‍ 2017 ല്‍ പ്രവിശ്യാ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കാറ്റലോണിയന്‍ വാദമുയര്‍ത്തുന്നവര്‍ ആകെയുള്ള 135 സീറ്റുകളില്‍ 72 എണ്ണം കരസ്ഥമാക്കി കേവല ഭൂരിപക്ഷം നേടുകയായിരുന്നു.

ആര്‍തര്‍ മാസിന്റെ ടുഗെതര്‍ ഫോര്‍ യെസ് എന്ന കക്ഷിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ മധ്യ ഇടതുപക്ഷ പാര്‍ട്ടിയായ സിയുപിയുമായി ചേര്‍ന്നാണ് കാറ്റലോണിയ ഭരിച്ചത്. അധികാരത്തിലേറിയാല്‍ 18 മാസത്തിനുള്ളില്‍ സ്വതന്ത്ര രാജ്യം, അതിന്റെ എല്ലാ അര്‍ഥത്തിലും സ്വന്തമായ ഭരണഘടന, സൈന്യം, കേന്ദ്രബാങ്ക്, നീതിന്യായ വ്യവസ്ഥ എന്നിവയോടു കൂടി പ്രാബല്യത്തില്‍ വരുത്തുമെന്നാണ് സിയുപി-ടുഗെതര്‍ ഫോര്‍ യെസ് സഖ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സ്‌പെയ്‌നിന്റെ കടുത്ത എതിര്‍പ്പ് മൂലം ഇവയൊന്നും യാഥാര്‍ഥ്യമായില്ല. ക്ഷമ നഷ്ടപ്പെട്ട കറ്റാലന്‍ ജനത തെരുവിലിറങ്ങി അക്രമം തുടങ്ങിയത് ഈ സാഹചര്യത്തിലാണ്.

പുതിയ കാറ്റലോണിയന്‍ രാജ്യം നിലവില്‍ വന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും യൂറോസോണില്‍ നിന്നുമുള്ള ഒറ്റപ്പെടലാണ് അവരെ കാത്തിരിക്കുന്നതെന്നാണ് തെരഞ്ഞെടുപ്പുകളില്‍ പരാജയം നേരിട്ട സ്‌പെയ്ന്‍ പ്രധാനമന്ത്രി മരിയാനോ രജൊ അന്ന് ഭീഷണിപ്പെടുത്തിയത്. കാറ്റലോണിയന്‍ ഭാഷയും സംസ്‌കാരവും സംരക്ഷിക്കാനും പ്രോല്‍സാഹിപ്പിക്കാനും പ്രത്യേക പാക്കേജുകള്‍ അവതരിപ്പിക്കാനും നികുതി ഭാരം കുറച്ച് കാറ്റലോണിയന്‍ ജനങ്ങളെ മുഖ്യധാരാ സ്‌പെയ്‌നുമായി ഉറപ്പിച്ച് നിര്‍ത്താനുമുള്ള ചില നടപടികള്‍ പിന്നീട് സ്‌പെയ്ന്‍ സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്തു. എന്നാലും സ്വാതന്ത്ര്യത്തെക്കാള്‍ വലുതല്ല മറ്റൊന്നുമെന്ന നിലപാടുമായാണ് കാറ്റലോണിയ മുന്നോട്ട് പോകുന്നത്. ഗ്രേറ്റ് ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് സ്‌കോട്‌ലന്‍ഡിലെ ദേശീയ വാദികള്‍ തെരുവിലിറങ്ങിയതിനെ തുടര്‍ന്നാണ് കാറ്റലോണിയന്‍ സ്വാതന്ത്ര്യ വാദത്തിനും മധ്യ യൂറോപ്പില്‍ ഊര്‍ജം ലഭിച്ചത്.

ബാഴ്‌സിലോണ നഗരം ആസ്ഥാനമായുള്ള കാറ്റലോണിയ അതിന്റെ ഫുട്‌ബോള്‍ പെരുമ കൊണ്ടും ശ്രദ്ധേയമാണ്. സ്പാനിഷ് ലീഗ് ഫുട്‌ബോള്‍ മല്‍സരങ്ങളില്‍ നിന്ന് നിലവിലുള്ള ജേതാക്കളായ ബാഴ്‌സിലോണ ക്ലബിനെ പുറത്താക്കുമെന്നൊക്കെയുള്ള ജല്‍പ്പനങ്ങള്‍ കാറ്റലോണിയക്കാര്‍ പുച്ഛിച്ചു തള്ളുക തന്നെ ചെയ്തുവെന്നാണ് 47.8 ശതമാനം വോട്ടുകള്‍ നേടിയുള്ള ആര്‍തര്‍ മാസ് സഖ്യത്തിന്റെ വിജയം സൂചിപ്പിക്കുന്നത്.

