വാട്‌സ് ആപ്പ് ഉപയോഗത്തിന് നികുതി ഈടാക്കാന്‍ ലെബനന്‍ തീരുമാനിച്ചു, പ്രതിഷേധം ഭയന്ന് പിന്‍വാങ്ങി

വാട്‌സ് ആപ്പ് ഉപയോഗത്തിന് നികുതി ഈടാക്കാന്‍ ലെബനന്‍ തീരുമാനിച്ചു, പ്രതിഷേധം ഭയന്ന് പിന്‍വാങ്ങി

ബെയ്‌റൂട്ട്(ലെബനന്‍): മോശമായി കൊണ്ടിരിക്കുന്ന സാമ്പത്തികനില, സര്‍ക്കാരിന്റെ പുതിയ ചെലവു ചുരുക്കല്‍ നടപടി എന്നിവയ്‌ക്കെതിരേ പ്രതിഷേധിക്കാന്‍ ലെബനനിന്റെ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ആയിരങ്ങള്‍ നിരത്തിലിറങ്ങി. വ്യാഴാഴ്ച സര്‍ക്കാര്‍, ഓരോ വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോളിന്(വിഒഐപി) 20 സെന്റ്‌സ് നികുതി ഈടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വിഒഐപി എന്നത് വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, മറ്റ് ആപ്പ് എന്നിവയിലുള്ള ഫീച്ചറാണ്. ഇതും മൂല്യ വര്‍ധിത നികുതി ഉള്‍പ്പെടെയുള്ളവയും വര്‍ധിപ്പിക്കുമെന്ന് അറിയിച്ചതാണു സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. ഇത് ലെബനനിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ രോഷം ജനിപ്പിച്ചു.

വ്യാഴാഴ്ച രാത്രി നിരവധി പേര്‍ തെരുവിലിറങ്ങിയതോടെ വിഒഐപി നികുതി ഈടാക്കാനുള്ള തീരുമാനത്തില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയും ചെയ്തു. തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ സുരക്ഷാ സേനാംഗങ്ങളുമായി ഏറ്റുമുട്ടുകയുണ്ടായി. നിരവധി നിരത്തുകളില്‍ ടയറുകള്‍ക്ക് തീ കൊളുത്തി പ്രതിഷേധിക്കുകയും ചെയ്തു. ടയറും മറ്റ് വസ്തുക്കളും കത്തിച്ചതിനെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് രണ്ട് പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. 2015-ല്‍ അരങ്ങേറിയ പ്രതിഷേധത്തിനു ശേഷം ബെയ്‌റൂട്ട് സാക്ഷ്യം വഹിക്കുന്ന വലിയ പ്രക്ഷോഭമാണ് ഇപ്പോഴത്തേത്. വര്‍ധിച്ചു വരുന്ന പണപ്പെരുപ്പം, മന്ദീഭവിച്ച സാമ്പത്തിക വളര്‍ച്ച, കുതിച്ചുയരുന്ന കടം എന്നിവയില്‍ രാജ്യം അകപ്പെട്ടിരിക്കുകയാണ്. പതിവായ വൈദ്യുതി മുടക്കം ഉള്‍പ്പെടെയുള്ളവയാല്‍ പരിതാപകരമാണ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍. ഇതാകട്ടെ, ലെബനീസ് ജനതയുടെ ജീവിതനിലവാരം താഴേയ്ക്ക് കൊണ്ടു പോവുകയും ചെയ്തിരിക്കുന്നു. ലോകബാങ്കിന്റെ കണക്കനുസരിച്ച് ലെബനാനിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും ദാരിദ്ര്യരേഖയ്ക്ക് കീഴിലാണ് ജീവിക്കുന്നത്. ലെബനന്റെ നാണയമായ ലിറയും കടുത്ത സമ്മര്‍ദ്ദത്തിലാണ്.

Categories: Tech