എംജി ഹെക്ടര്‍ സ്വന്തമാക്കി ഹേമ മാലിനി

എംജി ഹെക്ടര്‍ സ്വന്തമാക്കി ഹേമ മാലിനി

ഷാര്‍പ്പ് ഡീസല്‍ എന്ന ടോപ് വേരിയന്റാണ് വാങ്ങിയത്

ന്യൂഡെല്‍ഹി: നടിയും ലോക്‌സഭാംഗവുമായ ഹേമ മാലിനി എംജി ഹെക്ടര്‍ എസ്‌യുവി സ്വന്തമാക്കി. 71-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് എസ്‌യുവിയുടെ ഡെലിവറി സ്വീകരിച്ചത്. ‘ഷാര്‍പ്പ്’ ഡീസല്‍ എന്ന ടോപ് വേരിയന്റാണ് അവര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. 17.28 ലക്ഷം രൂപയാണ് ഈ വേരിയന്റിന് എക്‌സ് ഷോറൂം വില. ഉത്തര്‍പ്രദേശിലെ മഥുര മണ്ഡലത്തില്‍നിന്ന് ബിജെപി ടിക്കറ്റിലാണ് ഹേമ മാലിനി ലോക്‌സഭയിലേക്ക് വിജയിച്ചത്.

വിമാനത്താവളങ്ങളില്‍ പ്രദര്‍ശനത്തിന് വെച്ചിരുന്ന സമയത്താണ് എംജി മോട്ടോറിന്റെ ഇന്ത്യയിലെ ആദ്യ ഉല്‍പ്പന്നത്തെ ഹേമ മാലിനി ആദ്യമായി കാണുന്നത്. എംജി ഹെക്ടറിനോട് അന്നുതുടങ്ങിയ താല്‍പ്പര്യമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കിയത്. എളുപ്പത്തില്‍ കയറാനും ഇറങ്ങാനും ‘അല്‍പ്പം ഉയരമുള്ള’ കാറാണ് ആഗ്രഹിച്ചിരുന്നതെന്ന് ഹേമ മാലിനി പറയുന്നു. മെഴ്‌സേഡസ് ബെന്‍സ് എം-ക്ലാസ്, ഹ്യുണ്ടായ് സാന്റ ഫേ, ഔഡി ക്യു5, മെഴ്‌സേഡസ് ബെന്‍സ് ഇ-ക്ലാസ് തുടങ്ങിയ കാറുകള്‍ ഹേമ മാലിനി നേരത്തെ സ്വന്തമാക്കിയിരുന്നു.

ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി മോട്ടോര്‍ ഈ വര്‍ഷം ജൂണിലാണ് ഹെക്ടര്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നീ നാല് വേരിയന്റുകളില്‍ ലഭിക്കും. എസ്‌യുവിയുടെ 7 സീറ്റര്‍ പതിപ്പ് അടുത്ത വര്‍ഷം പുറത്തിറക്കാനാണ് പദ്ധതി. കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യകളുമായാണ് എംജി ഹെക്ടര്‍ എസ്‌യുവി വരുന്നത്. 10.4 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനിലൂടെ വാഹനത്തിന്റെ മുഴുവന്‍ സെറ്റിംഗ്‌സും കൈകാര്യം ചെയ്യാം. എം2എം എംബെഡ്ഡഡ് സിം മറ്റൊരു ഫീച്ചറാണ്.

ഫിയറ്റില്‍നിന്ന് വാങ്ങിയ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 168 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ചു. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ 141 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് ഡിസിടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഇതേ 1.5 ലിറ്റര്‍ എന്‍ജിന്റെ കൂടെ 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കി ഹൈബ്രിഡ് വേരിയന്റും ലഭ്യമാണ്. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് കൂട്ട്.

Comments

comments

Categories: Auto