ഇന്ത്യയില്‍ യൂട്ടിലിറ്റി വാഹനങ്ങള്‍ ഹാച്ച്ബാക്കുകളെ മറികടക്കും

ഇന്ത്യയില്‍ യൂട്ടിലിറ്റി വാഹനങ്ങള്‍ ഹാച്ച്ബാക്കുകളെ മറികടക്കും

അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പന നടക്കുന്ന വാഹന വിഭാഗമായി യൂട്ടിലിറ്റി വാഹന സെഗ്‌മെന്റ് മാറും

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പന നടക്കുന്ന വാഹന വിഭാഗമായി യൂട്ടിലിറ്റി വാഹന (യുവി) സെഗ്‌മെന്റ് മാറിയേക്കും. അതായത് യൂട്ടിലിറ്റി വാഹനങ്ങള്‍ വില്‍പ്പനയില്‍ ഹാച്ച്ബാക്കുകളെ മറികടക്കും. നിലവിലെ വില്‍പ്പന പ്രവണതകള്‍ ഇതാണ് വ്യക്തമാക്കുന്നത്. കൂടുതല്‍ സ്ഥലസൗകര്യം ലഭിക്കുന്നതും സുരക്ഷിതവുമായ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനങ്ങള്‍ക്കാണ് ഇന്ത്യക്കാര്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍, യാത്രാ വാഹനങ്ങളുടെ ആകെ വില്‍പ്പനയില്‍ നാല്‍പ്പത് ശതമാനവും വിറ്റുപോയത് യൂട്ടിലിറ്റി വാഹനങ്ങളാണ്. ഹാച്ച്ബാക്കുകളേക്കാള്‍ അഞ്ച് ശതമാനം മാത്രം കുറവ്. കിയ സെല്‍റ്റോസ്, ഹ്യുണ്ടായ് വെന്യൂ, എംജി ഹെക്ടര്‍, മാരുതി സുസുകി എക്‌സ്എല്‍6 തുടങ്ങിയ പുതിയ എസ്‌യുവികളാണ് മികച്ച വില്‍പ്പനയ്ക്കു കാരണമായത്. ഒരു പതിറ്റാണ്ട് മുമ്പ് ഹാച്ച്ബാക്ക് എന്ന ചെറു കാറുകളുടെ വിപണി വിഹിതം 60-70 ശതമാനമായിരുന്നു. ഹാച്ച്ബാക്ക്, യുവി സെഗ്‌മെന്റുകള്‍ തമ്മിലുള്ള അന്തരം ഈ വര്‍ഷം അവസാനത്തോടെ രണ്ട് ശതമാനമായി കുറയുമെന്ന് വിപണി പ്രവചന സ്ഥാപനമായ ഐഎച്ച്എസ് മാര്‍ക്കിറ്റ് പറയുന്നു. അതായത് പാസഞ്ചര്‍ വാഹന വിപണിയുടെ 38 ശതമാനം യൂട്ടിലിറ്റി വാഹനങ്ങളും 40 ശതമാനം ഹാച്ച്ബാക്കുകളും കയ്യടക്കും.

2020 ല്‍ യൂട്ടിലിറ്റി വാഹനങ്ങള്‍ ഹാച്ച്ബാക്കുകളെ മറികടന്നേക്കാം. ചെറിയ നഗരങ്ങളിലെയും പട്ടണങ്ങളിലെയും ഇന്ത്യക്കാര്‍ ഇപ്പോഴും കൂടുതല്‍ ഹാച്ച്ബാക്കുകളും കോംപാക്റ്റ് സെഡാനുകളും വാങ്ങുന്നുണ്ട്. എന്നാല്‍ വലിയ നഗരങ്ങളിലെ ഉപയോക്താക്കള്‍ കാറുകള്‍ക്ക് പകരം എല്ലാ വലുപ്പത്തിലുമുള്ള എസ്‌യുവികളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഈ എസ്‌യുവികള്‍ സുരക്ഷിതവും ആധുനികവുമാണെന്ന് മാത്രമല്ല, നൂതന സാങ്കേതികവിദ്യകള്‍ ലഭിച്ചവയുമാണ്. യൂട്ടിലിറ്റി വാഹന സെഗ്‌മെന്റില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ തിരക്കുകൂട്ടുകയാണ് വാഹന നിര്‍മാതാക്കള്‍. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വിപണിയിലെത്തുന്ന പുതിയ കാര്‍ മോഡലുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. അതേസമയം എസ്‌യുവി സെഗ്‌മെന്റില്‍ പുതിയ മോഡലുകളുടെ എണ്ണം വളരെയധികം വര്‍ധിച്ചു. 2016 സാമ്പത്തിക വര്‍ഷത്തിനുശേഷം നടന്ന പുതിയ വിപണി അവതരണങ്ങളുടെ 40 ശതമാനവും എസ്‌യുവികളായിരുന്നു.

അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ ഏറ്റവും കുറഞ്ഞത് മൂന്ന് ഡസന്‍ യൂട്ടിലിറ്റി വാഹനങ്ങളാണ് നിരത്തുകളിലെത്തുന്നത്. പുതിയ ഹാച്ച്ബാക്കുകളുടെ എണ്ണം ഇവയുടെ മൂന്നിലൊന്ന് മാത്രമായിരിക്കാം. ഹാച്ച്ബാക്കുകള്‍ പ്രധാനമായും വിപണിയിലെത്തിക്കുന്നത് മാരുതി സുസുകി ആയിരിക്കും. ചെറു കാറുകളാണ് ഇപ്പോഴും മാരുതി സുസുകിയുടെ ഉപജീവന മാര്‍ഗം. ചൈനീസ് വാഹന നിര്‍മാതാക്കളായ സായ്ക്കിന് (എസ്എഐസി) കീഴിലുള്ള എംജി മോട്ടോര്‍, ദക്ഷിണ കൊറിയന്‍ കമ്പനിയായ കിയ മോട്ടോഴ്‌സ് എന്നിവ മൂന്ന് വര്‍ഷത്തിനുള്ളില്‍ നാല് യൂട്ടിലിറ്റി വാഹനങ്ങള്‍ വിപണിയിലെത്തിക്കും. ഇതേ കാലയളവില്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായ് മോട്ടോര്‍ എന്നിവ രണ്ടോ മൂന്നോ യൂട്ടിലിറ്റി വാഹനങ്ങള്‍ പുറത്തിറക്കിയേക്കും.

കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഇന്ത്യക്കാരുടെ മുന്‍ഗണന എസ്‌യുവികളിലേക്ക് മാറിത്തുടങ്ങിയത്. യൂട്ടിലിറ്റി വാഹന സെഗ്‌മെന്റ് സ്വന്തം വിപണി വിഹിതം ക്രമാനുഗതമായി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ യാത്രാ വാഹന വിപണിയിലെ യൂട്ടിലിറ്റി വാഹനങ്ങളുടെ വിപണി വിഹിതം ശരാശരി 31-32 ശതമാനമാണ്. വിപണിയില്‍ വര്‍ധിച്ചുവരുന്ന എസ്‌യുവി ആവശ്യകത മനസ്സിലാക്കിയ വാഹന നിര്‍മാതാക്കള്‍ എസ്‌യുവിയുടേതുപോലുള്ള ചെറു കാറുകള്‍ കൊണ്ടുവരാന്‍ നിര്‍ബന്ധിതരായി. റെനോ ക്വിഡ്, മാരുതി സുസുകി എസ്-പ്രെസോ എന്നിവ ഉദാഹരണങ്ങളാണ്. 5-7 ലക്ഷം രൂപ വില വരുന്ന നിരവധി ചെറിയ, മൈക്രോ എസ്‌യുവികളാണ് വിപണിയിലെത്താന്‍ തയ്യാറായിരിക്കുന്നത്. ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്‌സ്, റെനോ, നിസാന്‍, പിഎസ്എ എന്നിവരുടേതാണ് ഈ എസ്‌യുവികള്‍.

അടുത്ത 5-7 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഹാച്ച്ബാക്കുകളുടെ വിപണി വിഹിതം 30-35 ശതമാനമായി കുറയുമെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റ് പ്രവചിക്കുന്നു. ബാക്കി വിഹിതത്തില്‍ ഭൂരിഭാഗവും യൂട്ടിലിറ്റി വാഹനങ്ങള്‍ കയ്യടക്കും. ഇന്ത്യയിലെ എസ്‌യുവി വ്യാപനം ഇപ്പോഴും വളരെ പതുക്കെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, വളര്‍ച്ചാ സാധ്യതകള്‍ വളരെയധികമാണ്. താങ്ങാവുന്ന വിലയില്‍ കൂടുതല്‍ എസ്‌യുവികള്‍ കൊണ്ടുവരികയെന്നതായിരിക്കും വാഹന നിര്‍മാതാക്കളുടെ മുന്നിലുള്ള വെല്ലുവിളി. പുതിയ മോഡലുകള്‍ വരുന്നതോടെ രണ്ടുമൂന്ന് വര്‍ഷത്തിനുള്ളില്‍ എസ്‌യുവികളുടെ വിപണി വിഹിതം 50 ശതമാനത്തോളം എത്തിയേക്കാമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ വില്‍പ്പന വിഭാഗം മേധാവി വികാസ് ജെയ്ന്‍ പറഞ്ഞു. ഇന്ത്യയില്‍ എന്‍ട്രി ലെവല്‍ കാറുകള്‍ക്ക് ആകര്‍ഷക ബദലായി ചെറിയ എസ്‌യുവികള്‍ ഉയര്‍ന്നുവരികയാണ്. ബേബി എസ്‌യുവികളുടെ ഒന്നാന്തരം വിപണിയായി ഇന്ത്യ മാറുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ വരും വര്‍ഷങ്ങളില്‍ യൂട്ടിലിറ്റി വാഹനങ്ങളുടെ വിപണി വിഹിതം യുഎസ്സിലേതുപോലെ അമ്പത് ശതമാനത്തോളമാകും.

Comments

comments

Categories: Auto