2030 നുശേഷം ചണ്ഡീഗഢില്‍ ഇവി മാത്രം രജിസ്റ്റര്‍ ചെയ്യും ?

2030 നുശേഷം ചണ്ഡീഗഢില്‍ ഇവി മാത്രം രജിസ്റ്റര്‍ ചെയ്യും ?

ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വാഹന സാന്ദ്രതയുള്ള പ്രദേശമാണ് ചണ്ഡീഗഢ്

ന്യൂഡെല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ സംബന്ധിച്ച കരട് നയം തയ്യാറാക്കിയിരിക്കുകയാണ് കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢ്. കരട് നയത്തിലെ ഒരു നിര്‍ദേശമാണ് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. 2030 നുശേഷം നഗരത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചാല്‍ മതിയെന്നാണ് ഈ നിര്‍ദേശം. സംശുദ്ധ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഓടുന്ന ലോകത്തെ പ്രമുഖ നഗരമായി മാറാനാണ് ചണ്ഡീഗഢ് ആഗ്രഹിക്കുന്നത്. ഇവി നയം നടപ്പാക്കുന്നതിന്റെ ചുമതല ചണ്ഡീഗഢ് ഗതാഗത വകുപ്പിനായിരിക്കും.

2027 ഓടെ മുഴുവന്‍ പൊതു ബസ്സുകളും പൂര്‍ണ വൈദ്യത വാഹനങ്ങളായിരിക്കണമെന്നും 2025 ഓടെ എല്ലാ സര്‍ക്കാര്‍ വാഹനങ്ങളും പൂര്‍ണ വൈദ്യുതമാകണമെന്നും കരട് ഇവി നയത്തിലെ മറ്റ് നിര്‍ദേശങ്ങളാണ്. 2030 ഓടെ റിക്ഷകള്‍, കോര്‍പ്പറേറ്റ് ഫഌറ്റുകള്‍, കാബുകള്‍, സ്‌കൂള്‍ ബസ്സുകള്‍/വാനുകള്‍ എന്നിവയും പൂര്‍ണ വൈദ്യുത വാഹനങ്ങളാകണം. 2030 ഓടെ പൊതുയിടങ്ങളില്‍ ആയിരം ഇവി ചാര്‍ജറുകള്‍ സ്ഥാപിക്കുന്നതിനും കരട് ഇവി നയം വ്യവസ്ഥ ചെയ്യുന്നു. ഈ ലക്ഷ്യങ്ങള്‍ കൂടാതെ, ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ശുപാര്‍ശയാണ്. ഇവി ചാര്‍ജിംഗ് സംബന്ധിച്ചും ആനുകൂല്യങ്ങളും സഹായങ്ങളും ലഭിക്കും.

ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വാഹന സാന്ദ്രതയുള്ള പ്രദേശമാണ് ചണ്ഡീഗഢ്. ഏതാണ്ട് 12 ലക്ഷം വാഹനങ്ങളാണ് ചണ്ഡീഗഢ് നിരത്തുകളിലൂടെ ഓടുന്നത്. ഇത്രയും വാഹനങ്ങള്‍ വരുത്തിവെയ്ക്കുന്ന വായു മലിനീകരണം വളരെ വലുതാണ്. 40 ഇലക്ട്രിക് ബസ്സുകള്‍ വാങ്ങുന്നതിനും ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനും ചണ്ഡീഗഢ് ഇതിനുമുമ്പ് ടെന്‍ഡര്‍ വിളിച്ചിരുന്നു. നഗര വികസന മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് സിറ്റി ദൗത്യമനുസരിച്ച് സ്മാര്‍ട്ട് സിറ്റിയായി മാറാനൊരുങ്ങുകയാണ് ചണ്ഡീഗഢ്.

Comments

comments

Categories: Auto
Tags: EV