ബാനര്‍ജിയുടെ നേട്ടങ്ങളില്‍ രാജ്യത്തിന് അഭിമാനം

ബാനര്‍ജിയുടെ നേട്ടങ്ങളില്‍ രാജ്യത്തിന് അഭിമാനം

ഇന്ത്യയെക്കുറിച്ചുള്ള അതുല്യമായ കാഴ്ചപ്പാട് പ്രധാനമന്ത്രി മോദി തന്നോട് പങ്കുവെച്ചെന്ന് അഭിജിത് ബാനര്‍ജി

ന്യൂഡെല്‍ഹി: മാനവ ശാക്തീകരണത്തിനായുള്ള അഭിജിത് ബാനര്‍ജിയുടെ ഉല്‍ക്കടമായ ആഗ്രഹം വ്യക്തമായി കാണാമെന്നും രാജ്യം അദ്ദേഹത്തിന്റെ നേട്ടങ്ങളില്‍ അഭിമാനിക്കുന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാനര്‍ജിയുമായി വിവിധ വിഷയങ്ങളില്‍ ആരോഗ്യകരവും ദീര്‍ഘവുമായ ചര്‍ച്ച നടന്നതായും അദ്ദേഹത്തിന്റെ ഭാവിക്ക് എല്ലാവിധ ആശംസകളും നേരുന്നതായും സ്വവസതിയില്‍ സാമ്പത്തിക നോബല്‍ സമ്മാന ജേതാവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കൊല്‍ക്കത്ത സ്വദേശിയായ ബാനര്‍ജി പുരസ്‌കാരലബ്ധിക്കുശേഷം ആദ്യമായാണ് മാതൃരാജ്യം സന്ദര്‍ശിക്കുന്നത്.

ഇന്ത്യയെക്കുറിച്ചുള്ള തന്റെ അതുല്യമായ കാഴ്ചപ്പാട് പ്രധാനമന്ത്രി മോദി തന്നോട് പങ്കുവെച്ചെന്ന് കൂടിക്കാഴ്ചക്ക് ശേഷം ബാനര്‍ജി പറഞ്ഞു. ‘കൂടുതല്‍ പ്രതികരണശേഷിയുള്ളതാക്കിക്കൊണ്ട് ഉദ്യോഗസ്ഥവൃന്ദത്തില്‍ വരുത്താനുദ്ദേശിക്കുന്ന പരിഷ്‌കാരത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ജനങ്ങളുടെ കാഴ്ചപ്പാടുകള്‍ കണക്കിലെടുക്കേണ്ടതിന്റെ പ്രാധാന്യവും വഴികളും മനസിലാക്കേണ്ടതിനെക്കുറിച്ച്…ഉദ്യോഗസ്ഥരെ താഴെ തട്ടിലുള്ള യാഥാര്‍ഥ്യത്തോട് കൂടുതല്‍ പരിചിതരാക്കേണ്ടതിനെക്കുറിച്ച്. ഇത് എന്നെ സംബന്ധിച്ച് അനുപമമായ അനുിഭവമായിരുന്നു,’ ബാനര്‍ജി പ്രതികരിച്ചു. നരേന്ദ്രമോദി ഗൂജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിനൊപ്പം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് മികച്ച അനുഭവമായിരുന്നുവെന്ന് നേരത്തെ ബാനര്‍ജി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Comments

comments

Categories: FK News