ചെന്നൈയില്‍ ഏഥര്‍ 450 ഡെലിവറി ആരംഭിച്ചു

ചെന്നൈയില്‍ ഏഥര്‍ 450 ഡെലിവറി ആരംഭിച്ചു

സ്‌കൂട്ടറിന്റെ കൂടെ ഏഥര്‍ ഡോട്ട് എന്ന പുതിയ ഹോം ചാര്‍ജറും നല്‍കും

ന്യൂഡെല്‍ഹി: ഏഥര്‍ 450 ഇലക്ട്രിക് സ്‌കൂട്ടര്‍ ചെന്നൈയില്‍ ഉപയോക്താക്കള്‍ക്ക് കൈമാറിത്തുടങ്ങി. ഈയാഴ്ച്ച നൂറോളം സ്‌കൂട്ടറുകള്‍ ഡെലിവറി ചെയ്യും. സ്‌കൂട്ടറുകളുടെ കൂടെ ഏഥര്‍ ഡോട്ട് എന്ന പുതിയ കോംപാക്റ്റ് ഹോം ചാര്‍ജറും നല്‍കും. ചെന്നൈയിലെ ഉപയോക്താക്കള്‍ക്കായി ഈ വര്‍ഷം ജൂലൈയില്‍ പ്രീ-ഓര്‍ഡര്‍ സ്വീകരിച്ചുതുടങ്ങിയിരുന്നു. ഈ വര്‍ഷം ഡിസംബര്‍ വരെയുള്ള പ്രീ-ഓര്‍ഡര്‍ ഇതിനകം ലഭിച്ചു.

ബെംഗളൂരുവിലും ചെന്നൈയിലും അതിവേഗ ചാര്‍ജിംഗ് സൗകര്യം ഒരുക്കുന്നതിന് നിക്ഷേപം നടത്തിവരികയാണ് ഏഥര്‍ എനര്‍ജി. നിലവില്‍ ചെന്നൈയില്‍ പത്ത് അതിവേഗ ചാര്‍ജിംഗ് കേന്ദ്രങ്ങളുണ്ട്. വരും മാസങ്ങളില്‍ എണ്ണം വര്‍ധിപ്പിക്കും. പൊതു ഇടങ്ങളില്‍ നിരവധി അതിവേഗ ചാര്‍ജറുകള്‍ സ്ഥാപിക്കുന്നതോടെ, ഡിസംബറോടെ വീടുകളിലും നഗരത്തില്‍ എല്ലായിടത്തും സൗജന്യമായി ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും.

മണിക്കൂറില്‍ 80 കിലോമീറ്ററാണ് ഏഥര്‍ 450 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഏറ്റവും ഉയര്‍ന്ന വേഗത. ഇക്കോ മോഡില്‍ 60 കിലോമീറ്ററും സാധാരണ മോഡില്‍ 50 കിലോമീറ്ററും സഞ്ചരിക്കാം. ഏഥര്‍ 340 എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ഈയിടെ നിര്‍ത്തിയിരുന്നു. രണ്ട് മോഡലുകളില്‍ 99 ശതമാനം ഓര്‍ഡറും നേടുന്നത് ഏഥര്‍ 450 എന്ന ഉയര്‍ന്ന വിലയുള്ള ഫഌഗ്ഷിപ്പ് മോഡലാണെന്ന് കണ്ടതോടെയാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

കമ്പനി വെബ്‌സൈറ്റിലോ ‘ഏഥര്‍ സ്‌പേസിലോ’ ഉപയോക്താക്കള്‍ക്ക് ഓര്‍ഡര്‍ നടത്താന്‍ കഴിയും. ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്നതിന് പകരം വാടകയ്ക്ക് (ലീസ്) എടുക്കുന്നതിനും ഓപ്ഷനുകള്‍ ഉണ്ട്. ഹൈദരാബാദ്, പുണെ, ഡെല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് ഏഥര്‍ 450 ഇലക്ട്രിക് സ്‌കൂട്ടര്‍ അടുത്തതായി അവതരിപ്പിക്കുന്നത്.

Comments

comments

Categories: Auto
Tags: Ather 450