ബിസിനസില്‍ ബഹുമുഖ വൈദഗ്ധ്യമാണ് പ്ലസ് പോയിന്റ്

ബിസിനസില്‍ ബഹുമുഖ വൈദഗ്ധ്യമാണ് പ്ലസ് പോയിന്റ്

സമൂഹത്തിന്റെ പലതട്ടിലും ആണ്‍പെണ്‍ തുല്യതാവാദം ശക്തമാകുമ്പോഴും ഇപ്പോഴും ഇഗാലിറ്റേറിയന്‍ ചിന്താസരണികളുടെ വേരോടിത്തുടങ്ങാത്ത വ്യക്തികള്‍ ധാരാളമായുണ്ട്. ഇത്തരത്തിലുള്ളവര്‍ക്ക് കണ്ണുതുറക്കുന്നതിലുള്ള അവസരം കൂടിയാണ് സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന വനിതാ ബിസിനസ് സാരഥികളുടെ എണ്ണം. ചെറുകിട സംരംഭകയായിത്തുടങ്ങി വന്‍കിട ബ്രാന്‍ഡായി വളര്‍ന്ന വനിതാസംരംഭകര്‍ എന്നും എക്കാലത്തും സംരംഭകത്വത്തിലെ പുരുഷപ്രജകള്‍ക്കുള്‍പ്പെടെ പ്രചോദനമാണ്.കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സംരംഭങ്ങളില്‍ 40 ശതമാനത്തിന് മുകളില്‍ വനിതാസംരംഭങ്ങളാണ് എന്നത് ഈ രംഗത്ത് ചെറുതല്ലാത്ത പ്രതീക്ഷയാണ് നല്‍കുന്നത്. മാത്രമല്ല, വിജയിച്ച സംരംഭങ്ങളുടെ കൂട്ടത്തിലും വനിതകള്‍ നേതൃത്വം നല്‍കുന്ന സംരംഭങ്ങള്‍ക്കാണ് മുന്‍തൂക്കം ലഭിക്കുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് വനിതകള്‍ക്ക് മാനേജ്‌മെന്റ് സ്‌കില്‍ കൂടുതലാണെന്ന് അമേരിക്കയിലെ പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലും വ്യക്തമായിരുന്നു. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് സംരംഭകരംഗത്ത് വനിതകളുടെ വര്‍ധിച്ചു വരുന്ന സാന്നിധ്യത്തിലേക്കാണ്.മറ്റെല്ലാ രംഗങ്ങളിലും എന്ന പോലെ ബിസിനസിലെ വനിതാ പ്രാധിനിത്യം വര്‍ധിച്ചുവരേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. വിജയിയായ ഏതൊരു പുരുഷനും പിന്നിലുണ്ടാകും ഒരു സ്ത്രീ എന്നാണ് ചൊല്ല്. പുരുഷന്റെ വിജയത്തിനുള്ള കരണമാകാന്‍ മാത്രമല്ല, സ്വന്തം വിജയം സ്വയം നേടിയെടുക്കാനും ഇവര്‍ക്കാകും. പ്രൊഫഷണല്‍ രംഗത്തും സംരംഭകത്വ മേഖലയിലും നേട്ടം കൊയ്ത് മുന്നേറുന്ന വനിതകളുടെ വിജയത്തിന് പിന്നില്‍ ബഹുമുഖ വൈദ്യഗ്ദ്യം മുതല്‍ മികച്ച ആശയവിനിമയ പാഠവം വരെയുള്ള ഘടകങ്ങളുണ്ട്.

