ബെനല്ലി ഇംപീരിയാലെ 400 അവതരിപ്പിച്ചു

ബെനല്ലി ഇംപീരിയാലെ 400 അവതരിപ്പിച്ചു

ഇന്ത്യ എക്‌സ് ഷോറൂം വില 1.69 ലക്ഷം രൂപ

ന്യൂഡെല്‍ഹി: ബെനല്ലി ഇംപീരിയാലെ 400 മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.69 ലക്ഷം രൂപയാണ് ക്രൂസറിന് ഇന്ത്യ എക്‌സ് ഷോറൂം വില. ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ബെനല്ലി മോട്ടോര്‍സൈക്കിളാണ് ഇംപീരിയാലെ 400. ക്ലാസിക് ബൈക്ക് വിഭാഗത്തില്‍ ബെനല്ലിയുടെ ആദ്യ മോഡലാണ് ഇംപീരിയാലെ 400. 2017 ലാണ് ആഗോളതലത്തില്‍ അനാവരണം ചെയ്തത്. 1950 കളില്‍ നിര്‍മിച്ച ബെനല്ലി-മോട്ടോബി ബൈക്കുകളുടെ പുനരാവിഷ്‌കാരമാണ് ഇംപീരിയാലെ 400.

ബെനല്ലി ഇന്ത്യയുടെ ഡീലര്‍ഷിപ്പുകളിലും വെബ്‌സൈറ്റിലും 4,000 രൂപ നല്‍കി മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യാം. ചുവപ്പ്, വെള്ളി, കറുപ്പ് എന്നീ മൂന്ന് നിറങ്ങളില്‍ ലഭിക്കും. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ജാവ എന്നിവയാണ് പ്രധാന എതിരാളികള്‍. കോംപാക്റ്റ് ഡബിള്‍ ക്രേഡില്‍ ഫ്രെയിമിലാണ് ബെനല്ലി ഇംപീരിയാലെ 400 നിര്‍മിച്ചിരിക്കുന്നത്. പഴയകാല ഡിസൈന്‍ ഭാഷ പ്രയോഗിച്ചിരിക്കുന്നു. വൃത്താകൃതിയിലുള്ളതാണ് ഹെഡ്‌ലാംപ്. എന്‍ജിന്‍, എക്‌സോസ്റ്റ് എന്നിവയില്‍ ക്രോം, ബ്ലാക്ക് ഫിനിഷ് കാണാം.

മുന്നില്‍ 41 എംഎം ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ പ്രീലോഡ് ക്രമീകരിക്കാന്‍ കഴിയുന്ന ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യും. മുന്നില്‍ 2 പിസ്റ്റണ്‍ ഫ്‌ളോട്ടിംഗ് കാലിപര്‍ സഹിതം 300 എംഎം ഡിസ്‌ക്കും പിന്നില്‍ സിംഗിള്‍ പിസ്റ്റണ്‍ കാലിപര്‍ സഹിതം 240 എംഎം ഡിസ്‌ക്കും ബ്രേക്കിംഗ് നിര്‍വഹിക്കും. ഡുവല്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറാണ്. സ്‌പോക്ക് വീലുകളിലാണ് മോട്ടോര്‍സൈക്കിള്‍ വരുന്നത്. മുന്നില്‍ 19 ഇഞ്ച്, പിന്നില്‍ 18 ഇഞ്ച് വ്യാസമുള്ളതാണ് ചക്രങ്ങള്‍. 110/90, 130/80 ട്യൂബ് ടയറുകള്‍ നല്‍കി.

374 സിസി, എസ്ഒഎച്ച്‌സി, സിംഗിള്‍ സിലിണ്ടര്‍, 4 സ്‌ട്രോക്ക്, എയര്‍ കൂള്‍ഡ് എന്‍ജിനാണ് ബെനല്ലി ഇംപീരിയാലെ 400 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഇലക്ട്രോണിക് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ നല്‍കിയിരിക്കുന്നു. ബിഎസ് 4 പാലിക്കുന്ന ഈ മോട്ടോര്‍ 5,500 ആര്‍പിഎമ്മില്‍ 20 ബിഎച്ച്പി കരുത്തും 4,500 ആര്‍പിഎമ്മില്‍ 29 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. മൂന്ന് വര്‍ഷം/അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി ലഭിക്കും. ആദ്യ രണ്ട് വര്‍ഷത്തേക്ക് കോംപ്ലിമെന്ററി സര്‍വീസ് നല്‍കും. പിന്നീട് വാര്‍ഷിക പരിപാലന കരാര്‍ (എഎംസി) ലഭ്യമായിരിക്കും.

Comments

comments

Categories: Auto