ടിവിഎസ് റൈഡിംഗ് ഗിയറുകള്‍ പുറത്തിറക്കി

ടിവിഎസ് റൈഡിംഗ് ഗിയറുകള്‍ പുറത്തിറക്കി

ഗോവയില്‍ നടന്ന ‘മോട്ടോസോള്‍ 2019’ പ്രഥമ വാര്‍ഷിക മോട്ടോര്‍സൈക്ലിംഗ് ഇവന്റില്‍ ‘ടിവിഎസ് റേസിംഗ് പെര്‍ഫോമന്‍സ് ഗിയര്‍’ അവതരിപ്പിച്ചു

ന്യൂഡെല്‍ഹി: റൈഡിംഗ് ഗിയറുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നതായി ടിവിഎസ് മോട്ടോര്‍ കമ്പനി പ്രഖ്യാപിച്ചു. ഉയര്‍ന്ന നിര്‍മാണ നിലവാരത്തോടെയും പുതിയകാല രൂപകല്‍പ്പനയോടെയും ‘ടിവിഎസ് റേസിംഗ് പെര്‍ഫോമന്‍സ് ഗിയറാണ്’ പുറത്തിറക്കിയത്. ഗോവയില്‍ നടന്ന ‘മോട്ടോസോള്‍ 2019’ എന്ന പ്രഥമ വാര്‍ഷിക മോട്ടോര്‍സൈക്ലിംഗ് ഇവന്റിലായിരുന്നു ‘ടിവിഎസ് റേസിംഗ് പെര്‍ഫോമന്‍സ് ഗിയര്‍’ അവതരണം.

രണ്ട് വിഭാഗങ്ങളിലായാണ് ടിവിഎസ് റേസിംഗ് പെര്‍ഫോമന്‍സ് ഗിയര്‍ ലഭിക്കുന്നത്. ഹെല്‍മറ്റുകള്‍, റൈഡിംഗ് ജാക്കറ്റുകള്‍, റൈഡിംഗ് പാന്റുകള്‍, റൈഡിംഗ് ഗ്ലവുകള്‍, റൈഡിംഗ് ബൂട്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ആദ്യത്തെ വിഭാഗം. ടി-ഷര്‍ട്ടുകള്‍, അര്‍ബന്‍ ജാക്കറ്റുകള്‍, പാന്റ്, റെയ്ന്‍വെയര്‍, കാഷ്വല്‍ ബൂട്ടുകള്‍, ബാഗ് പാക്കുകള്‍, തൊപ്പികള്‍, സണ്‍ഗ്ലാസുകള്‍ എന്നിവ ഉള്‍പ്പെടുന്ന അര്‍ബന്‍, കാഷ്വല്‍ വെയര്‍ വിഭാഗമാണ് രണ്ടാമത്തേത്. ഇന്ത്യയിലെ എല്ലാ ടിവിഎസ് ഡീലര്‍ഷിപ്പുകളിലും കമ്പനി വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായും പെര്‍ഫോമന്‍സ് ഗിയറുകള്‍ വാങ്ങാന്‍ കഴിയും.

മോട്ടോസോളിന്റെ ആദ്യ എഡിഷനില്‍ 2,500 ഓളം പേരാണ് പങ്കെടുത്തത്. ലോകമെങ്ങുനിന്നുമുള്ള അപ്പാച്ചെ ഓണേഴ്‌സ് ഗ്രൂപ്പുകളുടെ (എഒജി) ഒത്തുചേരലും നടന്നു. രണ്ട് ദിവസത്തെ ഇവന്റില്‍ നിരവധി റേസിംഗ്, സാഹസിക പരിപാടികള്‍ സംഘടിപ്പിച്ചു. ദേശീയ, അന്തര്‍ദേശീയ റേസിംഗ് ചാംപ്യന്‍മാര്‍ പങ്കെടുത്ത സംവാദ പരിപാടികളും ഉണ്ടായിരുന്നു. റോക്ക് ബാന്‍ഡുകളും ഡിജെകളും സംഗീത പരിപാടികള്‍ അവതരിപ്പിച്ചു.

ഇരുചക്ര വാഹന ഉടമകള്‍ക്ക് ബ്രാന്‍ഡഡ് ഗിയറുകള്‍ വില്‍ക്കുന്ന ബിസിനസിലേക്ക് ടിവിഎസ് മോട്ടോര്‍ കമ്പനിയും കാലെടുത്തുവെയ്ക്കുകയാണ്. ഇക്കാര്യത്തില്‍ റോയല്‍ എന്‍ഫീല്‍ഡ്, ഡുകാറ്റി, ഹാര്‍ലി ഡേവിഡ്‌സണ്‍ തുടങ്ങിയ കമ്പനികളുടെ പാതയാണ് ടിവിഎസ് പിന്തുടരുന്നത്. ഈ ബ്രാന്‍ഡുകളുടെ നോണ്‍-മോട്ടോര്‍സൈക്കിള്‍ ബിസിനസ്സില്‍നിന്നുള്ള വരുമാനം 10 മുതല്‍ 25 ശതമാനം വരെയാണ്.

Comments

comments

Categories: Auto