സംരംഭകത്വരംഗത്ത് മലയാളി വനിതകളുടെ പടപ്പുറപ്പാട് തുടങ്ങിയിട്ട് രണ്ടര പതിറ്റാണ്ടിനു മുകളിലായി. തൊട്ടതെല്ലാം പൊന്നാക്കുന്ന കോര്‍പ്പറേറ്റുകളാകാന്‍ പുരുഷന്മാര്‍ക്കൊപ്പം തന്നെ വനിതകള്‍ക്കും കഴിയുമെന്ന് തെളിയിച്ചവരുടെ എണ്ണം ധാരാളമാണ്. കുടുംബശ്രീയിലൂടെയും മറ്റ് സ്വാശ്രയ സംഘങ്ങളിലൂടെയും സൂക്ഷ്മ ഇടത്തരം സംരംഭങ്ങള്‍ കെട്ടിപ്പടുത്ത് മുന്നേറുന്നവരും, അതല്ലാതെ സ്വന്തം പ്രയത്‌നവും ആശയവും കൊണ്ട് നിക്ഷേപം കണ്ടെത്തി സ്വന്തം സംരംഭം ആരംഭിക്കുന്നവരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ വനിതാമുന്നേറ്റം പരിഗണിക്കുമ്പോള്‍ സംരംഭകത്വ മേഖലയിലേക്ക് ഇനിയും ഒട്ടേറെ വനിതകള്‍ കടന്നു വരേണ്ടതായിട്ടുണ്ട്. വനിതാ കോര്‍പ്പറേറ്റ് രംഗത്ത് ശ്രദ്ധേയ സാന്നിധ്യങ്ങളായ വി സ്റ്റാര്‍ ഗാര്‍മെന്റ്‌സ് സ്ഥാപക ഷീല കൊച്ചൗസേപ്പ് മുതല്‍ വിദേശത്തെ മികച്ച ജോലി വേണ്ടെന്ന് വച്ച് സ്വന്തം നാടായ തിരുവനന്തപുരത്ത് ഫ്‌ലേവേര്‍ഡ് ചപ്പാത്തികളുടെ ബിസിനസ് തുടങ്ങിയ ഹിമ മണികണ്ഠന്‍ എന്ന യുവസംരംഭക വരെയുള്ളവര്‍ സംരംഭകരംഗത്തെ ശ്രദ്ധേയ സാന്നിധ്യങ്ങളാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് പഠിക്കുവാനും അവരുടെ ആശയങ്ങളും സ്വപ്നങ്ങളും തുറന്നു പ്രകടിപ്പിക്കാനും അതിനായി പ്രവര്‍ത്തിക്കാനുമുള്ള സാമൂഹിക , രാഷ്ടീയ സാഹചര്യങ്ങള്‍ ഉണ്ടായതാണ് ഇത്തരത്തില്‍ സംരംഭകരംഗത്തുണ്ടായ മാറ്റത്തിനുള്ള പ്രധാന കാരണം. വിദ്യാഭ്യാസപരമായി ഇന്ന് വനിതകള്‍ ഏറെ മുന്നിലാണ്, പുരോഗമന ചിന്തയുള്ള സമൂഹമാണ അവരുടേത്, മാത്രമല്ല ക്രിയേറ്റിവിറ്റിയുമുണ്ട് ഈ ഘടകങ്ങളാണ് വനിതകളെ സംരംഭകരംഗത്തേക്ക് എത്തിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നത്. ബഹുമുഖ വൈദഗ്ദ്യം മുതല്‍ മികച്ച ആശയവിനിമയ പാഠവം വരെ സംരംഭകരംഗത്ത് വനിതകളുടെ വിജയത്തിനുള്ള കാരണമാകുന്നു.