32,114 കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ പ്രവിശ്യയിലെ ജനസംഖ്യ 75.85 ലക്ഷമാണ്. പ്രവിശ്യയിലെ 55 ലക്ഷം വോട്ടര്‍മാര്‍ക്കായി 2,700 പോളിംഗ് സ്‌റ്റേഷനുകളാണ് ഒരുക്കിയിരുന്നത്. സ്‌പെയ്‌നിന്റെ മൊത്തം ജനസംഖ്യയുടെ 16 ശതമാനവും നിവസിച്ചിരുന്നത് കാറ്റലോണിയയിലാണ്. രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ അഞ്ചില്‍ ഒന്നും കാറ്റലോണിയയുടെ സംഭാവനയായിരുന്നു. എന്നാല്‍ ജനങ്ങള്‍ വിശ്വസിക്കുന്നത്, അവര്‍ സ്‌പെയ്ന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നല്‍കുന്നതിന്റെ പത്തില്‍ ഒന്നുപോലും തങ്ങള്‍ക്ക് തിരികെ ലഭിക്കുന്നില്ലെന്നാണ്. 2014 ലെ കണക്കുപ്രകാരം പ്രവിശ്യയില്‍ തൊഴിലില്ലായ്മ 20 ശതമാനത്തില്‍ അധികമാണ്. ദേശീയ ബജറ്റിന്റെ 9% മാത്രമേ ജനസംഖ്യയില്‍ 16% അധിവസിക്കുന്ന പ്രവിശ്യയിലേക്ക് വരുന്നുള്ളൂ. മാത്രവുമല്ല സര്‍ക്കാര്‍ തൊഴില്‍ നിയമനങ്ങളില്‍ കാറ്റലോണ്‍ ജനതയെ നിരന്തരമായി അവഗണിക്കുന്നുവെന്ന പരാതി വേറെയും.

എന്നാല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ പൊതുവെ കാറ്റലോണിയയ്ക്ക് കൂടുതല്‍ സ്വയം ഭരണമാണ് നല്ലത്, പ്രത്യേക രാജ്യമല്ല എന്ന് വാദിക്കുന്നവരാണ്. 18% വോട്ട് വിഹിതം (25 സീറ്റ്) നേടിയ സെന്‍ട്രിസ്റ്റ് സിറ്റിസണ്‍ പാര്‍ട്ടിയും മറ്റും പറയുന്നത് മാഡ്രിഡ് കൂടുതല്‍ അധികാരം, ബാഴ്‌സിലോണിയയിലേക്ക് ഒഴുക്കണം എന്നു തന്നെയാണ്.

അമേരിക്ക, ജര്‍മനി, ബ്രിട്ടണ്‍ എന്നിവയുടെ ഭരണാധികാരികള്‍ കാറ്റലോണിയന്‍ സ്വാതന്ത്ര്യത്തിന് എതിരായി നിലപാടെടുത്തു കഴിഞ്ഞു. ബ്രിട്ടണ്‍ അഭിമുഖീകരിക്കുന്ന സ്‌കോട്ട്‌ലന്‍ഡ് പ്രശ്‌നവും അമേരിക്കയിലെ ഫിലാഡെല്‍ഫിയയില്‍ നിന്നുള്ള മുറവിളിയും ഒക്കെ കാറ്റലോണിയയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഇനി കൂടുതല്‍ രൂക്ഷമായേക്കാം. ഇയവ്‌ക്കൊപ്പം കാനഡയിലെ ഫ്രഞ്ച് ഭൂരിപക്ഷ പ്രവിശ്യയായ ക്യൂബെക്കുമൊക്കെ വിഘടനവാദവും കൂടുതല്‍ സ്വയം ഭരണ വാദവുമൊക്കെയായി രംഗത്തുവരുമെന്ന ബോധ്യവും അവര്‍ക്കുണ്ട്. അതുകൊണ്ട് തന്നെയാണ് യൂറോപ്യന്‍ യൂണിയന്‍, യൂറോസോണ്‍, യൂറോപ്യന്‍ കമ്മീഷന്‍ എന്നിവയില്‍ നിന്നുള്ള പുറത്താകല്‍ എന്ന പാമ്പിനെ കാണിച്ച് പേടിപ്പിക്കുന്നതും.

യൂറോപ്യന്‍ യൂണിയനിലെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇപ്പോള്‍ സ്‌പെയ്ന്‍. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പും നടക്കുവാന്‍ പോകുകയാണ്. ഏതാലായും സ്‌പെയ്‌നിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്ന രാവുകള്‍ക്കായിരിക്കും യൂറോപ്പ് ഇനി സാക്ഷ്യം വഹിക്കുക. ഒരു ഹിത പരിശോധനയിലൂടെ ഭാവിയില്‍ കാറ്റലോണിയ സ്‌പെയ്‌നില്‍ നിന്ന് വിട്ടുപോയാലും അല്‍ഭുതപ്പെടേണ്ടതില്ല.

Categories: FK Special, Slider