അമേരിക്കന്‍ സൈന്യവും ജനറല്‍ മോട്ടോഴ്‌സും സഹകരിക്കും

അമേരിക്കന്‍ സൈന്യവും ജനറല്‍ മോട്ടോഴ്‌സും സഹകരിക്കും

വാഹനങ്ങളുടെ സൈബര്‍ സുരക്ഷ സംബന്ധിച്ച് ഇതാദ്യമായാണ് ജിവിഎസ്‌സിയും ഒരു പൂര്‍ണസമയ വാഹന നിര്‍മാണ കമ്പനിയും പങ്കാളിത്തം സ്ഥാപിക്കുന്നത്

ന്യൂയോര്‍ക്ക്: യുഎസ് കരസേനയുടെ സിസിഡിസി ഗ്രൗണ്ട് വെഹിക്കിള്‍ സിസ്റ്റംസ് സെന്ററും (ജിവിഎസ്‌സി) ജനറല്‍ മോട്ടോഴ്‌സും പുതിയ കരാര്‍ പ്രഖ്യാപിച്ചു. വാഹനങ്ങളുടെ സൈബര്‍ സുരക്ഷ സംബന്ധിച്ച ജനറല്‍ മോട്ടോഴ്‌സിന്റെയും സൈന്യത്തിന്റെയും വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അടുത്ത രണ്ട് വര്‍ഷം ഇരുവരും സഹകരിച്ച് പ്രവര്‍ത്തിക്കുകയും ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും.

വാഹനങ്ങളുടെ സൈബര്‍ സുരക്ഷ സംബന്ധിച്ച് ഇതാദ്യമായാണ് ജിവിഎസ്‌സിയും ഒരു പൂര്‍ണസമയ വാഹന നിര്‍മാതാക്കളും പങ്കാളിത്തം സ്ഥാപിക്കുന്നത്. രണ്ട് സ്ഥാപനങ്ങളിലെയും സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മികച്ച കീഴ്‌വഴക്കങ്ങളും രീതിശാസ്ത്രങ്ങളും ഉപകരണങ്ങളും മറ്റും പങ്കിടും. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട അപകട സാധ്യതകള്‍ വിശകലനം ചെയ്യും. കൂടാതെ, രണ്ടുപേരും പ്രധാന കണ്ടെത്തലുകള്‍ സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എന്‍ജിനീയര്‍മാരുമായി (എസ്എഇ) പങ്കുവെയ്ക്കും.

വാഹന വ്യവസായത്തിലും സൈബര്‍ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ വര്‍ധിച്ചുവരികയാണെന്ന് ജനറല്‍ മോട്ടോഴ്‌സ് ചീഫ് പ്രൊഡക്റ്റ് സൈബര്‍ സെക്യൂരിറ്റി ഓഫീസര്‍ കെവിന്‍ ടിയേര്‍ണി പറഞ്ഞു. ഇക്കാര്യം ജനറല്‍ മോട്ടോഴ്‌സ് ഗൗരവമായി എടുക്കുകയാണെന്നും അതുകൊണ്ടാണ് യുഎസ് സൈന്യവുമായി പങ്കാളിത്തം സ്ഥാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Auto