മള്‍ട്ടി ടാസ്‌കിംഗിലാണ് കാര്യം

സ്ത്രീകളുടെയും പുരുഷന്‍മാരുടെയും കഴിവുകളെ ഒന്നിനൊന്നു വേറിട്ട് നിര്‍ത്തുന്ന പ്രധാന ഘടകം സ്ത്രീകളുടെ മള്‍ട്ടി ടാസ്‌കിംഗ് സ്‌കില്‍ ആണ്. ഒരേ സമയം ഒന്നിലേറെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നടപ്പാക്കാനും സ്ത്രീകള്‍ക്ക് കഴിയും. എന്നാല്‍ പുരുഷന് അത്തരമൊരു കഴിവില്ല. ഒരു സമയം ഒരു കാര്യം, അത് പൂര്ണതയോടെ ചെയ്യുക അതാണ് പുരുഷന്മാരുടെ രീതി. വീടുകളുടെ നിയന്ത്രണവും നടത്തിപ്പും മനോഹരമായി കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണെന്നത് ഈ ഘട്ടത്തില്‍ നാം ഓര്‍ക്കണം. സ്വന്തം കുടുംബം നന്നായി നോക്കി നടത്തുന്നതിനുള്ള സ്ത്രീകളുടെ ഈ കഴിവ് തന്നെയാണ് ബിസിനസിലും പ്രകടമാകുന്നത്. തുച്ഛമായ വരുമാനം കൊണ്ട് അല്ലലില്ലാതെ കുടുംബം മുന്നോട്റ്റ് കൊണ്ട് പോകുന്ന ഒരു വനിത മാണി മാനേജ്‌മെന്റിന്റെ മികച്ച ഉദാഹരണമാണ്. ഇത്തരമൊരു മികവ് തന്നെയാണ് ബിസിനസിലും അനിവാര്യം. എന്നാല്‍ മള്‍ട്ടി ടാസ്‌കിംഗ് സ്‌കില്‍ ഉണ്ടായിട്ടും പലപ്പോഴും പല വനിതകളും അത് തിരിച്ചറിയാറില്ല. അല്ലെങ്കില്‍ ഒരു ഔട്ട് ഓഫ് ദി ബോക്‌സ് സമീപനം അവര്‍ സ്വീകരിക്കുന്നില്ലെന്ന് ചുരുക്കം. കുടുംബങ്ങളില്‍ നിന്നും മികച്ച പിന്തുണ ലഭിക്കുന്ന വനിതകള്‍ സംരംഭകത്വത്തില്‍ തിളങ്ങുന്നതിന്റെ പ്രധക കാരണം ബഹുമുഖ വൈദഗ്ദ്യം തന്നെയാണ്. വീടും ബിസിനസും ഒരേ പോലെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോകുന്നത് ഇതിനുള്ള ഉദാഹരണമാണ്.

”സാധാരണ ഒരു വീട്ടമ്മ ചെയ്യുന്ന പോലെ എല്ലാ കാര്യങ്ങളും എനിക്ക് ചെയ്യാന്‍ പറ്റിയെന്ന് വരില്ല. ഞാന്‍ എന്റെ മക്കള്‍ക്കായി ഇപ്പോഴും പാചകം ചെയ്യാറില്ല. എന്നാല്‍ ഞാന്‍ അവര്‍ക്കൊപ്പം സമയം ചെലവഴിക്കും. അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കും, പഠനത്തില്‍ സഹായിക്കും. ഒരിക്കലും ബിസിനസിലേക്ക് ഇറങ്ങി എന്നത്‌കൊണ്ട് എന്റെ സമയം എന്റെ മക്കള്‍ക്ക് കിട്ടാത്ത അവസ്ഥ ഞാന്‍ ഉണ്ടാക്കാറില്ല” സിവ മെറ്റേണിറ്റി വെയര്‍ സ്ഥാപക മെയ് ജോയ് പറയുന്നു.

വാക്കുകളില്ല പ്രവര്‍ത്തിയിലാണ് കാര്യം

സംരംഭക മോഹികളായ ആളുകളില്‍ പകുതിപ്പേര്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ സംരംഭകത്വത്തിലേക്ക് എത്തിച്ചേരുന്നുള്ളൂ. അതില്‍ പകുതിയലുകള്‍ മാത്രമേ വിജയിക്കുന്നുള്ളൂ. എന്താണിതിന് കാരണം ? ഉത്തരം വളരെ ലഘുവാണ്. സംരംഭകത്വം എന്നത് വാക്കുകളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കേണ്ട ഒന്നല്ല. അതിനെ പ്രവര്‍ത്തിപദത്തിലേക്ക് എത്തിക്കണം. അതിനായി കഠിനാധ്വാനം ചെയ്യാന്‍ തയ്യാറാവണം. എന്നെങ്കിലും സ്വന്തമായൊരു സംരംഭം കെട്ടിപ്പടുക്കണമെന്ന ചിന്തയുമായി നടക്കുന്ന ഏറെ സ്ത്രീകളുണ്ട്. എന്നാല്‍ ഇത്തരത്തില്‍ സ്വപ്ന ലോകത്ത് വിഹരിക്കുന്നത്‌കൊണ്ട് മാത്രം നേട്ടം ഉണ്ടാകില്ല. സാഹചര്യങ്ങളെ അനുകൂലമാക്കി സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കുകയാണ് വേണ്ടത്. സ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പിക്കാന്‍ തയ്യാറാകണം. സംരംഭകത്വ കൂട്ടായ്മകള്‍, കഌസുകള്‍ എന്നിവയില്‍ ഭാഗമായി സാഹചര്യങ്ങളെ അനുകൂലമാക്കി മാറ്റാന്‍ കഴിയണം. പിന്തിരിപ്പിക്കാന്‍ നിരവധിയാളുകള്‍ ഉണ്ടാകും. എന്നാല്‍ ലക്ഷ്യപ്രാപ്തിയിലേക്ക് എത്തേണ്ടത് തന്റെ ചുമതലയാണെന്ന് മനസിലാക്കുക. ഇലക്ട്രിക് വാഹന രംഗത്തെ പ്രമുഖരായ ആംപിയര്‍ വെഹിക്കിള്‍സ് സാരഥി ഹേമലത അണ്ണാമലൈ 2000ത്തിന്റെ ആരംഭത്തില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന ആശയം പ്രകടിപ്പിച്ചപ്പോള്‍ തിരിച്ചടിയായിരുന്നു ഫലം . എന്നാല്‍ ഇന്ന് ലോകം ഭരിക്കാന്‍ പോകുന്നത് തന്നെ ഇലക്ട്രിക് വാഹനങ്ങളാണ്. ഇത്തരത്തില്‍ മാറ്റങ്ങളെ മുന്‍കൂട്ടി കാണാന്‍ ഒരു സംരംഭകക്ക് കഴിയണം. വാക്കുകളില്‍ മാത്രം തന്റെ സംരംഭക മോഹം ഒതുക്കി വാക്കാതിരുന്നാല്‍ വിജയത്തിലേക്കുള്ള യാത്ര സുഗമമാകും എന്നാണ് വനിത സംരംഭകര്‍ അഭിപ്രായപ്പെടുന്നത്.

