മാസാവസാനം പ്രധാനമന്ത്രി സൗദിയിലേക്ക്

മാസാവസാനം പ്രധാനമന്ത്രി സൗദിയിലേക്ക്
  • നിക്ഷേപ ഉച്ചകോടിയില്‍ മോദി പങ്കെടുക്കും
  • സല്‍മാന്‍ രാജാവുമായും എംബിഎസുമായും ചര്‍ച്ചകള്‍ നടത്തും

ന്യൂഡെല്‍ഹി: റിയാദില്‍ നടക്കാനിരിക്കുന്ന മൂന്നാമത് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ഫോറത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29 ന് സൗദി അറേബ്യയിലെത്തും. ത്രിദിന സന്ദര്‍ശനത്തിനിടെ സൗദിയില്‍ സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തും. കഴിഞ്ഞ ഫെബ്രുവരിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയാണ് പ്രധാനമന്ത്രിയുടെ യാത്ര. കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം നയതന്ത്ര ഇടപെടലുകള്‍ ശക്തമാക്കിയ ഇന്ത്യ, മുസ്ലീം ലോകത്തിനു മേല്‍ നിര്‍ണായക സ്വാധീനമുള്ള സൗദിയെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളില്‍ വിജയം കണ്ടിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഈ മാസം ആദ്യ റിയാദ് സന്ദര്‍ശിച്ച് മോദിയുടെ സന്ദര്‍ശനത്തിന് മണ്ണൊരുക്കിയിരുന്നു. മോദിയുടെ രണ്ടാമത്തെ സൗദി സന്ദര്‍ശനമാണിത്.

ഇന്ത്യയുമായുള്ള വ്യാപാര ബന്ധവും സഹകരണവും ശക്തമായ സാഹചര്യത്തില്‍ പരമ്പരാഗത സുഹൃത്തായ പാക്കിസ്ഥാന് മുന്‍പ് നല്‍കിവന്നിരുന്ന പിന്തുണ സൗദി ഇപ്പോള്‍ നല്‍കുന്നില്ല. ഇന്ത്യക്കെതിരെ സൗദിയെ രംഗത്തിറക്കാനും കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎന്നില്‍ പ്രത്യേക സെഷന്‍ സംഘടിപ്പിക്കാനുമുള്ള പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നീക്കങ്ങള്‍ ഇതോടെ പരാജയപ്പെട്ടു. സൗദി അരാംകോ അടക്കമുള്ള കമ്പനികള്‍ ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്തുന്നതും റിയാദിന്റെ താല്‍പ്പര്യങ്ങളെ ന്യൂഡെല്‍ഹി സ്വാധീനിച്ചെന്ന സൂചന നല്‍കുന്നതാണ്.

‘വാട്ട് ഈസ് നെക്‌സ്റ്റ് ഫോര്‍ ഗ്ലോബല്‍ ബിസിനസ്’ എന്നതാണ് സൗദി അറേബ്യ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സംഘടിപ്പിക്കുന്ന ഫോറത്തിന്റെ വിഷയം. സൗദി നയരൂപകര്‍ത്താക്കളും ആഗോള ബിസിനസ് പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും.

Comments

comments

Categories: FK News