മികച്ച ആശയവിനിമയ പാഠവം

പലപ്പോഴും പരിഹാസ രൂപേണ വനിതകളെക്കുറിച്ച് പറയുന്ന ഒരു കാര്യമുണ്ട്, സംസാരം തുടങ്ങിയാല്‍ നിര്‍ത്തില്ല എന്ന്. സംരംഭകത്വ രംഗത്ത് തീര്‍ത്തും ശരിയായ ഒരു കാര്യമാണിത്. ആശയ വിനിമയ പാഠവം പുരുഷ കോര്‍പ്പറേറ്റുകളെ അപേക്ഷിച്ച് വനിതാ കോര്‍പ്പറേറ്റുകള്‍ക്കാണ് കൂടുതലുള്ളതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പറയാനുള്ള കാര്യങ്ങള്‍ വ്യക്തതയോടെ സംസാരിക്കാനും സംസാരിക്കുന്ന കാര്യത്തില്‍ തീരുമാനത്തില്‍ എത്തി ചേരാനും വനിതകള്‍ക്ക് പ്രത്യേക നൈപുണ്യമാണ്. മാത്രമല്ല, കുടുംബത്തിലെ ഓരോ കാര്യങ്ങളും കൈകാര്യം ചെയ്യുന്ന അതേ രീതിയില്‍ തന്നെ ഓരോ ഡിപ്പാര്‍ട്ട്‌മെന്റിലെയും കാര്യ്ങ്ങള്‍ ശ്രദ്ധിക്കാനും ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്താനും കഴിയുന്നു. പൂര്‍ണമായും ഒരു പ്രൊഫഷണല്‍ തലത്തിലേക്ക് ഉയര്‍ന്ന ഒരു വനിത സംസാരിക്കുന്ന ഓരോ കാര്യവും കൃത്യതയാര്‍ന്നതും അളന്നു മുറിച്ചതുമായിരിക്കും. അനാവശ്യമായ സംസാരത്തിലൂടെ അപ്രീതി നേടാന്‍ ഇര്‍ ആഗ്രഹിക്കുന്നില്ല. ഏതൊരു തീരുമാനം കൈക്കൊള്ളും മുന്‍പും കൃത്യമായി ആലോചിക്കും.

റിലേഷന്‍ഷിപ്പ് ബില്‍ഡര്‍

പുരുഷ കോര്‍പ്പറേറ്റുകളെക്കാള്‍ മികച്ച റിലേഷന്‍ഷിപ്പ് ബില്‍ഡര്‍മാരാണ് വനിതകള്‍. ബിസിനസ് വിജയത്തിനാവശ്യമായ ഒരു ബന്ധവും അവര്‍ അത്രപെട്ടെന്നൊന്നും അറുത്ത് മാറ്റില്ല. മാത്രമല്ല ബിസിനസ് രമഗവുമായി ബന്ധപ്പെട്ട് പരിചയപ്പെട്ട വ്യക്തികളുടെ കാര്യത്തില്‍ നല്ല ഓര്‍മശക്തിയും ഉണ്ടായിരിക്കും. ഒരിക്കല്‍ പരിചയപ്പെട്ടവരെ മറക്കുന്നില്ല എന്ന ഈ ഘടകം തന്നെയാണ് വനിത ബിസിനസ് സാരഥികളെ മികച്ച റിലേഷന്‍ഷിപ്പ് ബില്‍ഡര്‍മാരാക്കി മാറ്റുന്നത്. ഏതൊരു ബന്ധവും ആവശ്യാനുസരണം ബിസിനസ് ഡീലിലേക്ക് എത്തിക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ട്. മികച്ച ബന്ധങ്ങള്‍ സ്ഥാപിക്കുക എന്നത് ബിസിനസ് വിജയത്തിന് അനിവാര്യമായ ഘടകമാണ്.

പാഷനെ പിന്തുടരുക

ബിസിനസില്‍ വിജയം നേടിയിട്ടുള്ള വനിതകള്‍ എല്ലാവരും തന്നെ അവരവരുടെ പാഷനെ പിന്തുര്‍ന്നവരാണ്. ടെക്‌സ്‌റ്റൈല്‍ ഇന്‍ഡസ്ട്രിയോടുള്ള താല്പര്യമാണ് ഷീല കൊച്ചൗസേപ്പിനെ വി സ്റ്റാര്‍ ഗാര്‍മെന്റ്‌സിന്റെ ഉടമയാക്കിയത്. അത് പോലെ തന്നെ ഓരോ സംരംഭകക്കും അവരവരുടെ പാഷനുമായി ബന്ധപ്പെട്ട ഓരോ കഥകള്‍ പറയാനുണ്ടാകും. പാഷന്‍ ഇല്ലാതെ വെറുതെയൊരു ബിസിനസ് എന്ന സമീപനം ധനനഷ്ടമുണ്ടാക്കാന്‍ മാത്രമേ സഹായിക്കൂ. പാഷനെ പിന്തുടരാനുള്ള ശക്തി ഒരു വനിതയ്ക്ക് നല്‍കുന്നത് അവളുടെ ജീവിതപശ്ചാത്തലത്തില്‍ നിന്നാണ്.അതിനാല്‍ ജീവിതത്തില്‍ മനസ്സില്‍ തോന്നുന്ന ഇഷ്ടങ്ങളും അആഗ്രഹങ്ങളും ഒരിക്കലും മറച്ചു വാക്കാതിരുന്നാല്‍ തന്നെ മികച്ച വിജയം നേടുന്ന ഒരു സംരംഭത്തിന്റെ തലപ്പത്തേക്ക് ഒരു വനിതക്ക് എത്താനാകും. സംരംഭകരാകാന്‍ ഇറങ്ങി തിരിക്കുന്ന സ്ത്രീകള്‍ക്ക് പ്രചോദനവും പ്രോത്സാഹനവുമായി ഏറെ പേര്‍ ചുറ്റിലുമുണ്ടാവണമെന്നില്ല. അതിനാല്‍ ഇടക്ക് വച്ച് പിന്തിരിയാതെ ആര്‍ജവത്തോടെ മുന്നോട്ട് പോകുക. വെല്ലുവിളികളെ അവസരമാക്കി മാറ്റുന്നിടത്താണ് ഒരു സംരംഭകയുടെ യഥാര്‍ത്ഥ വിജയമിരിക്കുന്നത്.മറ്റുള്ളവരെന്തു വിചാരിക്കുമെന്ന് വിചാരിച്ചു നോക്കി നിന്നാല്‍ അവസരങ്ങള്‍ നഷ്ടപ്പെടുകയേ ഉള്ളൂ. അതിനാല്‍ അവസരം വരുമെന്ന് കരുതി കാത്തു നില്‍ക്കുന്നതില്‍ കാര്യമില്ല. സ്വയം അവസരം കണ്ടെത്തി മുന്നോട്ട് പോകുന്നിടത്താണ് കാര്യം.

Categories: FK Special, Slider